
ന്യൂഡൽഹി: ഹൈദരാബാദ് നാൾസാർ ലോ സർവകലാശാലയിലെ 2026 ബാച്ച് ബിരുദധാരികൾക്ക് അഭിഭാഷകരായി എൻറോൾ ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ബാർ കൗൺസിൽ ഓഫ് ഇന്ത്യ പിൻവലിച്ചു. വിദ്യാർത്ഥികളിൽ ഭൂരിഭാഗവും നിരപരാധികളാണെന്നും അവർക്ക് ഇതിൽ പങ്കില്ലെന്നും വ്യക്തമാക്കിക്കൊണ്ടാണ് ബി.സി.ഐ കൗൺസിലിന്റെ നടപടി. 2026-ൽ ബിരുദം നേടിയ എല്ലാ നാൾസാർ വിദ്യാർത്ഥികൾക്കും അവരുടെ ഇഷ്ടാനുസൃതമുള്ള സംസ്ഥാന ബാർ കൗൺസിലുകളിൽ അഭിഭാഷകരായി എൻറോൾ ചെയ്യാം. സർവകലാശാലയുടെ ബിരുദദാന ചടങ്ങിലേക്ക് ചീഫ് ജസ്റ്റിസ് സൂര്യ കാന്തിനെ ക്ഷണിക്കുന്നതിനെതിരെ ഒരു വിഭാഗം വിദ്യാർത്ഥികൾ പ്രതിഷേധ പ്രചാരണം നടത്തിയതാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
പ്രതിഷേധത്തെ തുടർന്ന് ബി.സി.ഐ ചെയർമാൻ മനൻ കുമാർ മിശ്ര ആദ്യം എൻറോൾമെന്റ് തടഞ്ഞ് ഉത്തരവിറക്കിയെങ്കിലും, അടിയന്തരമായി ചേർന്ന കൗൺസിൽ യോഗം ഇത് പിൻവലിക്കുകയായിരുന്നു.
പ്രതിഷേധ പ്രചാരണങ്ങളിൽ ഭൂരിഭാഗം വിദ്യാർത്ഥികൾക്കും പങ്കില്ലെന്ന് ബി.സി.ഐ വിലയിരുത്തി. ഒരു കുറ്റവും ചെയ്യാത്ത വിദ്യാർത്ഥികളുടെ ഭാവി ഇതിന്റെ പേരിൽ പാഴാകരുതെന്നും, ചുരുക്കം ചില അധ്യാപകരും പുറത്തുനിന്നുള്ളവരുമാണ് വിദ്യാർത്ഥികളെ ഇളക്കിവിട്ടതെന്നുമാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സർവകലാശാല വൈസ് ചാൻസലറോട് ബാർ കൗൺസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടഞ്ഞുവെക്കില്ലെന്ന് ബി.സി.ഐ വ്യക്തമാക്കി. ഈ തീരുമാനം 2026 ബാച്ചിലെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.










