12:56am 03 June 2026
NEWS
പോലീസുകാർ നടത്തിയ പെൺവാണിഭകേന്ദ്രം: മലാപ്പറമ്പ് സെ ക്‌സ് റാക്കറ്റിന്റെ പിന്നാമ്പുറങ്ങൾ
11/07/2025  06:39 PM IST
പ്രദീപ് ഉഷസ്സ്
പോലീസുകാർ നടത്തിയ  പെൺവാണിഭകേന്ദ്രം: മലാപ്പറമ്പ് സെ ക്‌സ് റാക്കറ്റിന്റെ പിന്നാമ്പുറങ്ങൾ

കോഴിക്കോട്ടെ, മലാപ്പറമ്പ് പെൺവാണിഭക്കേസിൽ ഒളിവിൽപ്പോയ രണ്ട് പോലീസുകാരെ കൂടി പിടികൂടിയതോടെ, കോഴിക്കോട് കേന്ദ്രീകരിച്ച് നടന്ന പെൺവാണിഭ സംഘത്തിന്റെ അണിയറകൾ കൂടിയാണ് വ്യക്തമാകുന്നത്. കോഴിക്കോട് സിറ്റി പോലീസ് കൺട്രോൾ റൂമീലെ പോലീസ് ഡ്രൈവർമാരായ പെരുമണ്ണ കുന്നുമ്മൽ ഹൗസിൽ കെ. ഷൈജിത്ത്(42), കുന്ദമംഗലം പടനിലം ഹൗസിൽ കെ. സനിത്ത്(45) എന്നിവരെയാണ് പോലീസ് സംഘം പിടികൂടിയത്. താമരശ്ശേരി കോരങ്ങാട് മൂന്നാം തോടിലെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് വീട് വളഞ്ഞ് പോലീസ് സംഘം ഇവരെ പിടികൂടിയത്.

കോഴിക്കോട് മലാപ്പറമ്പിലെ അപ്പാർട്ട്‌മെന്റ് കേന്ദ്രീകരിച്ച് നടത്തിയിരുന്ന സെക്‌സ് റാക്കറ്റിലെ പ്രധാനികളാണ് ഈ പോലീസുകാരെന്ന് വ്യക്തമാവുകയും, കേസിൽ ഇവരെ പ്രതി ചേർക്കുകയും ചെയ്തതോടെ, ഇരുവരേയും സർവ്വീസിൽ നിന്നും സസ്‌പെന്റ് ചെയ്തിരുന്നു. ഇതോടെ ഇവർ പിടികൊടുക്കാതെ ഒളിവിൽപ്പോയി. ഇവരുമായി ബന്ധമുള്ള ചിലരുടെ ഫോൺകോളുകൾ പിന്തുടർന്നാണ് പോലീസ് സംഘം വിദഗ്ദ്ധമായി ഇവരെ പിടികൂടിയത്.

വയനാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരും തിരിച്ചുവരുന്നതായി അന്വേഷണസംഘം മനസ്സിലാക്കി. പെൺവാണിഭക്കേസിലെ ഒന്നാം പ്രതി വയനാട് ഇരുളത്തെ ബിന്ദുവിന്റെ ഭർത്താവിന്റെ പേരിലുള്ള കാറിലാണ് ഇവർ സഞ്ചരിച്ചതെന്നു മനസ്സിലാക്കിയ പോലീസ് ആവിധത്തിൽ ഇരുവരേയും നിരീക്ഷിച്ചുവരികയായിരുന്നു.

താമരശ്ശേരി കോരങ്ങാട് മൂന്നാം തോട്ടിലെ വീട്ടിൽ ഒളിവിൽ കഴിയവെയാണ് വീട് വളഞ്ഞ് പോലീസ് സംഘം ഇരുവരേയും പിടികൂടിയത്. പോലീസ് സംഘം പുലർച്ചെ മൂന്നരയോടെ വാതിൽ തുറന്ന് അകത്തേയ്ക്ക് കടക്കുമ്പോൾ, വീടിന്റെ മുകൾനിലയിൽ കിടന്നുറങ്ങുകയായിരുന്നു സനിത്തും, ഷൈജിത്തും. കോരങ്ങാട് മൂന്നാം തോട്ടിലെ വീട്ടിൽ രഹസ്യമായി കഴിയുന്ന തങ്ങളെത്തേടി പോലീസ് സംഘം എത്തുമെന്ന് ഇരുവരും കരുതിയിരുന്നതേയില്ല. പോലീസ് ഇൻസ്‌പെക്ടർ പ്രജീഷിന്റെ നേതൃത്വത്തിൽ ഉള്ള 15 അംഗ സംഘമാണ് ഇവരെ പിടികൂടിയത്.
അന്വേഷണസംഘത്തിൽ എസ്.ഐ. എൻ. ലീല, എ.എസ്.ഐ മാരായ ഷാജി, ഷാലു, അബ്ദുറഹ്മാൻ, സീനിയർ സി.പി.ഒ അബ്ദുൾ സമദ്, അനീഷ്, ഹാദിൽ കുന്നുമ്മൽ, രാഗേഷ്, ജിനീഷ്‌കുമാർ, ഷഫീർ പെരുമണ്ണ, ദിപിൻ, ഷാഫി, സുജിത്ത്, സനൂപ്, സി.പി.ഒമാരായ സന്ദീപ്, എച്ച്.ജി, പ്രദീപൻ എന്നിവരാണ് ഉണ്ടായിരുന്നത്.

ഇമ്മോറൽ ട്രാഫിക്ക് പ്രിവൻഷൻ ആക്ടിലെ മൂന്ന് മുതൽ ഏഴുവരെയുള്ള സെക്ഷൻ പ്രകാരമുള്ള കുറ്റങ്ങളാണ് ഷൈജിത്തിന്റേയും, സനിത്തിന്റേയും പേരിൽ ചുമത്തിയിട്ടുള്ളത്. കോടതിയിൽ ഹാജരാക്കിയ രണ്ടുപേർക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.
സെക്‌സ് റാക്കറ്റിന്റെ നടത്തിപ്പുകാരിയുൾപ്പെടെ ആറ് സ്ത്രീകളേയും, മൂന്ന് പുരുഷൻമാരേയുമാണ് ഇതിനുമുമ്പ് അറസ്റ്റ് ചെയ്തത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവൻ തിരുത്തി സ്വദേശി ഉപേഷ് എന്നിവരുടെ നിയന്ത്രണത്തിലാണ് കേന്ദ്രം പ്രവർത്തിച്ചുവന്നത്. പിടിയിലായ ചേലേമ്പ്ര സ്വദേശി ഷക്കീർ, തൃക്കലങ്ങോട് സ്വദേശി ഷഹാസ് എന്നിവർ ഇടപാടിന് എത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും, ബംഗളുരുവിൽ നിന്നുമായി നാല് സ്ത്രീകളേയും പിടികൂടിയിട്ടുണ്ട്.

അനാശാസ്യകേന്ദ്രത്തിൽ നിന്നും പോലീസ് പിടികൂടിയ ബിന്ദു അടക്കമുള്ള മൂന്നുപേരെ ചോദ്യം ചെയ്തതോടെയാണ് പെൺവാണിഭ സംഘത്തെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇടപാടിനെത്തിയ രണ്ടുപേരെക്കൂടി ഇവർക്കൊപ്പം ഇരുത്തി ഒരുമിച്ച് ചോദ്യം ചെയ്തതോടെ നടത്തിപ്പിൽ പോലീസുദ്യോഗസ്ഥർക്കുള്ള പങ്ക് കൂടി വ്യക്തമായി. സീനിയർ സി.പി.ഒ ഷൈജിത്ത്, സി.പി.ഒ സനിത്ത് എന്നിവരുടെ നിയന്ത്രണത്തിലാണ് പെൺവാണിഭകേന്ദ്രം പ്രവർത്തിച്ചുവന്നത്. ഇവർക്ക് പുറമെ മറ്റ് ചില പോലീസുകാർക്കുകൂടി ഇതിൽ പങ്കുണ്ടെന്ന സംശയവും ബലപ്പെടുകയാണ്. ഇത് കേന്ദ്രീകരിച്ചും അന്വേഷണങ്ങൾ നടന്നുവരികയാണ്.
ചെന്നൈ, കോയമ്പത്തൂർ, ബംഗളുരു എന്നിവിടങ്ങളിൽ നിന്നും, കേരളത്തിലെ ചില സ്ഥലങ്ങളിൽ നിന്നും യുവതികളെ എത്തിച്ചാണ് സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം. ഒരു ഇടപാടുകാരനിൽ നിന്നും 3500 രൂപയാണ് ഈടാക്കിയിരുന്നത്. യുവതികൾക്ക് ആയിരം രൂപ വീതമാണ് നൽകിയിരുന്നത്. ശരാശരി ഇരുപത്തിയഞ്ചോളം പേർ ഓരോ ദിവസവും ഇവിടെ എത്തിയിരുന്നതായാണ് പോലീസ് സംഘം കണ്ടെത്തിയിട്ടുള്ളത്.

വിശ്രമകേന്ദ്രത്തിന്റെ മറവിൽ പെൺവാണിഭം

അമനീഷ്‌കുമാർ എന്നയാളും, ഭാര്യയും ചേർന്നാണ് മലാപ്പറമ്പിലെ അപ്പാർട്ടുമെന്റ് വാടകയ്ക്ക് എടുത്തത്. പ്രതിമാസം 1.15 ലക്ഷം രൂപയായിരുന്നു വാടക. ബഹ്‌റൈൻ ഫുട്‌ബോൾ ക്ലബ്ബിന്റെ ഫിസിയോ എന്ന പേരിലാണ് ഇവർ കെട്ടിടം വാടകയ്ക്ക് എടുത്തത്. വാടക കൃത്യമായി ഉടമകളുടെ അക്കൗണ്ടിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഉടമകൾ മറ്റ് കാര്യങ്ങളോഒന്നും അന്വേഷിച്ചിരുന്നതേയില്ല. അപ്പാർട്ട്‌മെന്റ് വാടകയ്ക്ക് എടുത്തവർ വിദഗ്ദ്ധമായി പെൺവാണിഭ കേന്ദ്രം നടത്തിപ്പുകാർക്ക് മുറികൾ കൈമാറുകയായിരുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രം എന്നാണ് അപ്പാർട്ട്‌മെന്റിലെ മറ്റ് താമസക്കാരെ നടത്തിപ്പുകാർ ധരിപ്പിച്ചിരുന്നത്. അതുകൊണ്ടുതന്നെ ആദ്യമൊന്നും കെട്ടിടത്തിലെ മറ്റ് താമസക്കാർക്കോ, നാട്ടുകാർക്കോ സംശയങ്ങൾ ഒന്നും തോന്നിയിരുന്നില്ല. മലാപ്പറമ്പിലും, സമീപപ്രദേശങ്ങളിലുമായി സ്വകാര്യ ആശുപത്രികൾ ഉള്ളതിനാലും, രോഗികളുടെ കൂട്ടിരിപ്പുകാർ ഈ വിധത്തിൽ പലയിടങ്ങളിലും താമസിക്കുന്നതും സാധാരണയായതിനാലും, അപ്പാർട്ടുമെന്റിൽ ആളുകൾ മാറിമാറി വരുന്നതിൽ അസ്വാഭാവികത തോന്നിയിരുന്നതുമില്ല. എന്നാൽ അധികം വൈകാതെ ഇവിടുത്തെ പ്രവർത്തനരീതികളിൽ ദുരൂഹത ഉണ്ടെന്ന് മനസ്സിലാക്കിയ തദ്ദേശവാസികൾ അപ്പാർട്ട്‌മെന്റിനെ നിരീക്ഷിച്ചുവരികയായിരുന്നു. അവർ നൽകിയ വിവരങ്ങൾ പ്രകാരം പോലീസ് സംഘവും അതീവരഹസ്യമായി ഇവരുടെ നീക്കങ്ങൾ വീക്ഷിച്ചിരുന്നു. തദ്ദേശീയരുടെ ജാഗ്രത കൊണ്ടാണ് കോഴിക്കോട് നഗരത്തിനുള്ളിൽ അതീവരഹസ്യമായി പ്രവർത്തിച്ചുവന്നിരുന്ന ഈ പെൺവാണിഭ സംഘത്തെ പിടികൂടാൻ കഴിഞ്ഞത്.

ഒരു മാസത്തോളം പെൺവാണിഭ സംഘത്തെ നിരീക്ഷിച്ചതിനുശേഷമാണ് പോലീസ് റെയ്ഡിന് എത്തിയത്. പോലീസ് എത്തുമ്പോൾ യുവതികൾക്കൊപ്പം ഇടപാടിന് എത്തിയവരും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിൽ നിന്നും, ബംഗളുരുവിൽ നിന്നുമുള്ള യുവതികൾ ഉൾപ്പെട്ടതിനാൽ സെക്‌സ്  റാക്കറ്റിന്റെ അന്തർസംസ്ഥാന ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ വഴി ബിസിനസ്

ഓൺലൈൻ വഴിയുള്ള പരസ്യങ്ങൾ വഴിയാണ് നടത്തിപ്പുകാർ ഇവിടേക്ക് ഇടപാടുകാരെ എത്തിച്ചിരുന്നത്. 'സ്പാ'യുടെ പേരിൽ പരസ്യം നൽകിയും, വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ചും, സോഷ്യൽമീഡിയാസാധ്യതകൾ ഉപയോഗപ്പെടുത്തിയുമായിരുന്നു സെക്‌സ് റാക്കറ്റിന്റെ പ്രവർത്തനം.

സ്ഥിരം ഇടപാടുകാരെ ഉൾപ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിക്കും. പിന്നീട് ഇടപാടുകാർക്ക് പരിചയമുള്ളവരെ കൂടി ഉൾപ്പെടുത്തി ഗ്രൂപ്പ് വിപുലീകരിക്കും. ഇടപാടുകാർക്ക് വാട്‌സാപ്പിലൂടെ ലൊക്കേഷനും മറ്റ് വിവരങ്ങളും കൈമാറും. അപാർട്ട്‌മെന്റിലെത്തി, അവിടെയുള്ള കൗണ്ടറിൽ പണമടയ്ക്കണം, അതിനുശേഷം, യുവതികളെ തെരഞ്ഞെടുക്കാമെന്ന രീതിയിലായിരുന്നു ഇവരുടെ പ്രവർത്തനം. ആശുപത്രിയിൽ എത്തുന്നവരുടെ കൂട്ടിരിപ്പുകാരല്ലാത്ത, ദൂരദിക്കിൽ നിന്നുപോലും ആളുകൾ ഫ്‌ളാറ്റിലേക്ക് വരുന്നതും, പോകുന്നതും പതിവായതോടെയാണ് നാട്ടുകാർക്ക് സംശയമുണ്ടായതും, നിരീക്ഷിച്ചതിനുശേഷമവർ പോലീസിന് പരാതി നൽകിയതും.

വയനാട്ടിലെ ഇരുളം സ്വദേശിയായ ബിന്ദു ഇതിന് മുമ്പെ അനാശാസ്യകേന്ദ്രം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2020 ലാണ് ബിന്ദുവുമായി പോലീസുകാർ അടുപ്പം സ്ഥാപിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലായിരിക്കെ, ഒരു കേസുമായി ബന്ധപ്പെട്ടാണ് ബിന്ദുവുമായി ഇവർ പരിചയപ്പെട്ടത്. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസുകാരൻ വിജിലൻസിലേക്ക് എത്തിയതോടെയാണ് ബിന്ദുവിനെ ഉൾപ്പെടുത്തി രഹസ്യമായി പെൺവാണിഭ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തങ്ങളുടെ പരിചയത്തിൽ ഉള്ളവരിലെ വിശ്വസ്തരെ ഉൾപ്പെടുത്തി ഓൺലൈൻ ഗ്രൂപ്പുകൾ സജീവമാക്കിയത് ഈ പോലീസുകാരാണെന്ന് വ്യക്തമായിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരായ ഷൈജിത്തിനും, സനിത്തിനും വിപുലമായ വ്യക്തിബന്ധങ്ങളാണുള്ളത്. നഗരത്തിലെ പല ബിസിനസ്സുകാരുമായും അടുത്ത ബന്ധമാണ് ഇവർക്കുണ്ടായിരുന്നത്. ഇവരുടെ നിയമവിരുദ്ധമായ പല പ്രവർത്തനങ്ങൾക്കും സഹായങ്ങൾ നൽകിയിരുന്നതും ഇതേ പോലീസുദ്യോഗസ്ഥർ തന്നെയായിരുന്നു.

കോഴിക്കോട് നഗരത്തിലെ ശ്രദ്ധേയമായ ഇടമാണ് മലാപ്പറമ്പ്. ബൈപ്പാസിനോട് ചേർന്ന് ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളും, ആശുപത്രികളും മറ്റും പ്രവർത്തിക്കുന്ന ഇടം. ഇത്രയേറെ തിരക്കേറിയ ഒരിടത്ത് ഈവിധത്തിൽ ഒരു പെൺവാണിഭകേന്ദ്രം നടത്തിക്കൊണ്ട് പോകണമെങ്കിൽ നടത്തിപ്പുകാർക്ക് വലിയ പിടിപാടുകൾ വേണമെന്നത് ഉറപ്പാണ്. മാത്രവുമല്ല ചില പോലീസുകാരുടെ പിൻബലവും ഈ റാക്കറ്റിന് കിട്ടിയിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പലർക്കും കൃത്യമായ മാസപ്പടി നൽകിയിരുന്നതായും, പല പോലീസുകാരും ഇവിടുത്തെ സന്ദർശകരായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ച് പോലീസ് സംഘം രഹസ്യമായ അന്വേഷണങ്ങൾ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോടിന് പുറമെ, മറ്റ് ചില ജില്ലകളിൽ കൂടി ഈ റാക്കറ്റ് പ്രവർത്തിച്ചിരുന്നോ ഈ അന്വേഷണത്തിലുടെ വ്യക്തമാകും. ഈവിധത്തിൽ രഹസ്യാന്വേഷണം നടക്കുന്നുവെന്ന് അറിഞ്ഞതോടെ പല പോലീസുദ്യോഗസ്ഥരും പരിഭ്രാന്തിയിലുമാണ്.
രണ്ട് പോലീസുകാരുടെ നിയന്ത്രണത്തിലാണ് പെൺവാണിഭ സംഘം പ്രവർത്തിച്ചിരുന്നതെന്ന വിവരം, പോലീസ് സേനയ്ക്കാകെ തീരാകളങ്കമായിരിക്കുകയാണ്. നിയമസംവിധാനങ്ങളെ വെല്ലുവിളിച്ച് ഇവർക്ക് ഈവിധത്തിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആയിരുന്നുവെന്ന ആരോപണം ശക്തമായി ഉയർന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് പഴുതടച്ച അന്വേഷണം ഉണ്ടാകണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടികൾ ഉണ്ടാകണമെന്ന ആവശ്യമാണ് ഇതിനോടകം ശക്തമായി ഉയർന്നിട്ടുള്ളത്.

'ഓപ്പറേഷൻ ഹെയർപിൻ'

അനാശാസ്യകേന്ദ്രം നടത്തിപ്പിൽ ഉൾപ്പെട്ട രണ്ട് പോലീസുകാരെ പിടികൂടിയത് അന്വേഷണസംഘത്തിന്റെ പതിനൊന്ന് ദിവസത്തെ കഠിനാദ്ധ്വാനം മൂലം. തങ്ങളുടെ പങ്ക് അന്വേഷണസംഘത്തിന് മനസ്സിലായി എന്ന് ബോധ്യമായ ഉടനെ ഇരുവരും ഒളിവിൽ പോവുകയായിരുന്നു.
പോലീസ് സേനയെ മുഴുവൻ നാണക്കേടിലാക്കിയ സംഭവത്തിൽ പ്രതികളെ എത്രയും വേഗം പിടികൂടണമെന്ന കർശനനിർദ്ദേശമാണ് ആഭ്യന്തരവകുപ്പ് നൽകിയത്. ഇതിനെ തുടർന്നാണ് പോലീസിന്റെ എല്ലാ അന്വേഷണ ഏജൻസികളേയും ഉൾപ്പെടുത്തി 'ഓപ്പറേഷൻ ഹെയർപിൻ' എന്ന പേരിൽ അന്വേഷണ സംഘം രൂപീകരിച്ചത്.

വയനാടൻ ചുരം കയറി ഇരുപോലീസുകാരും ഒളിവിൽ പോയി എന്ന സൂചന അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു. 'ഓപ്പറേഷൻ ഹെയർപിൻ' എന്ന് പേരിടാൻ ഇതാണ് കാരണം. പ്രതികളുടെ ബന്ധുക്കളേയും, സുഹൃത്തുക്കളേയും ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ സന്ദേശങ്ങൾ പരിശോധിക്കുകയും ചെയ്തതോടെയാണ് പ്രതികളുടെ താവളം പോലീസുദ്യോഗസ്ഥർ കണ്ടെത്തിയത്. താമരശ്ശേരി, കോരങ്ങാട്ട് മൂന്നാം തോട്ടിലെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ, പുലർച്ചെയോടെ വീട് വളഞ്ഞാണ് പിടികൂടിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img