03:02am 29 October 2026
NEWS
നിലമ്പൂരിൽ കോൺ​ഗ്രസ് നേതാക്കൾക്ക് വലവിരിച്ച് ബിജെപി
28/05/2025  01:00 PM IST
nila
നിലമ്പൂരിൽ കോൺ​ഗ്രസ് നേതാക്കൾക്ക് വലവിരിച്ച് ബിജെപി

നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാക്കളിൽ ആരെയെങ്കിലും അടർത്തിയെടുത്ത് മത്സരിപ്പിക്കാൻ ബിജെപി നീക്കം നടത്തുന്നെന്ന് റിപ്പോർട്ട്. ഇന്നു രാവിലെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് മഞ്ചേരി നഗരസഭ മുൻ വൈസ് ചെയർമാൻ ബീന ജോസഫിനെ സന്ദർശിച്ചതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്. മഞ്ചേരി നഗരസഭ വൈസ് ചെയർമാൻ സ്ഥാനത്തു നിന്നും ബീന ജോസഫിനെ മാറ്റിയത് വലിയ വിവാദമായിരുന്നു. നിലവിൽ മലപ്പുറം ഡിസിസി ജനറൽ സെക്രട്ടറിയാണ് ബീന ജോസഫ്. 

കോൺ​ഗ്രസ് നേതാക്കളെ അടർത്തിയെടുത്ത് നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനാണ് ബിജെപി നീക്കം.  നിലമ്പൂരിൽ പാർട്ടിക്ക് സ്ഥാനാർഥിയുണ്ടാകില്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സഖ്യകക്ഷിയായ ബിഡിജെഎസും നിലമ്പൂർ സീറ്റ് ഏറ്റെടുക്കാൻ വിസമ്മതിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നാൽ പാർട്ടി മെഷീനറി എങ്ങനെ ചലിപ്പിക്കും എന്ന ചോദ്യം ഉയർന്നതോടെയാണ് സ്വതന്ത്ര സ്ഥാനാർത്ഥി എന്ന ആശയത്തിലേക്ക് ബിജെപി എത്തിയത്. 

ബിജെപി നേതാവ് എം.ടി.രമേശ് ഡിസിസി ജനറൽ സെക്രട്ടറി ബീന ജോസഫിനെ കാണുകയും സ്ഥാനാർഥിത്വം വാഗ്ദാനം ചെയ്തതായുമാണ് റിപ്പോർട്ട്. അവരത് നിരസിക്കുകയും ചെയ്തുവെന്നാണ് വിവരം.നിലമ്പൂർ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് എം.ടി.രമേശ് ചർച്ച നടത്തിയിരുന്നുവെന്ന് അഡ്വ.ബീന ജോസഫ് ഇന്ന് മാധ്യമങ്ങളോട് സ്ഥിരീകരിക്കുകയും ചെയ്തു. 

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി മറ്റൊരാൾക്കൊപ്പമാണ് എം.ടി.രമേശ് വന്നത്. സ്ഥാനാർഥി ചർച്ച നടന്നില്ലെന്ന് പറയാൻ ആവില്ലെന്നും ബീന ജോസഫ് പ്രതികരിച്ചു. പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമായി ബീന ജോസഫ് കൂടിക്കാഴ്ച നടത്തി. സതീശൻ വിളിപ്പിച്ചതനുസരിച്ചാണ് ബീന എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രംഗത്തിറങ്ങാൻ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടെന്ന് ബീന പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img