
ന്യൂഡൽഹി: രാജ്യത്തെ നിയമ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ലോ കോളേജുകളിലും നേരിട്ട് പരിശോധന നടത്താൻ സർവകലാശാലകൾക്ക് നിർദേശം നൽകി ബാർ കൗൺസിൽ ഓഫ് ഇന്ത്യ . കൂടാതെ, അക്കാദമിക് നിലവാരം തകർക്കുന്ന തരത്തിലുള്ള ഈവനിംഗ്, വീക്കെൻഡ്, ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള ലോ കോഴ്‌സുകൾ ഉടൻ അവസാനിപ്പിക്കാനും ബി.സി.ഐ കർശന നിർദേശം നൽകി.
സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളെ തുടർന്നാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ രാജ്യവ്യാപകമായി ഈ കർശന നടപടിയിലേക്ക് കടന്നത്.
എല്ലാ അഫിലിയേറ്റഡ്, കോൺസ്റ്റിറ്റ്യൂവന്റ് ലോ കോളേജുകളിലും ആറ് ആഴ്ചയ്ക്കുള്ളിൽ നേരിട്ട് എത്തി ഫിസിക്കൽ ഇൻസ്പെക്ഷൻ നടത്താൻ സർവകലാശാലാ വൈസ് ചാൻസലർമാർക്കും രജിസ്ട്രാർമാർക്കും നിർദേശം നൽകി. കേവലം സത്യവാങ്മൂലങ്ങളെയോ ഓൺലൈൻ രേഖകളെയോ അടിസ്ഥാനമാക്കി പരിശോധന പൂർത്തിയാക്കാൻ പാടില്ല.തൊഴിൽ ചെയ്യുന്നവർക്കും പാർട്ട് ടൈം വിദ്യാർത്ഥികൾക്കുമായി നടത്തുന്ന ഈവനിംഗ്, വീക്കെൻഡ്, ഷിഫ്റ്റ് ക്ലാസുകൾ ഉടൻ നിർത്തിവെക്കണം. ഇത്തരം കോഴ്‌സുകളിലേക്ക് പുതിയ പ്രവേശനം അനുവദിക്കില്ല.
വീക്കെൻഡ്, ഈവനിംഗ് ക്ലാസുകളിലൂടെയോ പ്രോക്സി അറ്റൻഡൻസിലൂടെയോ നിയമ ബിരുദം നേടുന്നവർക്ക് എൻറോൾ ചെയ്യാനോ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാനോ കൗൺസിൽ അനുമതി നൽകില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിയമ വിദ്യാഭ്യാസം റഗുലർ സ്വഭാവമുള്ളതായിരിക്കണം. ഒരു ദിവസം കുറഞ്ഞത് 5 മണിക്കൂറും ആഴ്ചയിൽ കുറഞ്ഞത് 30 മണിക്കൂറും ക്ലാസുകൾ ഉണ്ടായിരിക്കണം.
ക്ലാസ് മുറികൾ, ലൈബ്രറികൾ, മൂട്ട് കോർട്ട് ഹാൾ, ഇന്റർനെറ്റ് സൗകര്യം എന്നിവയ്ക്ക് പുറമെ അധ്യാപകരുടെ യോഗ്യത, ശമ്പള വിതരണം, ഹാജർ എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.
കെ.ആർ. സുദർശൻ വി. ബാർ കൗൺസിൽ ഓഫ് തമിഴ്നാട് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഉന്നയിച്ച വാക്കാൽ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് ബി.സി.ഐ ഈ നടപടിയെടുത്തത്. അഫിലിയേഷൻ നൽകിയ ശേഷം കോളേജുകളിൽ കൃത്യമായ പരിശോധന നടത്തുന്നതിൽ സർവകലാശാലകൾ വീഴ്ച വരുത്തുന്നുവെന്ന് കോടതി വിമർശിച്ചിരുന്നു.










