ഫോണുകളിൽ എത്തുന്ന വ്യാജ പോപ്-അപ്പ് സന്ദേശങ്ങൾ വഴിയുള്ള സൈബർ തട്ടിപ്പുകൾക്കെതിരെ കേരള പോലീസ് സൈബർ വിഭാഗത്തിന്റെ ജാഗ്രതാ നിർദ്ദേശം. ഫോൺ അപ്ഡേറ്റ് ചെയ്യുകയോ വൈറസ് നീക്കം ചെയ്യുകയോ ചെയ്യണമെന്ന ആവശ്യവുമായി എത്തുന്ന സന്ദേശങ്ങൾ പലപ്പോഴും ഉപയോക്താക്കളെ കബളിപ്പിക്കാൻ തട്ടിപ്പുകാർ ഉപയോഗിക്കുന്ന കെണികളാകാം.
യഥാർത്ഥ സന്ദേശമെന്ന് തെറ്റിദ്ധരിച്ച് ഇത്തരം പോപ്-അപ്പുകളിൽ ക്ലിക്ക് ചെയ്യുമ്പോൾ ഫോൺ തനിയെ റീസ്റ്റാർട്ട് ആകുകയും, തുടർന്ന് തട്ടിപ്പുകാർക്ക് ഫോണിലെ വ്യക്തിഗത വിവരങ്ങളിലേക്കും ബാങ്കിംഗ് ഇടപാടുകളിലേക്കും നേരിട്ട് പ്രവേശനം ലഭിക്കുകയും ചെയ്യുന്നു. ഇത് ഉപയോക്താക്കളുടെ വിലപ്പെട്ട പണവും സ്വകാര്യ വിവരങ്ങളും നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. ഒരൊറ്റ ക്ലിക്ക് നിങ്ങളുടെ പണവും വിവരങ്ങളും മനഃസമാധാനവും നഷ്ടപ്പെടുത്തിയേക്കാം.
ഇത്തരം സൈബർ തട്ടിപ്പുകളിൽ നിന്ന് രക്ഷനേടുന്നതിനായി പൊതുജനങ്ങൾ, ഫോണിൽ അപ്ഡേറ്റിനോ വൈറസ് നീക്കാനോ ആവശ്യപ്പെട്ടുകൊണ്ട് എത്തുന്ന പോപ്-അപ്പുകളിൽ ഒരിക്കലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ വ്യക്തിഗത വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും യാതൊരു കാരണവശാലും ആരുമായും പങ്കിടരുത്. ഫോണിലേക്ക് മറ്റുള്ളവർക്ക് റിമോട്ട് ആക്സസ് അനുവദിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഏതെങ്കിലും തരത്തിലുള്ള സംശയങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ കുടുംബാംഗങ്ങളോട് ചോദിക്കുകയോ അല്ലെങ്കിൽ സൈബർ പോലീസിനെ ബന്ധപ്പെടുകയോ ചെയ്യുക.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് വഴിയോ പരാതി നൽകേണ്ടതാണ്.








