03:34am 15 October 2026
NEWS
വെള്ളം ചോദിച്ചപ്പോൾ കള്ള് വായിലേക്കൊഴിച്ചു; യുവാവിനെ തല്ലിക്കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ; മൂലത്തറ ആൾക്കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
14/10/2026  12:22 PM IST
nila
വെള്ളം ചോദിച്ചപ്പോൾ കള്ള് വായിലേക്കൊഴിച്ചു; യുവാവിനെ തല്ലിക്കൊന്നത് വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന്റെ പേരിൽ; മൂലത്തറ ആൾക്കൂട്ടക്കൊലയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

 

പാലക്കാട്: മൂലത്തറ ഡാമിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവം ആൾക്കൂട്ടക്കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വൈരാഗ്യത്തെത്തുടർന്ന് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്ന 40കാരനെ ഏഴംഗ സംഘം മർദിച്ചുകൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. കേസിൽ പ്രധാന പ്രതി മൂലക്കടവ് സ്വദേശി കതിരേശൻ ഉൾപ്പെടെ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

നവീൻ, കാർത്തിക്, സഞ്ജയ്, പ്രശാന്ത്, മണികണ്ഠൻ, സൂര്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ഞായറാഴ്ച രാവിലെ 8.30ഓടെയാണ് മൂലത്തറ ഡാമിന് സമീപം യുവാവിന്റെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലാണ് മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്.

മദ്യലഹരിയിലായിരുന്ന പ്രതികൾ മരത്തടിയും കല്ലും ഉപയോഗിച്ച് യുവാവിനെ അതിക്രൂരമായി മർദിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മുഖത്തും തലയിലും പലതവണ അടിയേറ്റ യുവാവ് നിലത്തുവീണിട്ടും ആക്രമണം തുടർന്നു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരണപ്പെടുകയായിരുന്നു.

പ്രതികൾ ഒരു ഷാപ്പിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് യുവാവ് അതുവഴി നടന്നുപോകുന്നത് കണ്ടത്. തുടർന്ന് അരക്കിലോമീറ്ററോളം പിന്തുടർന്ന് കല്ലെറിഞ്ഞ് ഓടിച്ച സംഘം മൂലത്തറ ഡാമിന് സമീപത്തുവച്ച് ഇയാളെ പിടികൂടി മർദിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. അവശനിലയിലായ യുവാവ് വെള്ളം ചോദിച്ചപ്പോൾ അക്രമികൾ വായിലേക്ക് കള്ള് ഒഴിച്ചുകൊടുത്തതായും പൊലീസ് വെളിപ്പെടുത്തി.

കൊല്ലപ്പെട്ടയാൾക്ക് സംസാരശേഷിയില്ലായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ സംശയം. ഇയാളെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. മരിച്ചയാളുടെ വ്യക്തിവിവരങ്ങൾ കണ്ടെത്തുന്നതിനായി തമിഴ്നാട് കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad
img