
മെഡിക്കൽ ഇൻഷുറൻസ് എന്നത് അപ്രതീക്ഷിതമായി എത്തുന്ന രോഗാവസ്ഥകളിൽ നമുക്ക് താങ്ങാവേണ്ട ഒന്നാണ്. എന്നാൽ പലപ്പോഴും പോളിസികൾ പുതുക്കുമ്പോഴോ അല്ലെങ്കിൽ ഒരു കമ്പനിയിൽ നിന്ന് മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ (Porting) ഉപഭോക്താക്കൾ നേരിടുന്ന വലിയൊരു അപകടമുണ്ട്. അത് പലപ്പോഴും തിരിച്ചറിയുന്നത് ആശുപത്രിയിൽ അഡ്മിറ്റ് ആകേണ്ടി വരുന്ന ഒരു അടിയന്തര ഘട്ടത്തിലായിരിക്കും. ഇൻഷുറൻസ് വിപണിയിലെ ഈ 'നിശബ്ദ അപകടങ്ങളെ' കുറിച്ചും നാം പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും ഗൗരവകരമായ ചില കാര്യങ്ങൾ പങ്കുവെക്കട്ടെ.
വാഗ്ദാനങ്ങളുടെ മായികലോകം:
ഒരു പോളിസി കാലാവധി തീരാറാകുമ്പോൾ നമുക്ക് ചുറ്റും ഏജന്റുമാരുടെയും ബാങ്ക് പ്രതിനിധികളുടെയും ഫോൺ കോളുകളും വാട്സാപ്പ് സന്ദേശങ്ങളും നിറയും. കുറഞ്ഞ പ്രീമിയത്തിൽ വലിയ കവറേജ്, കൂടുതൽ ആനുകൂല്യങ്ങൾ തുടങ്ങിയ ആകർഷകമായ ഓഫറുകൾ കണ്ട് നാം നിലവിലുള്ള ഇൻഷുറൻസ് കമ്പനിയെ ഉപേക്ഷിച്ച് പുതിയൊരാളെ തേടിപ്പോകും. ഇവിടെയാണ് പലരും ചതിക്കുഴികളിൽ വീഴുന്നത്.
ഇൻഷുറൻസ് എന്നത് വെറുമൊരു പണമിടപാടല്ല, അതൊരു കരാറാണ്. നമ്മൾ നൽകുന്ന വിവരങ്ങൾ (Proposal) കമ്പനി വിലയിരുത്തി (Underwriting), അത് അംഗീകരിച്ചാൽ മാത്രമേ ഇൻഷുറൻസ് പ്രാബല്യത്തിൽ വരികയുള്ളൂ. എന്നാൽ ഇന്ന് പല ഇൻഷുറൻസ് കമ്പനികളും അവരുടെ ഇടനിലക്കാരും ചെയ്യുന്നത് നേരെ തിരിച്ചാണ്. അവർ ആദ്യം പ്രീമിയം തുക കൈപ്പറ്റുന്നു, അതിനുശേഷം മാത്രം പോളിസി നൽകണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നു.
ഒരു ഉദ്യോഗസ്ഥയുടെ ദുരനുഭവം:
എന്റെ ഒരു സഹപ്രവർത്തകയ്ക്ക് ഉണ്ടായ അനുഭവം ഈ വിഷയത്തിന്റെ ഗൗരവം വ്യക്തമാക്കും. നിലവിലുള്ള ഫാമിലി പോളിസി പുതുക്കുന്ന സമയത്താണ് മറ്റൊരു ഇൻഷുറൻസ് കമ്പനി ആകർഷകമായ പ്ലാനുമായിട്ടാണ് അവരെ സമീപിച്ചത്. അവർ പറഞ്ഞ വാഗ്ദാനങ്ങളിൽ വിശ്വസിച്ച് അവർ പ്രീമിയം അടച്ചു. തന്റെ കുടുംബത്തിന്റെ സുരക്ഷ ഉറപ്പായെന്ന് അവൾ കരുതി.
എന്നാൽ ദിവസങ്ങൾ കഴിഞ്ഞ്, നിലവിലുള്ള പോളിസിയുടെ 'ഗ്രേസ് പിരീഡ്' (Grace Period) അവസാനിക്കാറായ ഘട്ടത്തിൽ പുതിയ കമ്പനിയിൽ നിന്ന് അറിയിപ്പ് വന്നു—അവരുടെ കുടുംബത്തിലെ ഒരാൾക്ക് ആരോഗ്യപരമായ കാരണങ്ങളാൽ ഇൻഷുറൻസ് നൽകാൻ കഴിയില്ല! കുടുംബ ഡോക്ടർ പോലും നിസ്സാരമെന്ന് തള്ളിക്കളഞ്ഞ ഒരു കാര്യമാണ് കമ്പനി കാരണമായി പറഞ്ഞത്. പഴയ പോളിസി പുതുക്കാനുള്ള സമയം ഏതാണ്ട് അവസാനിച്ചിരുന്നു. പുതിയ കമ്പനി പ്രീമിയം വാങ്ങി കൈവശം വെച്ചിരിക്കുന്നതിനാൽ പഴയത് പുതുക്കാൻ കയ്യിൽ പണവുമില്ല. ഒരു വലിയ അപകടത്തിന്റെ വക്കിലാണ് അവർ അന്ന് നിന്നത്.
പോർട്ടബിലിറ്റിയിലെ നിയമക്കുരുക്കുകൾ
IRDAI (Insurance Regulatory and Development Authority of India) പോളിസി ഉടമകളുടെ താൽപ്പര്യം സംരക്ഷിക്കാൻ 'പോർട്ടബിലിറ്റി' സൗകര്യം കൊണ്ടുവന്നിട്ടുണ്ട്. ഒരു കമ്പനിയിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ നമ്മുടെ മുൻകാല ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്ന് ഇത് ഉറപ്പുനൽകുന്നു. എന്നാൽ ഇതിനും കൃത്യമായ സമയപരിധിയുണ്ട്. പോളിസി തീരുന്നതിന് ചുരുങ്ങിയത് 60 ദിവസം മുമ്പെങ്കിലും പോർട്ടിങ് നടപടികൾ തുടങ്ങണം.
പലപ്പോഴും ഇടനിലക്കാർ (Agents/Brokers) പ്രീമിയം തുക വാങ്ങിയ ശേഷം നടപടികൾ വൈകിപ്പിക്കുന്നു. പോളിസി കാലാവധി കഴിഞ്ഞ ശേഷം പുതിയ കമ്പനി അപേക്ഷ നിരസിച്ചാൽ, ഉപഭോക്താവ് 'നോ മാൻസ് ലാൻഡിൽ' (No man's land) അകപ്പെടും. അതായത്, പഴയ പോളിസി ഇല്ലാതാകുകയും പുതിയത് ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.
നമ്മൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ താഴെ പറയുന്ന കാര്യങ്ങൾ ഓരോ ഇൻഷുറൻസ് ഉടമയും ശ്രദ്ധിക്കണം:
നേരത്തെ തുടങ്ങുക: പോളിസി പുതുക്കാനോ മാറ്റാനോ ഉണ്ടെങ്കിൽ അവസാന നിമിഷം വരെ കാത്തിരിക്കരുത്. രണ്ട് മാസം മുമ്പെങ്കിലും നടപടികൾ ആരംഭിക്കുക.
ലിഖിതമായി ആശയവിനിമയം നടത്തുക:
ഏജന്റുമാരോട് സംസാരിക്കുന്നതിനേക്കാൾ ഇമെയിൽ വഴിയോ മറ്റോ രേഖാമൂലം കാര്യങ്ങൾ ഉറപ്പാക്കുക.
പഴയ പോളിസി ഉപേക്ഷിക്കരുത്: പുതിയ പോളിസി ഡോക്യുമെന്റ് കയ്യിൽ കിട്ടുന്നത് വരെയും അതിന്റെ 'അണ്ടർ റൈറ്റിംഗ്' പൂർത്തിയായെന്ന് ഉറപ്പാക്കുന്നത് വരെയും നിലവിലുള്ള പോളിസി ലാപ്‌സ് (Lapse) ആകാൻ അനുവദിക്കരുത്.
വ്യവസ്ഥകൾ വായിക്കുക: 'ഫൈൻ പ്രിന്റ്' അഥവാ ചെറിയ അക്ഷരങ്ങളിൽ എഴുതിയിരിക്കുന്ന നിബന്ധനകൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക.
സംശയമുണ്ടെങ്കിൽ പഴയത് തുടരുക: പുതിയ കമ്പനിയുടെ നടപടികളിൽ എന്തെങ്കിലും അവ്യക്തത തോന്നിയാൽ, നിലവിലുള്ള പോളിസി തന്നെ പുതുക്കുന്നതാണ് ബുദ്ധി. ഇത് നിങ്ങൾക്ക് ഒരു വർഷത്തെ സമയം കൂടി നൽകും.
ഇൻഷുറൻസ് കമ്പനികൾ പ്രീമിയം വാങ്ങുന്നതിന് മുമ്പ് തന്നെ മെഡിക്കൽ പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയാക്കണമെന്ന കർശന നിയമം വരേണ്ടതുണ്ട്. തുക വാങ്ങിയ ശേഷം പോളിസി നിഷേധിക്കുന്നത് ഉപഭോക്താവിനോടുള്ള അനീതിയാണ്. അതുവരെ നമ്മുടെ സുരക്ഷ നമ്മുടെ കൈകളിലാണ്. വലിയ വാഗ്ദാനങ്ങൾ കേട്ട് ഉള്ള സുരക്ഷ ഇല്ലാതാക്കരുത്.










