
കേരളം ചൂടുള്ള പ്രഭാതങ്ങളിലേക്ക് ഉണരുമ്പോള്‍, ചുട്ടുപൊള്ളുന്ന സൂര്യന്‍ ഒരു അസൗകര്യം മാത്രമല്ല - ഒരു യഥാര്‍ത്ഥ ആരോഗ്യ അപകടവും കൂടിയാണ്. വര്‍ദ്ധിച്ചുവരുന്ന താപനില പലരെയും ചൂടുമായി ബന്ധപ്പെട്ട രോഗങ്ങള്‍ക്ക് ഇരയാക്കിയിട്ടുണ്ട്, അതില്‍ ഏറ്റവും അപകടകാരിയാണ് സൂര്യാഘാതം അഥവാ ഹീറ്റ് സ്‌ട്രോക്ക്. സൂര്യാഘാതം അടിയന്തര ചികിത്സ ലഭിക്കേണ്ട ഒരു അവസ്ഥയാണ്. സംസ്ഥാനത്ത് ഹീറ്റ് സ്‌ട്രോക്ക് കേസുകളുടെയും മരണങ്ങളുടെയും സമീപ കാല റിപ്പോര്‍ട്ട് പുറത്തു വന്നതോടെ, ഈ ചൂട് തരംഗത്തെ ഗൗരവമായി കാണേണ്ട സമയമാണിത്.
എന്തുകൊണ്ടാണ് ചൂട് ഇത്ര കൂടുന്നത്?
കാലാവസ്ഥാ വ്യതിയാനം, നഗരവല്‍ക്കരണം, വനനശീകരണം എന്നിവയാണ് കേരളത്തിലെ താപനില ഉയരാന്‍ കാരണം. ഇത് പ്രകൃതിദത്ത തണുപ്പിനെ കുറയ്ക്കുന്നു. കോണ്‍ക്രീറ്റ് ഘടനകളില്‍ നിന്നും വാഹനങ്ങള്‍ പുറത്തുവിടുന്ന ഉദ്വമനം ചൂടിന്റെ പ്രവാഹം കൂട്ടുന്നു. അതേസമയം ജലാശയങ്ങള്‍ ചുരുങ്ങുകയും വൃക്ഷങ്ങളുടെ ആവരണം കുറയുകയും ചെയ്യുന്നത് ഇതിന്റെ ആഘാതം കൂടുതല്‍ വഷളാക്കുന്നു.
കേരളത്തിലെ ശരാശരി താപനില ക്രമേണ വര്‍ദ്ധിച്ചുവരുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ചരിത്രപരമായി 22°C നും 32°C നും ഇടയില്‍ താപനില സ്ഥിരതയുള്ളതായിരുന്നെങ്കിലും, സമീപ വര്‍ഷങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള വേനല്‍ക്കാല മാസങ്ങളില്‍ പലപ്പോഴും 35°C ന് മുകളിലും ചില പ്രദേശങ്ങളില്‍, പ്രത്യേകിച്ച് പാലക്കാട്ടും ഉള്‍നാടന്‍ ജില്ലകളിലും, താപനില 40°C ന് മുകളിലും റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്.
മുമ്പ് സുഖകരമായിരുന്ന പ്രഭാതങ്ങള്‍ ഇപ്പോള്‍ അസഹനീയമായി മാറുകയാണ്. കേരളത്തിലെ ഉയര്‍ന്ന ഈര്‍പ്പം സ്ഥിതി കൂടുതല്‍ വഷളാക്കുന്നു, ഇത് താപനില യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വളരെ കൂടുതല്‍ ചൂട് അനുഭവപ്പെടാന്‍ കാരണമാകുന്നു. താപനിലയിലെ ഈ കുത്തനെയുള്ള വര്‍ദ്ധനവ് ഉഷ്ണതരംഗങ്ങള്‍, സൂര്യാഘാതം, മറ്റ് ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളിലേക്കു നയിക്കുകയും ചെയുന്നു.
എന്താണ് ഹീറ്റ് സ്‌ട്രോക്ക്?
ശരീരം 40°C (104°F) ന് മുകളില്‍ ചൂടാകുമ്പോള്‍ സ്വയം തണുപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയും, ഈ അവസ്ഥയെ ഹീറ്റ് സ്‌ട്രോക്ക് എന്ന് വിശേഷിപ്പിക്കുകയും ചെയുന്നു. ഹീറ്റ് സ്‌ട്രോക്ക് ചികിത്സിച്ചില്ലെങ്കില്‍ പെട്ടെന്ന് തന്നെ മാരകമായേക്കാം. ഇത് പലപ്പോഴും വര്‍ദ്ധിച്ച ശരീര താപനില, വേഗത്തിലുള്ള ഹൃദയമിടിപ്പ്, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആരംഭിക്കുന്നത്. ഗുരുതരമായ സാഹചര്യങ്ങളില്‍, ഇത് അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും, അബോധാവസ്ഥ, അല്ലെങ്കില്‍ മരണത്തിലേക്കും നയിച്ചേക്കാം. ചൂടില്‍ ആരെങ്കിലും വിചിത്രമായി പെരുമാറുന്നത് അല്ലെങ്കില്‍ വളരെ ക്ഷീണിതനായി കാണപ്പെടുന്നത് എല്ലാം ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണമാകാം.
ഈ ചൂടില്‍ എങ്ങനെ സുരക്ഷിതരായിരിക്കാം?
ജലാംശം നിലനിര്‍ത്തുക - ദാഹിച്ചില്ലെങ്കില്‍ പോലും പതിവായി വെള്ളം കുടിക്കുക. ഒരു ദിവസം കുറഞ്ഞത് രണ്ടര - മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക. നിര്‍ജ്ജലീകരണത്തിനു കാരണമാകുന്ന മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കുക.
സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി പരിമിതപ്പെടുത്തുക - ചൂട് കൂടുതലുള്ള സമയങ്ങളില്‍ (രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ) വീട്ടിലോ ഓഫീസിലോ കഴിയുവാന്‍ ശ്രമിക്കുക. പുറത്തിറങ്ങേണ്ടി വന്നാല്‍, സാധ്യമാകുമ്പോഴെല്ലാം തണല്‍ തേടുക.
വസ്ത്രധാരണം - പുറത്തിറങ്ങുമ്പോള്‍ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങളും തൊപ്പിയും ധരിക്കുക അല്ലെങ്കില്‍ കുട ഉപയോഗിക്കുക.
ആയാസകരമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക - വ്യായാമങ്ങള്‍, പുറത്തെ ജോലികള്‍, കായിക വിനോദങ്ങള്‍ എന്നിവ അതിരാവിലെയോ വൈകുന്നേരമോ തണുപ്പുള്ളപ്പോള്‍ മാറ്റിവയ്ക്കുക.
ഹീറ്റ് സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍ - എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്?
· വളരെ ഉയര്‍ന്ന ശരീര താപനില (40°C അല്ലെങ്കില്‍ 104°F ന് മുകളില്‍)
· ആശയക്കുഴപ്പം, തലകറക്കം, അല്ലെങ്കില്‍ അവ്യക്തമായ സംസാരം
· വേഗത്തിലുള്ള ഹൃദയമിടിപ്പും ശ്വസനവും
· ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
· ചൂടുള്ളതും വരണ്ടതുമായ ചര്‍മ്മം
· പേശികളുടെ കോച്ചിപ്പിടുത്തം
കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍, ഹൃദ്രോഗമുള്ളവര്‍ എന്നിവര്‍ ചൂടിന് ഇരയാകാന്‍ സാധ്യതയുള്ളതിനാല്‍ അവര്‍ കൂടുതല്‍ ജാഗ്രത പാലിക്കുക. സൂര്യപ്രകാശം അല്‍പനേരം ഏല്‍ക്കുന്നത് പോലും ഗുരുതരമായ ലക്ഷണങ്ങള്‍ക്ക് കാരണമായേക്കാം. ചൂടുമായി ബന്ധപ്പെട്ട എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടുക.
ഹീറ്റ് സ്‌ട്രോക്ക് അടിയന്തര സാഹചര്യത്തില്‍ എന്തുചെയ്യണം?
ആര്‍ക്കെങ്കിലും ഹീറ്റ് സ്‌ട്രോക്ക് ഉണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടുക. ആഘാതമേറ്റയാളെ ഉടന്‍ തന്നെ തണലുള്ള ഒരു സ്ഥലത്തേക്ക് മാറ്റി ശരീരം പച്ചവെള്ളത്തിലോ തണുത്ത വെള്ളത്തിലോ തുടയ്ക്കുക. അവരുടെ ശരീരത്തില്‍ നനഞ്ഞ ടവ്വലുകള്‍ കൊണ്ട് പൊതിയുകയോ അല്ലെങ്കില്‍ ഐസ് പായ്ക്കുകള്‍ വയ്ക്കുകയോ ചെയാം.
· അവര്‍ അബോധാവസ്ഥയില്‍ അല്ലെങ്കില്‍ ധാരാളം വെള്ളം കുടിക്കാന്‍ നല്‍കുക. സഹായം എത്തുന്നതു വരെ അവരുടെ അവസ്ഥ നിരീക്ഷിക്കുക. എത്രയും പെട്ടെന്ന് സൗകര്യമുള്ള ആശുപത്രിയിലെത്തിക്കുക.
· ഈ വേനല്‍ക്കാലത്ത്, വര്‍ദ്ധിച്ചുവരുന്ന താപനിലയെ നമുക്ക് നിസ്സാരമായി കാണാതിരിക്കാം. കേരളത്തിലെ ഉഷ്ണതരംഗം ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ്.
· അവബോധം പ്രചരിപ്പിക്കുക, മുന്‍കരുതലുകള്‍ എടുക്കുക, ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ള രോഗികളെയും പ്രായമായ കുടുംബാംഗങ്ങളെയും പുറം ജോലിക്കാരെയും പ്രത്യേകം കരുതുക.
സ്വയം പരിരക്ഷിക്കുന്നതില്‍ മുന്‍കൈയെടുക്കുന്നതിലൂടെ നമുക്ക് ഒരുമിച്ച് ഈ ചൂടിനെ മറികടക്കാം!
Dr. Binu Bright
Emergency Medicine Consultant
SUT Hospital, Pattom
Photo Courtesy - Google