02:04am 03 April 2026
NEWS
സമൂഹമാധ്യമങ്ങളിൽ എന്ത് പോസ്റ്റ് ചെയ്യുമ്പോഴും സൂക്ഷ്മത വേണം
31/01/2026  09:25 PM IST
സമൂഹമാധ്യമങ്ങളിൽ എന്ത് പോസ്റ്റ് ചെയ്യുമ്പോഴും സൂക്ഷ്മത വേണം

ഷിംജിത മുസ്തഫ എന്ന യുവതിയുടെ വീഡിയോ പോസ്റ്റിന് പിന്നാലെ കോഴിക്കോട് യു.ദീപക് എന്ന 42 കാരൻ ആത്മഹത്യ ചെയ്ത സമൂഹം അടുത്തകാലത്ത് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ഉലച്ച സംഭവമായിരുന്നു. ദീപക് പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ ദുരുദ്ദേശത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നാരോപിച്ചാണ് ഷിംജിത താൻ ബസിൽ വെച്ച് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

വൃദ്ധരായ മാതാപിതാക്കൾക്ക് അവരുടെ ഏകമകൻ നഷ്ടപ്പെട്ടിരിക്കുന്നു. തന്നെ അറിയുന്നവരുടെ മുമ്പിൽ താൻ ഇതിനേക്കാൾ അപമാനിതനാകാനില്ല എന്ന് തോന്നിയിട്ടാകാം ദീപക് സ്വയം ജീവനൊടുക്കുക എന്ന കടുംകൈ ചെയ്തത്. ഷിംജിത പോസ്റ്റ് ചെയ്ത വീഡിയോയിൽ യുവാവ് മനപ്പൂർവ്വം ലൈംഗികാതിക്രമം കാട്ടുന്നതിന്റെ വ്യക്തമായ ദൃശ്യമില്ല. സംഭവത്തിന് ബസിലുണ്ടായിരുന്ന മറ്റാരും സാക്ഷ്യം പറയുന്നുമില്ല. യഥാർത്ഥസത്യം മരിച്ച ദീപക്കിനും അറസ്റ്റിലായ ഷിംജിതയ്ക്കും മാത്രമേ അറിയൂ.

ബസിലും ട്രെയിനിലും ഒക്കെ തിക്കി തിരക്കി യാത്ര ചെയ്യേണ്ടി വരുമ്പോൾ ചേർന്നുനിൽക്കുന്ന സ്ത്രീകളോട് ലൈംഗിക താൽപ്പര്യത്തോടെ മോശമായി പെരുമാറുന്നത് പഴയതുപോലെ സാധാരണമല്ലെങ്കിലും ഇപ്പോഴും ഏറിയും കുറഞ്ഞും തുടരുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്. ഇങ്ങനെയൊരു സംഭവം ഉണ്ടാകുമ്പോൾ തെളിവ് ശേഖരിക്കുന്നതിനായി വീഡിയോ ചിത്രീകരിക്കുന്നത് ഒന്നും തെറ്റാണെന്നു പറയാൻ കഴിയില്ല. എന്നാൽ അതിനേക്കാൾ പ്രധാനം തന്നോട് അന്തസ്സ് കെട്ട രീതിയിൽ പെരുമാറുന്ന പുരുഷനോട് ചുറ്റും നിൽക്കുന്നവർ കേൾക്കെ പ്രതികരിക്കുക എന്നതാണ്. മാത്രം പോരാ സംഭവം ഗൗരവം ഉള്ളതാണെങ്കിൽ യാത്രാവാഹനത്തിലെ ജീവനക്കാരോടും അടുത്തുള്ള പോലീസ് സ്റ്റേഷനിലും പരാതിപ്പെടുകയും വേണം.

പയ്യന്നൂരിലുണ്ടായ സംഭവത്തിൽ സമൂഹമാധ്യമത്തിൽ വീഡിയോ പോസ്റ്റ് ചെയ്ത് യുവതി വിചാരണയും ശിക്ഷയും എല്ലാം സ്വയം നടപ്പാക്കുകയായിരുന്നു. സമൂഹത്തിന്റെ നാനാഭാഗത്തുനിന്നും യുവതിക്കെതിരെ നിശിതമായ വിമർശനം ഉയരാൻ പ്രധാന കാരണം അതാണ്. അവർക്കെതിരായ മറ്റൊരു പ്രധാന ആരോപണം സമൂഹമാധ്യമത്തിൽ റീച്ചിനും ലൈക്കിനും വേണ്ടി ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിച്ച് ഒരു നിരപരാധിയുടെ ജീവൻ നഷ്ടപ്പെടുത്തി എന്നതാണ്. സംഭവത്തിൽ ആരാണ് അപരാധി. ആരാണ് നിരപരാധിയെന്ന് കോടതി നിശ്ചയിക്കട്ടെ.
എന്നാൽ സമൂഹമാധ്യമ ദുരുപയോഗം ഒട്ടനവധി വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതം തകർക്കുന്നുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് വരുമാനമാർഗ്ഗമായതോടെ പരമാവധി വൈറലാകുന്ന കണ്ടന്റുകൾ സൃഷ്ടിക്കുമ്പോൾ പലരും കരുണയും, മനുഷ്യത്വവും സമൂഹത്തോട് ഉത്തരവാദിത്വവും ഇല്ലാത്തവരായി മാറുന്നു.

രാഷ്ട്രീയ വിദ്വേഷത്തിന്റെയോ മതവിദ്വേഷത്തിന്റെയോ വ്യക്തിവിദ്വേഷത്തിന്റെയോ ഒക്കെ പേരിൽ തങ്ങൾക്കിഷ്ടമില്ലാത്തവരെ സ്വഭാവഹത്യയും വ്യക്തിഹത്യയും നടത്തി സമൂഹത്തിൽ കരിതേച്ചു കാണിക്കുന്ന പ്രവണതയും അനുദിനം വർദ്ധിക്കുകയാണ്. ഡിജിറ്റൽ സാക്ഷരതയിൽ മലയാളി മുന്നിലാണെന്നു പറയുമ്പോൾ തന്നെ ഡിജിറ്റൽ ലോകത്ത് ഒട്ടേറെ ക്രിമിനലുകളും സാമൂഹികവിരുദ്ധരും വിലസുന്നുണ്ട് എന്നതിൽ കൂടി ജാഗ്രത പാലിക്കേണ്ടതായിട്ടുണ്ട്. പൊതു ഇടത്തിലെ അത്തരം പോസ്റ്റുകളെ ഒരു ലൈക്ക് കൊണ്ട് പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യാൻ കഴിയുന്നത്. മാത്രമല്ല പൊതു ഇടത്തിൽ എന്തുപോസ്റ്റ് ചെയ്യുമ്പോഴും അതിൽ പരാമർശിക്കപ്പെടുന്നവരെ എങ്ങനെ ബാധിക്കും എന്ന് പലവട്ടം ആലോചിക്കണം. നിയമപാലകർ അവരുടെ ചുമതലയും കൃത്യമായി നിർവ്വഹിക്കണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.