11:59am 17 September 2025
NEWS
ഷാഫി പറമ്പിലിന്റെ 'ചങ്ക് ബ്രോ'യെ സതീശൻ വെടിവച്ചുവീഴ്ത്തിയതിന് പിന്നിൽ...
13/09/2025  03:19 PM IST
പി.ജയചന്ദ്രൻ
ഷാഫി പറമ്പിലിന്റെ ചങ്ക് ബ്രോയെ സതീശൻ വെടിവച്ചുവീഴ്ത്തിയതിന് പിന്നിൽ...
HIGHLIGHTS

 

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള വി.ഡി. സതീശന്റെ നിലപാടിൽ  കോൺഗ്രസിനുള്ളിൽ അമർഷം പുകയുന്നു

സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിലെ അവസാനവാക്കായി മാറുവാനുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ കരുനീക്കങ്ങൾ പൊതുതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്ന കോൺഗ്രസ് പാർട്ടിയെ ഒരിടവേളയ്ക്കുശേഷം വീണ്ടും വിഭാഗീയതയുടെ പാതയിലേക്ക് നയിക്കുകയാണെന്ന് കോൺഗ്രസ്സിലെ ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പ്രതിപക്ഷ നേതൃസ്ഥാനം കൈവന്നതിന്റെ തൊട്ടടുത്ത നാൾ മുതൽക്കുതന്നെ പാർട്ടി സംവിധാനത്തെയാകെ ഹൈജാക്ക് ചെയ്ത സതീശൻ തനിക്ക് ഭീഷണിയാകുന്നു എന്നും, ആകുമെന്നും കണ്ട നേതാക്കളെ ഒന്നൊന്നായി അരിഞ്ഞുവീഴ്ത്തുകയാണെന്നും ഇവർ പറയുന്നു. കെ. സുധാകരൻ എന്ന ശക്തനെപ്പോലും വരച്ചവരയിൽ നിർത്തുവാൻ കഴിഞ്ഞ സതീശൻ ഒടുവിൽ അദ്ദേഹത്തിന് പ്രസിഡന്റ് സ്ഥാനവും നഷ്ടപ്പെടുത്തി. ഉമ്മൻചാണ്ടിയേയും പി.ടി. തോമസിനേയും പോലെ ജനങ്ങൾ അകമഴിഞ്ഞു സ്‌നേഹിച്ച രണ്ട് നേതാക്കളുടെ മരണത്തോടെ ഒഴിവുവന്ന നിയമസഭാ സീറ്റുകളിൽ, പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനേയും തൃക്കാക്കരയിൽ പി.ടി. തോമസിന്റെ ഭാര്യ ഉമാതോമസിനേയും സഹതാപ വോട്ട് കണക്കാക്കിക്കൂടി സ്ഥാനാർത്ഥികളാക്കിയപ്പോൾ, രണ്ടിടത്തും കോൺഗ്രസ് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു എന്നത് വസ്തുതയാണ്. രണ്ടും കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായിരുന്നു എന്നുള്ളത് മാത്രമല്ല. ഭരണവിരുദ്ധവികാരവും ഭൂരിപക്ഷ വർദ്ധനയ്ക്ക് കാരണമായി. അതുതന്നെയാണ് പാലക്കാട്ടും സംഭവിച്ചത്. അവിടെ സഹതാപതരംഗമൊന്നും ഇല്ലായിരുന്നെങ്കിലും ഷാഫി പറമ്പിലിന്റെ ജനപിന്തുണയും ഭരണവിരുദ്ധ വികാരവുമാണ് രാഹുൽമാങ്കൂട്ടത്തിലിനെ നിയമസഭയിലെത്തിച്ചത്. എന്നാൽ അത് തന്റെ നേട്ടമാക്കി പ്രചരിപ്പിക്കുവാൻ സതീശന് കഴിഞ്ഞു. ആ പ്രചരണം അങ്ങ് ദൽഹിവരെ എത്തിയപ്പോൾ ഹൈക്കമാൻഡിന് മുന്നിലും വി.ഡി. സതീശൻ മിടുക്കനും കേമനുമായി.

ആ അവസരം മുതലാക്കിയാണ് തനിക്ക് താൽപ്പര്യമില്ലാത്ത കെ. സുധാകരനെ ഇന്ദിരാഭവനിൽ നിന്നും പടിയിറക്കി വിടുവാൻ സതീശൻ കരുക്കൾ നീക്കിയത്. പ്രായത്തിന്റേതായ അവശതകളുള്ള സുധാകരന് കേരളമാകെ സഞ്ചരിച്ച് പ്രവർത്തിക്കുവാൻ കഴിയുന്നില്ലെന്നും, ആ ഒരവസ്ഥയിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സുധാകരനെ പ്രസിഡന്റാക്കി വച്ചുകൊണ്ട് മുന്നോട്ടുപോകാൻ പറ്റില്ലെന്നും സതീശൻ ഹൈക്കമാൻഡിനെ ധരിപ്പിച്ചു. സുധാകരനെപ്പോലെ ഒരു മുതിർന്ന നേതാവിനെ അങ്ങനങ്ങു പറഞ്ഞുവിടുന്നതിനോട് ഹൈക്കമാൻഡിന് ഒട്ടും തന്നെ താൽപ്പര്യമില്ലായിരുന്നെങ്കിലും, സതീശൻ പക്ഷേ പിൻമാറുവാൻ തയ്യാറായിരുന്നില്ല. എന്നുമാത്രമല്ല, പത്തുദിവസത്തിനകം മാറ്റം നടന്നില്ലെങ്കിൽ താൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കുമെന്ന് ഹൈക്കമാൻഡിനെ ധരിപ്പിക്കുകയും ചെയ്തു. ആ ഒരു പശ്ചാത്തലത്തിലാണ്, ദൽഹിയിലെത്തി രാഹുൽഗാന്ധി ഉൾപ്പെടെയുള്ള കേന്ദ്രനേതാക്കളെയൊക്കെക്കണ്ട്, സന്തോഷമായി ചായ കുടിച്ച് യാത്ര പറഞ്ഞിറങ്ങിയ സുധാകരൻ തിരുവനന്തപുരത്ത് ഫ്‌ളൈറ്റ് ഇറങ്ങും മുൻപ് കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തുനിന്നും നിഷ്‌ക്കാസിതനായത്.

തുടർന്നുവന്നത് കണ്ണൂർ ഡി.സി.സി പ്രസിഡന്റായിരുന്ന സണ്ണി ജോസഫ് എം.എൽ.എയാണല്ലോ. പാർട്ടിയുടെ സംസ്ഥാന തലത്തിൽ പ്രവർത്തിക്കാത്ത ഒരു വ്യക്തി കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരുന്നത് അടുത്തകാലത്തൊന്നും നടന്നിട്ടില്ലാത്ത കാര്യമാണെങ്കിലും സതീശന്റെ അമിത താൽപ്പര്യം അതിന് വഴിതുറന്നു. കണ്ണൂരിലെ കോൺഗ്രസ് രാഷ്ട്രീയം സുധാകരന്റെ നിഴലായിരുന്ന സണ്ണിജോസഫിന്റെ പേര് സുധാകരൻ തലകുലുക്കി സമ്മതിക്കും എന്നുള്ള ഉറപ്പുള്ളതുകൊണ്ടുകൂടിയാണ് സതീശൻ ആ പേരും ഉയർത്തിപ്പിടിച്ചുവന്നത്. അങ്ങനെ ഏതായാലും സണ്ണിജോസഫ് കേരളാപ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷനായി. അതോടെ പാർട്ടിയുടെ നിയന്ത്രണം ഏതാണ്ട് പൂർണ്ണമായും സതീശനിൽ കേന്ദ്രീകൃതമായി. കെ.പി.സി.സി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി തീരുമാനങ്ങൾ എടുക്കുന്നതും, പ്രഖ്യാപിക്കുന്നതുമൊക്കെ സതീശനായി മാറി. പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്ക് മുൻപിൽ പറയുന്ന കാര്യങ്ങൾ അതിനുശേഷം മാത്രം ഏറ്റുപറയേണ്ട ചുമതലക്കാരനായി മാറി കെ.പി.സി.സി അദ്ധ്യക്ഷൻ.

പാലക്കാട്ടെ വിജയം ആദ്യം ‌മധുരിച്ചു പിന്നെ കയ്ച്ചു

അങ്ങനിരിക്കെയാണല്ലോ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ആര്യാടൻ ഷൗക്കത്ത് മത്സരിച്ച് വിജയിച്ചതും. അതോടെയാണ് ചിത്രം മാറിയത്. എം.എൽ.എ സ്ഥാനം രാജിവച്ച് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയ പി.വി. അൻവർ, അറയ്ക്കൽ ബീവിയെ കെട്ടാൻ അരസമ്മതം എന്നുപറയുംപോലെ, കോൺഗ്രസ് കാര്യമായൊന്നു വിളിച്ചാൽ കൂടെച്ചെല്ലാൻ തയ്യാറായിരുന്നെങ്കിലും സതീശന്റെ വാശി അതിനനുവദിച്ചില്ല. മുന്നണിയിലെ രണ്ടാം കക്ഷിയായ ലീഗുപോലും ഒരവസരത്തിൽ അൻവറിനെ സഹകരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സതീശൻ പിടിവാശി തുടർന്നു. കോൺഗ്രസിലും പലർക്കും അൻവറിനെ യു.ഡി.എഫിനോട് അടുപ്പിക്കുന്നതിൽ എതിർപ്പുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, താൽപ്പര്യമുണ്ടായിരുന്നുതാനും.

എന്നിട്ടും ആര്യാടൻ ഷൗക്കത്ത് നല്ല ഭൂരിപക്ഷത്തിൽ വിജയിച്ചു. അതുപക്ഷേ ഇടതുസർക്കാരിനെ ചിലത് ഓർമ്മിപ്പിക്കുവാനായി യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ നിഷ്‌ക്രിയരാവുകയോ വോട്ടുമാറി ചെയ്യുകയോ ചെയ്തതതുമൂലമുണ്ടായ ഇടതുപരാജയമാണെന്നാണ് രാഷ്ട്രീയനിരീക്ഷകർ കണക്കുകൂട്ടുന്നത്. ഒപ്പം ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസിലേയും യു.ഡി.എഫിലേയും യുവനേതൃനിരയുടെ തോൾ ചേർന്നുള്ള പ്രവർത്തനവും കാരണമായി. എന്നാൽ അതും തന്റെ അക്കൗണ്ടിൽ ചേർക്കുവാനാണ് വി.ഡി. സതീശൻ തയ്യാറായത്. അതേസമയം ഈ യുവനേതൃനിരയുടെ ജനങ്ങൾക്കിടയിലെ സ്വീകാര്യത സതീശനെ അസ്വസ്ഥനാക്കുകയും ചെയ്തിരുന്നു.

ആദ്യമൊക്കെ യുവാക്കളുടെ രക്ഷകൻ എന്ന നിലയിൽ ഷാഫി പറമ്പിലിനേയും രാഹുൽമാങ്കൂട്ടത്തേയുമൊക്കെ ചേർത്തുനിർത്തിയിരുന്ന സതീശന് പോകെപ്പോകെ പ്രത്യേകിച്ചും ഷാഫിപറമ്പിലിന്റെ വളർച്ച സഹിക്കാൻ കഴിഞ്ഞിരുന്നില്ല എന്നാണ് പാർട്ടിക്കുള്ളിലെ തന്നെ അടക്കം പറച്ചിലുകൾ. കോൺഗ്രസുകാർക്കിടയിൽ വലിയ നിലയിൽ സ്വീകാര്യത ആർജ്ജിക്കുവാൻ കഴിഞ്ഞ ഷാഫി പറമ്പിൽ മുസ്ലീം മനസ്സുകൾ കീഴടക്കിയതിൽ ലീഗിൽപോലും അസംതൃപ്തിയുണ്ട്. ലീഗ് നേതാക്കളെക്കാളും മുസ്ലീം സമുദായംഗങ്ങൾക്കിടയിൽ ആഴത്തിൽ വേരോട്ടം നടത്തുവാൻ കുറഞ്ഞകാലം കൊണ്ടുതന്നെ ഷാഫി പറമ്പിലിന് സാധിച്ചിട്ടുണ്ട്. അതൊന്നും തൽക്കാലം തനിക്കൊരു ഭീഷണിയല്ലെങ്കിലും എന്തുകൊണ്ടോ ഷാഫിയുടെ വളർച്ച സതീശനെ അലോസരപ്പെടുത്തുന്നു എന്നാണ് സതീശനുമായി അടുത്ത കേന്ദ്രങ്ങൾ നൽകുന്ന സൂചനകൾ.
ഈയൊരു പശ്ചാത്തലത്തിലാണ് ഷാഫിപറമ്പിലിന്റെ ചങ്കുബ്രോ ആയ രാഹുൽമാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ സതീശൻ സ്വീകരിച്ച കാർക്കശ്യവും തിടുക്കവും വിലയിരുത്തപ്പെടുന്നത്. തനിക്ക് മകളെപ്പോലുള്ള ഒരു പെൺകുട്ടി ഇത്തരത്തിൽ ചില ആരോപണങ്ങൾ ഉന്നയിച്ചപ്പോൾ ഏതൊരു പിതാവിനും ഉണ്ടാകുന്ന മാനസികാവസ്ഥയാണ് തനിക്കും ഉണ്ടായത് എന്നുപറഞ്ഞ സതീശൻ, ഒരു കാര്യം കൂടി പറഞ്ഞു. ആ പെൺകുട്ടി നേരത്തേയും പരാതി പറഞ്ഞിരുന്നു എന്ന്.

ഏതായാലും അത് കേട്ടതും വികാരവിക്ഷുബ്ധനായ സതീശനിലെ പിതാവ് കോപം കൊണ്ട് ജ്വലിച്ചു. പിന്നെ അധികം താമസിച്ചില്ല. രാഹുൽ മാങ്കൂട്ടത്തിലിന്റെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം തെറിച്ചു. പാർട്ടിയിൽ നിന്ന് സസ്‌പെൻഷനും ഉണ്ടായി. അതൊക്കെ കോൺഗ്രസ് പാർട്ടിയിൽ തുടർന്നുപോരുന്ന ധാർമ്മികതയ്ക്ക് തെളിവായിട്ടാണ് സതീശനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ആവർത്തിച്ചുപറയുന്നത്. അതുകേട്ട് വാപൊത്തി ചിരിക്കുന്നത് സി.പി.എമ്മുകാരോ ബി.ജെ.പിക്കാരോ അല്ല. കോൺഗ്രസുകാർ തന്നെയാണ്. ഉഭയകക്ഷി സമ്മതപ്രകാരമാണെങ്കിൽ പോലും ജനം കയ്യോടെ വീടുവളഞ്ഞ് പിടികൂടിയ പുരുഷ- വനിതാനേതാക്കൾക്കെതിരെ എന്ത് ധാർമ്മിക നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് ഈ കോൺഗ്രസുകാർ അടക്കം ചോദിക്കുന്നു. കാരണം, അവർ രാജാവിനെ ഭയക്കുന്നു. സ്വരം ഉയർന്നാൽ രാജാവിന്റെ അപ്രീതിക്ക് പാത്രീഭൂതനാകുമെന്നുള്ള ഭയം. അതുകൊണ്ടുമാത്രമാണ് രാഹുൽമാങ്കൂട്ടത്തിലിന്റെ കാര്യത്തിൽ വിരുദ്ധ നിലപാടുള്ളവർ പോലും നാവടക്കുന്നത്. മാങ്കൂട്ടത്തലിനോട് ഒരു വിശദീകരണം പോലും ചോദിക്കാതെ ഏകപക്ഷീയമായിട്ടാണ് നടപടി സ്വീകരിച്ചതെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫും, യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും, കെ. മുരളീധരനും എം.എം. ഹസ്സനുമൊക്കെ അത് ആ രീതിയിൽ തുറന്നുപറഞ്ഞില്ലെങ്കിലും, പറയാതെ പറഞ്ഞുവച്ചത് അതാണ്. അതുതന്നെയാണ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റേയും അഭിപ്രായം.

തെളിവുകളില്ല പക്ഷേ...

രാഹുലിനെതിരെ ആദ്യവെടി പൊട്ടിച്ച, വി.ഡി. സതീശന് പുത്രീസമയായ നടിയുൾപ്പെടെ ആരും രാഹുലിന്റെ പേരുപറയുകയോ, വ്യക്തമായ തെളിവുകൾ ഹാജരാക്കുകയോ ചെയ്തിട്ടില്ലെങ്കിലും കഥകൾ നിരവധിയാണ് പറഞ്ഞുകേൾക്കുന്നത്. അതിൽ പ്രധാനം പാർട്ടിയിലെ ഉന്നതനായ ഒരു നേതാവിന്റെ മകളുമായി ബന്ധപ്പെട്ടുള്ളതാണ്. ജാതിയിൽ രാഹുലിനേക്കാൾ താഴ്ന്ന വിഭാഗത്തിൽപ്പെട്ട ഈ നേതാവിന്റെ മകളുമായി രാഹുൽ പ്രണയത്തിലായിരുന്നുവെന്നും, അതേത്തുടർന്ന് പെൺകുട്ടി ഗർഭിണിയായി എന്നും, അത് അബോർഷന് വിധേയമാക്കി എന്നുമാണ് പറയപ്പെടുന്നത്. അതിനുശേഷം ഇതേ പെൺകുട്ടിയുമായുള്ള വിവാഹത്തിന് രാഹുൽ സമ്മതിച്ചില്ലെങ്കിലും പിന്നീട് പിൻമാറി എന്നും സംസാരമുണ്ട്. വി.ഡി. സതീശൻ ഉൾപ്പെടെ മധ്യസ്ഥം പറഞ്ഞ സംഭവത്തിൽ നിന്നുമാണ് രാഹുൽ കാലുമാറ്റം നടത്തിയത്. സതീശനെ ഏറ്റവും കുടുതൽ പ്രകോപിപ്പിച്ച സംഭവം അതാണെന്നും കേൾക്കുന്നു.

മറ്റൊന്ന് ചാനലിലെ പെൺകുട്ടിയാണ്. ഈ പെൺകുട്ടിയെ ബാംഗ്ലൂരിൽ കൊണ്ടുപോയി ഗർഭച്ഛിദ്രം നടത്തിയെന്നാണിയുന്നത്. ഒരു ഗൾഫുകാരന്റെ മകൾ, 21 വയസ്സ് പ്രായമുള്ള മകളുള്ള ഒരു വനിതാനേതാവ് തുടങ്ങി രാഹുൽമാങ്കൂട്ടത്തിൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച സ്ത്രീകളുടെ പട്ടിക തീരെ ചെറുതല്ലെന്നാണ് കേൾക്കുന്നത്. അവരാരും പക്ഷേ മാനഭയത്താൽ പരസ്യമായി രംഗത്തുവരാൻ തയ്യാറായിട്ടില്ലെങ്കിലും, എല്ലാവരുടേയും പരാതി സതീശന്റെ പക്കലുണ്ടത്രേ. ആ ധൈര്യത്തിലാണ് രാഹുലിനെതിരെ സതീശൻ വാളുയർത്തിയത്. വാളുയർത്തിയത് 

രാഹുലിനെതിരെയാണെങ്കിലും സതീശന്റെ യഥാർത്ഥ ലക്ഷ്യം ഷാഫി പറമ്പിൽ ആണെന്നണ് പാർട്ടിക്കുള്ളിലെ സംസാരം. കോൺഗ്രസ് രാഷ്ട്രീയത്തിലെ ഏറ്റവും ഗ്ലാമർ താരമായി സതീശൻ നിലനിൽക്കുമ്പോഴാണല്ലോ വടകര ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയവുമായി ഷാഫി കളം നിറയുന്നത്. പിന്നീടിങ്ങോട്ട് കോൺഗ്രസിലെ ക്രൗഡ് പുള്ളർ ഷാഫിയായി മാറി. അതിൽ അസ്വസ്ഥനായ സതീശൻ അവസരം വന്നപ്പോൾ ഷാഫിയുടെ ചങ്ക് ബ്രോയ്‌ക്കെതിരെയുള്ള നടപടിയിലൂടെ തൽക്കാലത്തേക്കെങ്കിലും ഷാഫിയെ നിശ്ശബ്ദനാക്കുകയായിരുന്നു.
അതെന്തായാലും രാഹുൽമാങ്കൂട്ടത്തിലിനെതിരെ, ഒരു നിർണ്ണായക വേളയിൽ പാർട്ടിയെക്കൊണ്ട് ഇത്രയും കടുത്ത ശിക്ഷാനടപടി സ്വീകരിപ്പിച്ച വി.ഡി. സതീശനോടുള്ള അമർഷം പാർട്ടിയിൽ നീറിക്കത്തുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img img