12:25pm 17 April 2026
NEWS
നൂർബിനാ റഷീദിന്റെ രാജിക്ക് പിന്നിൽ..
17/04/2026  10:45 AM IST
നെല്ലിക്കുത്ത് ഹനീഫ
നൂർബിനാ റഷീദിന്റെ  രാജിക്ക് പിന്നിൽ..
HIGHLIGHTS

പാർട്ടിക്കുള്ളിൽ കൃത്രിമ മതേതരത്വമെന്ന് ആരോപണം

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം മുസ്ലിംലീഗിൽ അപ്രതീക്ഷിതമായ നാടകീയതകൾ പലതും അരങ്ങേറി. നിലവിലെ എം.എൽ.എ എം.കെ മുനീറിന് സീറ്റ് നിഷേധിച്ചതും, തുടർന്ന് മുനീറിന്റെ വസതി കടബാധ്യത മൂലം ബാങ്ക് ജപ്തി ചെയ്യാൻ ഒരുങ്ങുകയാണെന്ന വാർത്ത മുഖ്യധാരാ മാധ്യമങ്ങളിലും, സോഷ്യൽ മീഡിയയിലും പ്രചരിച്ചതും, അതേത്തുടർന്ന് മുസ്ലിംലീഗ് നേതൃത്വം 49 ലക്ഷം രൂപ ബാങ്കിൽ അടവാക്കി ജപ്തി നടപടികൾ ഇല്ലാതാക്കിയതുമാണ് പാർട്ടിക്കുള്ളിലും, പുറത്തും വ്യാപകമായി ചർച്ച  ചെയ്യപ്പെട്ടത്. ഇതിനെ അനുകൂലിച്ചും, പ്രതികൂലിച്ചും സോഷ്യൽ മീഡിയായിൽ ധാരാളം പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു. മുനീറിന് സീറ്റ് നിഷേധിച്ചതിലുള്ള പ്രതിക്രിയ എന്ന മട്ടിലാണ് ബാങ്ക് ജപ്തി വിവരം പുറത്ത് ചർച്ച ചെയ്യപ്പെട്ടതെന്നും, പാർട്ടി ഇടപെട്ട് അതിന് പരിഹാരം കണ്ടെത്തിയതെന്നും പല കോണിൽ നിന്നും സംസാരമുണ്ടായി. അതിന്റെ അലയൊലികൾ തുടർന്ന് കൊണ്ടിരിക്കെയാണ്, പാർട്ടിക്കുള്ളിൽ വനിതാലീഗ് നേരിടുന്ന കടുത്ത അവഗണനയിൽ പ്രതിഷേധിച്ച് വനിതാലീഗ് ദേശീയ ജനറൽ സെക്രട്ടറിയായിരുന്ന അഡ്വ. നൂർബിന റഷീദ് തൽസ്ഥാനം രാജി വെച്ചത്. ഇത്തവണ മുസ്ലിംലീഗിന്റെ  സ്ഥാനാർത്ഥിപ്പട്ടികയിൽ  ജയന്തി രാജനും, ഫാത്തിമാ തഹ്‌ലിയായും ഉൾപ്പെട്ടത് പർട്ടിയിലും പൊതു സമൂഹത്തിലും പൊതുവെ മതിപ്പ് ഉളവാക്കിയിരുന്നു. സാധാരണക്കാരായ പ്രവർത്തകരുടെ  വികാരം ഉൾക്കൊണ്ട് ഈ തീരുമാനം കാലഘട്ടത്തിന്റെ അനിവാര്യതയായി വിശേഷിക്കപ്പടുകയും ചെയ്തിരുന്നു. എന്നാൽ ഈ തീരുമാനമാണ് ഇപ്പോൾ വനിതാലീഗിനെ ചൊടിപ്പിച്ചിരിക്കുന്നതും, നൂർബിനാ റഷീദിന്റെ രാജിയിലേക്കെത്തിയതും. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് നൂർബീന റഷീദ് നേരത്തെതന്നെ കലാപക്കൊടി ഉയർത്തിയിരുന്നു.  വനിതാ ലീഗിലെ എല്ലാ ഭാരവാഹിത്വങ്ങളും രാജിവെച്ച് കൊണ്ടാണ് അവരിപ്പോൾ പ്രതിഷേധിച്ചിട്ടുള്ളത്. ഇത് മുസ്ലിംലീഗിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. 

തിരൂരങ്ങാടി മണ്ഡലത്തിൽ മത്സരിക്കുന്ന പി.എം.എ സമീറിന് സീറ്റ് നൽകയതിൽ പ്രതിഷേധിച്ച് പാണക്കാട് സാദിക്കലി തങ്ങൾക്കും, കുഞ്ഞാലിക്കുട്ടിക്കുമെതിരെ മുസ്ലിംലീഗ് മുൻ എം.എൽ.എ അബ്ദുറഹ്മാൻ രണ്ടത്താണി പരസ്യമായി രംഗത്ത് വന്നതായിരുന്നു അപസ്വരങ്ങളുടെ തുടക്കം. കുഞ്ഞാലിക്കുട്ടിയുടെ അടുപ്പക്കാരനായ സമീറിന്  സീറ്റ് നൽകിയതിനെതിരെ സോഷ്യൽ മീഡിയയിലൂടെ അബ്ദുറഹ്മാൻ രണ്ടത്താണി അതിശക്തമായി പ്രതിഷേധിച്ചത് വൻ വിവാദമായി. അർഹതപ്പെട്ടവർ ഉണ്ടായിട്ടും, അവരെയെല്ലാം അവഗണിച്ച് സമീപ കാലത്ത് പ്രത്യക്ഷപ്പെട്ട പി.എം.എ സമീർ എന്ന ഒരാളെ  സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്നായിരുന്നു അബ്ദുറഹ്മാൻ രണ്ടത്താണി സോഷ്യൽ മീഡിയയിലൂടെ പരസ്യമായി തുറന്നടിച്ചത്. ഈ അവസരം മുതലെടുക്കാൻ സി.പി.എം ശ്രമം നടത്തിയെങ്കിലും അത് പാളുകയും ചെയ്തു. മങ്കട നിയോജക മണ്ഡലത്തിൽ നിലവിലെ എം.എൽ.എ മഞ്ഞളാംകുഴി അലിയെ സ്ഥാനാർത്ഥിയാക്കിയതിൽ മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് കുന്നത്ത് മുഹമ്മദിനെ മുസ്ലിംലീഗ് പുറത്താക്കിയതോടെ, മങ്കട മണ്ഡലത്തിൽ മഞ്ഞളാംകുഴി അലിക്കെതിരെ ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കുന്നതാണ് പിന്നീടുണ്ടായ ട്വിസ്റ്റ്. ഇവിടെ അതിശക്തമായ മത്സരമാണ് നടക്കുന്നത്.

നൂർബിന പറഞ്ഞത്

കോഴിക്കോട് വിളിച്ച് ചേർത്ത വാർത്താസമ്മേളനത്തിലാണ് രാജിക്കാര്യം നൂർബിനാ റഷീദ് വ്യക്തമാക്കിയത്. മുസ്ലിംലീഗ് നേതൃത്വത്തിനെതിരേയും, പേരാമ്പ്ര മണ്ഡലത്തിലെ സ്ഥാനാർത്ഥി ഫാത്തിമ തഹ്‌ലിയക്കെതിരേയും അതിരൂക്ഷ വിമർശനങ്ങളാണ് നൂർബിനാ റഷീദ് ആരോപിച്ചത്.  എന്നാൽ താൻ മുസ്ലിംലീഗിൽ തുടർന്ന് പ്രവർത്തിക്കുമെന്നും, മറ്റൊരു ഓഫറും മുന്നിൽ കണ്ടല്ല തന്റെ രാജിയെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ന വ്യക്തികൾ വരാൻ പാടില്ല എന്നതായിരുന്നു സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങളുടെ ആവശ്യം. ദേശീയ മുസ്ലിംലീഗ് കമ്മിറ്റി പുനഃസംഘടിപ്പിച്ചപ്പോൾ രണ്ട് വനിതകളെ ദേശീയ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു. 35 കൊല്ലം കേരള മണ്ണിൽ പണിയെടുത്ത് പാർട്ടിയെ വളർത്തിയ അംഗത്വത്തിന്റെ അടിസ്ഥാനത്തിൽ പകുതിയിലേറെ വനിതാലീഗുകാരെ മാറ്റിനിർത്തിക്കൊണ്ടായിരുന്നു പുനഃസംഘടന. ഒരു അമുസ്ലിം വനിതയെ പാർട്ടി ദേശീയ തലത്തിൽ എടുത്തു. ഇതിൽ പ്രതികരിച്ചപ്പോൾ പാർട്ടി നിശ്ശബ്ദത പാലിക്കാൻ ആവശ്യപ്പെട്ടു. ഇന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ആർട്ടിഫിഷ്യൽ മതേതരത്വം ആർക്കും ഒട്ടും ഭൂഷണമല്ല. അതാണ് ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മതേതരത്വം ഹൃദയത്തിൽ നിന്ന് വരണം. ഹിന്ദുവും, മുസൽമാനും, ക്രിസ്ത്യാനിയും ഒരുപോലെ ഹൃദയത്തിന്റെ ഉള്ളിൽ ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയാണ് നമുക്കാവശ്യം. തലമുറ മാറ്റമാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാനമെങ്കിൽ, പേരാമ്പ്രയിൽ മത്സരിയ്ക്കുന്ന ഫാത്തിമ തഹ്‌ലിയേക്കാൾ എത്രയോ മികച്ചവർ പാർട്ടിയിൽ തന്നെ വേറെയുണ്ട്. എന്തുകൊണ്ട് അവരെയാരേയും പരിഗണിച്ചില്ല എന്ന ചോദ്യമാണ് നൂർബിനാ റഷീദ് ഉയർത്തിയത്. ഹരിത വിവാദത്തിലൂടെ, 'നാലാം ഖലീഫ' എന്നാണ് പാണക്കാട് തങ്ങളെ തഹ്ലിയ അധിക്ഷേപിച്ചത്. ഇവർക്ക് സീറ്റ് നൽകരുതെന്ന് നേതൃത്വത്തോട് ഞങ്ങൾ പലതവണ ആവശ്യപ്പെട്ടതാണ്. ഫാത്തിമ തഹ്ലിയായെ സ്ഥാനാർത്ഥി ആക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി തന്നോട് പറഞ്ഞിരുന്നതായും  നൂർബിന വ്യക്തമാക്കി. നൂർബിനയുടെ രാജി പ്രഖ്യാപനം വേദനാജനകമാണെന്ന് വനിതാലീഗ് സംസ്ഥാന സീനിയർ വൈസ് പ്രസിഡണ്ട് ഷാഹിന നിയാസി പ്രതികരിച്ചിട്ടുണ്ട്. 

മുനീറിനെ തഴഞ്ഞു

എം.കെ മുനീറിന് സ്ഥാനാർത്ഥിത്വം നിഷേധിക്കാൻ സമൂഹമാധ്യമങ്ങളിൽ ചില സംഘടിത ശ്രമങ്ങൾ ഉണ്ടായി. ഇതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് തനിക്ക് അറിയാം. ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണ് അദ്ദേഹത്തെ മത്സരിപ്പിക്കാത്തതെന്നാണ് വിശദീകരണം. വിവിധ വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സമൂഹമാധ്യമങ്ങളിലെ കൂലി എഴുത്തുകാരിൽ നിന്ന് രൂക്ഷമായ വിമർശനം നേരിടേണ്ടി വരുന്നു. എം.കെ മുനീറിന്റെ ബുദ്ധിയാണ് പാർട്ടിക്കാവശ്യം. അദ്ദേഹത്തിന്റെ കാര്യങ്ങളെല്ലാം അദ്ദേഹം തന്നെയല്ലേ നടത്തുന്നത്. അതിന് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നം പ്രതികൂലമാകുന്നില്ലല്ലോ. ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്ലാമിയുടെ നോമിനി ആണോ എന്ന് പാർട്ടി നേതൃത്വത്തോട് ചോദിച്ചതാണ്. എന്നാൽ അത് നേതൃത്വം അവഗണിച്ച് തള്ളിയെന്ന് നൂർബിന പറയുന്നു. 'റീൽ അല്ല റിയൽ ലൈഫിലൂടെയാണ് ഞങ്ങൾ ജനങ്ങളോട് സംവദിക്കുന്നത്'. പട പൊരുതിയാണ് ഞങ്ങൾ മുന്നോട്ട് വന്നിട്ടുള്ളതും. മോദിക്കെതിരെ ഡൽഹിയിലും ഞങ്ങൾ സമരം ചെയ്തിട്ടുണ്ട്. റീൽ ഉണ്ടാക്കണമെന്ന് വെച്ചാൽ എളുപ്പമാണ്.  ഫോട്ടോ ഷൂട്ടിലൂടെയുളള സംസ്‌കാരം മാറ്റണം. ഫോട്ടോഷൂട്ടിന് വേണ്ടിയുള്ള സമരങ്ങളും, അറസ്റ്റും ആണോ നമുക്ക് ആവശ്യം. 51 ശതമാനം സ്ത്രീകൾ മത്സരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽപോലും വനിതാലീഗിന് മതിയായ സാന്നിധ്യം ലഭിച്ചില്ല. ഞങ്ങൾ ഒന്നിലും ഭാഗമല്ല, ഞങ്ങളോട് ഒന്നും ചോദിച്ചിട്ടുമില്ല. ബോധ്യപ്പെടുത്തിയിട്ടുമില്ല. 

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ

വനിതാലീഗ് ദേശീയ ഭാരവാഹികളെ നിശ്ചയിച്ചപ്പോൾ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ ഉപദേശിച്ച ഒരു കാര്യമുണ്ട്. ഇതര മഹിളാ പ്രസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമായി, ഇസ്ലാമിക ചട്ടക്കൂടിനുള്ളിൽ ഒതുങ്ങിനിന്ന് അച്ചടക്കത്തോടെ പ്രവർത്തിക്കാൻ വനിതാലീഗ് അംഗങ്ങൾ തയ്യാറാകണം എന്ന്. അദ്ദേഹം ചുമതലപ്പെടുത്തിയ ആ ഉത്തരവാദിത്തം ഇന്ന് വരെ സൂക്ഷ്മതയോടെ പാലിച്ചിട്ടുമുണ്ട്. പാർട്ടിക്ക് അകത്ത് നിന്നോ, പുറത്ത് നിന്നോ, എതിരാളികളിൽ നിന്നോ ഒരു അപസ്വരവും വരുത്താത്ത രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. വനിതാലീഗിൽ ഒരു സ്ഥാനവും ചോദിച്ച് വാങ്ങിയിട്ടില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിൽ പാർട്ടി നൽകിയതാണ്. രാഷ്ട്രീയത്തിൽ വന്നത് സമ്പാദിക്കാനല്ല. ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങൾ നേടിയെടുക്കാനും, ആ അവകാശങ്ങൾ മുറുകെപ്പിടിച്ച് നിലനിർത്തുന്നതിനും വേണ്ടിയാണ് രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയം ധനാഗമന മാർഗ്ഗമായി തങ്ങൾ കാണുന്നില്ല. ഇതിൽ പണാധിപത്യവും പാടില്ല. മുസ്ലിംലീഗിലെ ചില വനിതകൾ ഇടയ്ക്കിടെ ഗൾഫിൽ പോകുന്നു എന്ന ആരോപണം നില നിൽക്കുന്നുണ്ട്. മുസ്ലിംലീഗ് സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകണമെന്നും നൂർബിനാ റഷീദ് ആവശ്യപ്പെട്ടു.
വർഷങ്ങൾക്കുമുമ്പ് കോഴിക്കോട്ട് വനിതാലീഗ് സംസ്ഥാന സമ്മേളനം നടത്തിയപ്പോൾ വേദിയിൽ പുരുഷ നേതാക്കൾ ആരും തന്നെ ഉണ്ടായിരുന്നില്ല. അത്രമാത്രം ഗംഭീരമായിരുന്നു വനിതാലീഗിന്റെ നേതൃത്വനിര. വേദിയിൽ അവരെല്ലാം ഇരിക്കുമ്പോൾ മുസ്ലിംലീഗിലെ സമുന്നത നേതാക്കൾ അന്ന് സദസ്സിലാണ് ഇരുന്നത്. നിരവധി പോരാട്ടം നടത്തിയാണ് 2009-ൽ വനിതാലീഗിന് ഒരു ബൈലാ ഉണ്ടാക്കിയത്. പ്രസ്ഥാനത്തിൽ ഞങ്ങൾ ഒഴുക്കിയ വിയർപ്പും, ഞങ്ങൾ കൈകൊണ്ട ക്ഷമയും മനസ്സിലാക്കണം. ഒരു അംഗത്വ കാമ്പയിൻ നടത്താൻ ഇന്നുവരെ വനിതാലീഗിന്  അനുമതിയില്ല. പാർട്ടിയിൽ നിന്ന് ഒരു ഫണ്ടും ബത്തയും ഇന്നോളം വാങ്ങിയിട്ടുമില്ല. 

നിഗൂഢതയുണ്ടെന്ന ആരോപണം

ലൈംഗികാധിക്ഷേപ ആരോപണം ഉയർത്തിയ വ്യക്തിയും, ആരോപണ വിധേയനും സ്ഥാനാർത്ഥിപ്പട്ടികയിൽ ഉൾപ്പെട്ടതാണ് മറ്റൊരു നാടകീയത. ഇത് പാർട്ടിയിലെ ചിലരെ ചൊടിപ്പിച്ചിട്ടുണ്ട്. എം.എസ്.എഫ് നേതാവും, ഇപ്പോഴത്തെ താനൂർ മണ്ഡലം സ്ഥാനാർത്ഥിയുമായ നവാസ്, ലൈംഗീകാധിക്ഷേപം നടത്തി പീഡിപ്പിച്ചതായി നജ്മയും, മുഫീദയും, തഹ്ലിയായും ഉൾപ്പെടുന്ന 'ഹരിത നേതാക്കൾ' നേരത്തെ മുസ്ലിംലീഗ് നേതൃത്വത്തിനും, പിന്നീട് പോലീസിലും പരാതി നൽകിയിരുന്നു. തുടർന്ന് തന്റെ കയ്യിലുള്ള രഹസ്യവീഡിയോ പുറത്ത് വിട്ടാൽ തഹ്‌ലിയ ഉൾപ്പെടുന്ന ഹരിത നേതാക്കൾ  ആത്മഹത്യ ചെയ്യേണ്ടിവരുമെന്ന്   നവാസ് വ്യക്തമാക്കുകയും ചെയ്തതാണ്. ഹരിതനേതാക്കൾ നവാസിനെതിരെ പരാതി നൽകിയപ്പോൾ അവർക്ക് പൂർണ്ണ പിന്തുണ നൽകി കൂടെ നിന്നതാണ് നൂർബിനാ റഷീദ്. തുടർന്ന് എം.എസ്.എഫ് നേതാവ് പി.കെ നവാസ് അറസ്റ്റിലായി റിമാൻഡിൽ പോയി. ജാമ്യത്തിൽ പുറത്തിറങ്ങി കേസ്സ് കോടതിക്ക് പുറത്ത് സെറ്റിൽമെന്റ്‌ചെയ്യുകയായിരുന്നു എന്ന് പറയുന്നു.  ഇതേ നവാസിന് താനൂർ മണ്ഡലത്തിലും, ഫാത്തിമാ തഹ്‌ലിയായ്ക്ക് പേരാമ്പ്ര മണ്ഡലത്തിലും പാർട്ടി സീറ്റ് നൽകി. അന്ന് പരാതിക്കാർക്കൊപ്പം ഉറച്ച് നിന്ന തനിയ്ക്ക് കടുത്ത അവഗണനയുണ്ടായതായി നൂർബിന പറയുകയും ചെയ്യുന്നു. അന്നത്തെ പീഡന പരാതി ഏത് നിലയിലാണ് സെറ്റിൽമെന്റ് ചെയ്തതെന്ന കാര്യത്തിൽ തികഞ്ഞ നിഗൂഢതയുണ്ടെന്നാണ് പാർട്ടിക്കുള്ളിലുള്ള അടക്കം പറച്ചിൽ. ഹരിതക്കാരുടെ പരാതി വ്യാജമാണോ അല്ലയോ എന്ന കാര്യം വ്യക്തമാക്കണമെന്നും, എന്താണ് ഈ പരാതി ഒതുക്കാൻ കാരണമെന്ന് അന്വേഷണം നടത്തണമെന്നും ചിലർ നേതൃത്വം മുമ്പാകെ ആവശ്യമുന്നയിച്ചിട്ടുണ്ട്.  

സമസ്തക്കെതിരെയും

മുസ്ലിംസ്ത്രീകൾ അച്ചടക്ക രഹിതമായി പൊതുരംഗത്ത് പ്രവർത്തിക്കാൻ പാടില്ലെന്ന് നേരത്തെ സമസ്ത ആഹ്വാനം നടത്തിയിരുന്നു. സമസ്തയിലും, മുസ്ലിംലീഗിലും ഒരേപോലെ പ്രവർത്തിക്കുന്ന രണ്ടാംനിര നേതാവായ അബ്ദുസമദ് പൂക്കോട്ടൂർ ഈ വിഷയത്തിൽ അതിശക്തമായ അഭിപ്രായവും വ്യക്തമാക്കിയിരുന്നു, കാലഘട്ടം മാറുന്നതിന് അനുസരിച്ച് ധാർമ്മികമൂല്യങ്ങൾ മാറാൻ പാടില്ല എന്നായിരുന്നു സമസ്തയുടെ നിലപാട്. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ള വനിതാ സ്ഥാനാർത്ഥികൾ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾക്കെതിരെ സമസ്ത നേതാക്കൾ കണ്ണടയ്ക്കുന്നത് എന്തുകൊണ്ടാണ്. നേരത്തെ ധാർമ്മിക മൂല്യ നിലപാടുകൾ ഘോരഘോരം പ്രസംഗിച്ചിരുന്ന സമസ്തനേതാവ് അബ്ദുസമദിന്റെ ആദർശം എവിടെപ്പോയി എന്നാണ് നൂർബിന റഷീദ് ചോദിയ്ക്കുന്നത്. 

ഹരിതപക്ഷക്കാർ

കഴിഞ്ഞ തവണ സ്ത്രീ പ്രാതിനിധ്യമായി കോഴിക്കോട് സൗത്ത് എന്ന സിറ്റിംഗ് സീറ്റ് മുസ്ലിംലീഗ് നൂർബിനായ്ക്ക് നൽകിയിരുന്നുവെങ്കിലും അവർ പരാജയപ്പെട്ടു. ഇപ്പോൾ നൂർബിന റഷീദിന്റെ രാജി മുസ്ലിംലീഗിനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധിയേ അല്ല. എന്നാൽ മുസ്ലിംലീഗിന്റേയും അതിനെ നിയന്ത്രിക്കുന്ന ചില 'ആദർശ വക്താക്കളുടേയും' കപടതയാണ് നൂർബീനായുടെ രാജിയിലൂടെ പുറത്തുവരുന്നത്. മുസ്ലിംലീഗ് പലർക്കും സീറ്റ് നൽകിയത് 'കൃത്രിമ മതേതരത്വം' കാണിക്കാൻ വേണ്ടിയാണെന്ന നൂർബിനായുടെ ആരോപണം അത്യന്തം ഗുരുതരമാണ്. നൂർബിന പാർട്ടിയിൽ ഒരു വിഷയമുന്നയിച്ചു. അക്കാര്യത്തിൽ അവർക്ക് വേണ്ടത്ര പരിഗണന കിട്ടാത്തതുകൊണ്ട് അവരത് പത്രസമ്മേളനം വിളിച്ച് കൂട്ടി പ്രഖ്യാപിച്ചു. പാർട്ടിയിൽ പറഞ്ഞിട്ട് പ്രയോജനം ഇല്ലാതെ വരുമ്പോൾ പരസ്യമായി പ്രതികരിക്കുന്നത് കേരളത്തിൽ പലയിടത്തും ഇപ്പോൾ കാണുന്ന ഒരു നടപ്പ്‌രീതിയുമാണ്.

പാർട്ടിയിലെ ഹരിതപക്ഷക്കാർ നൂർബിനായുടെ രാജി പ്രഖ്യാപനം കേവലം അസൂയകൊണ്ട് മാത്രമാണെന്ന വ്യാഖ്യാനമാണ് നൽകുന്നത്. കടുത്ത അച്ചടക്ക ലംഘനമാണ് നൂർബിന റഷീദ് നടത്തിയതെന്നും പാർട്ടിയിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടതെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. ബഹുമാനപ്പെട്ട സാദിക്കലി തങ്ങളുടെ സ്ഥാനാർത്ഥി നിർണ്ണയം കാരണമാണ് നൂർബിന രാജിവയ്ക്കാൻ കാരണമായി പറയുന്നത്. പാർട്ടിയുടെ തീരുമാനങ്ങളിലും, നിലപാടുകളിലും ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നത് കടുത്ത അച്ചടക്ക ലംഘനമാണ്. നടപടി എടുക്കാതിരിക്കാൻ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നൂർബിനയ്ക്ക് നോട്ടീസ് നൽകിയതായും പി.എം.എ സലാം പറഞ്ഞു.

പാർട്ടി എല്ലാവരെയും കേട്ടു.   മുതിർന്നവരുടേയും, പുതിയവരുടെയുമാണ് പാർട്ടി. തഹ്‌ലിയ ഉൾപ്പെടുന്ന ഹരിത നേതാക്കൾ അവരുടെ ശരികളാണ് മുന്നോട്ട് വെച്ചതും, അതിനുവേണ്ടിയാണ് അവർ നിലകൊണ്ടതും. അവരുടെ ശരികൾക്കും, നീതിക്കും വേണ്ടിയുമാണ് അവർ നിലകൊള്ളുന്നത്. പാർട്ടി അവരെ കേട്ടു. പരാതികൾ ഉൾപ്പെടെ അവർക്ക് പറയാനുള്ളതെല്ലാം അവരും പറഞ്ഞു. ഇരുപക്ഷത്തും സ്വീകാര്യമായ രീതിയിൽ അവരുടെ പ്രശ്‌നം പാർട്ടി പരിഹരിച്ചു. മറു പക്ഷത്ത് നിലകൊണ്ട നവാസിനും തഹ്‌ലിയായെപ്പോലെ മത്സരിയ്ക്കാൻ സീറ്റ് ലഭിച്ചു. ഇനിയാണ് അവരവർ കഴിവ് തെളിയിക്കേണ്ടത്. ഇന്നിപ്പോൾ നൂർബിന പങ്ക് വെച്ചത് നിരാശയായാലും, പ്രതിഷേധമായാലും ശരി, ഹരിതയിലെ യുവതികൾ ഒരിക്കൽ ഉയർത്തിയ ഒച്ചപ്പാടും, കലഹവും, അതുവഴിയുണ്ടായ തുറന്ന പ്രതികരണങ്ങളും, ചിലപ്പോഴെല്ലാം അത് സൃഷ്ടിച്ച അച്ചടക്കക്കുറവും മുസ്ലിംലീഗിന്റെ ഒരു പ്രത്യേക രീതിയാണ്. ഒരർത്ഥത്തിൽ മുസ്ലിംലീഗിന്റെ ശക്തിയും അത് തന്നെയാണ്. പുതുതലമുറയുടെ ആവേശവും, കലഹിക്കുവാനുള്ള ശേഷിയും ഇത്തവണത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ മുസ്ലിംലീഗ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പൊതു വിലയിരുത്തൽ. 
യൂത്ത്‌ലീഗ് സെക്രട്ടറി തഹ്‌ലിയായ്ക്ക് നൽകിയ സീറ്റ് പേരാമ്പ്രയാണ്. പതിറ്റാണ്ടുകളായി ഈ സീറ്റിൽ ലീഗ് വിജയിച്ചിട്ടില്ല. ഇവിടെ നൂർബിനയോ, മറ്റേതെങ്കിലും പഴയ വനിതാ നേതാവോ മത്സരിക്കുന്ന പക്ഷം, തഹ്‌ലിയ ഈ മണ്ഡലത്തിൽ നിലവിൽ സൃഷ്ടിച്ചെടുത്ത ഓളമുണ്ടാക്കാൻ അവർക്കാർക്കും കഴിയില്ല എന്നതും ഒരു വസ്തുതയാണ്. ജയന്തി രാജനാണ് കൂത്തുപറമ്പിൽ  മത്സരിയ്ക്കുന്നത്. ഇതും സിറ്റിംഗ് സീറ്റല്ല. പതിറ്റാണ്ടുകളായി പി.ആർ കുറുപ്പിന്റെ കുടുംബ ആധിപത്യത്തിൽ വാഴുന്ന ഒരു മണ്ഡലമാണിത്. ഇവിടെ മികച്ച രീതിയിൽ വോട്ട് ചോദിച്ച് മുന്നേറുകയുണ്ടായി. ജയന്തി. നേരത്തേയും, ഇപ്പോഴുമായി ഉയർന്നുകൊണ്ടിരുന്ന പല ആരോപണങ്ങൾക്കുമുള്ള മുസ്ലിംലീഗിന്റെ മറുപടിയാണ് കൂത്തുപറമ്പിൽ ജയന്തിക്ക് നൽകിയ സ്ഥാനാർത്ഥിത്വം.

'ഖൗമിന്റെ കുട്ടി'വിവാദം

 തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയെ തുടർന്ന് പേരാമ്പ്രയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.പി രാമകൃഷ്ണനും, യു.ഡി.എഫ് സ്ഥാനാർഥി ഫാത്തിമ തഹ്‌ലിയായ്ക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസയച്ചു. 'ഖൗമിലെ കുട്ടിക്ക്' (സമുദായത്തിലെ കുട്ടിയ്ക്ക്) വോട്ട് നൽകണമെന്ന് യു.ഡി.എഫ് മുസ്ലിം വീടുകളിൽ പോയി പറയുന്നു എന്നാരോപിച്ച് എൽ.ഡി.എഫ് നടത്തിയ വാഹന പ്രചാരണത്തി നെതിരായാണ് യു.ഡി.എഫിന്റെ പരാതി. ടി.പി രാമകൃഷ്ണന്റെ പ്രചാരണ വാഹനങ്ങളിൽ നിന്ന് മതവിദ്വേഷം പരത്തുന്ന വാക്കുകൾ റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് പരാതി. എന്നാൽ, ഫാത്തിമ തഹ്ലിയ മതം പറഞ്ഞ് വോട്ട് പിടിച്ചെന്നാരോപിച്ച് കീഴരിയൂർ സ്വദേശി സഫീറ കാര്യാത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയതോടെ ഇരുവിഭാഗത്തിനും തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്‌നൽകി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കീഴരിയൂരിൽ സഫീറ എൽ.ഡി.എഫ് സ്വതന്ത്രയായി  മത്സരിച്ചിരുന്നു. മറ്റ് രണ്ടുപേർ കൂടി തഹ്‌ലിയാക്കെതിരെ സമാന ആരോപണമുന്നയിച്ച് പരാതി നൽകിയിട്ടുണ്ട്. യു.ഡി.എഫ് വർഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും, വിവാദ അനൗൺസ്‌മെന്റ് തങ്ങളുടെ വാഹനത്തിൽ നിന്നല്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കിയിട്ടുണ്ട്.  എന്നാൽ, എൽ.ഡി.എഫ് പ്രചാരണ വാഹനത്തിൽ നിന്ന് വന്ന അനൗൺസ്‌മെന്റിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് ടി.പി രാമകൃഷ്ണന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ഫാത്തിമ തഹ്‌ലിയായും പറയുന്നു. നടുവണ്ണൂരിലെ സ്റ്റുഡിയോവിൽ നിന്നാണ് ഇത് റെക്കോർഡ് ചെയ്തിട്ടുള്ളത്. താൻ 'ഖൗമിന്റെ കുട്ടിയല്ല, യു.ഡി.എഫിന്റെ കുട്ടി'യാണെന്നും എല്ലാ അമ്മമാരുടേയും, ഉമ്മമാരുടേയും കുട്ടിയാണെന്നും തഹ്‌ലിയാ ചൂ ണ്ടിക്കാട്ടുന്നു.
 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.