10:48am 13 September 2026
NEWS
ഫോണുണ്ടെങ്കിൽ എക്സ്–റേ ഫോട്ടോ എടുത്ത് തരും !
13/09/2026  08:23 AM IST
nila
ഫോണുണ്ടെങ്കിൽ എക്സ്–റേ ഫോട്ടോ എടുത്ത് തരും !

ബത്തേരി: എക്സ്–റേ എടുത്തതിന് പിന്നാലെ രോഗിക്ക് ഫിലിം പകർപ്പ് നൽകാതെ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്തുനൽകിയതായി പരാതി. ബത്തേരി താലൂക്ക് ആശുപത്രിയിലാണ് സംഭവം. ചീരാൽ കഴമ്പ് സ്വദേശിനി സുലൈഖയാണ് ആശുപത്രി അധികൃതർക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തോളെല്ലുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ സുലൈഖയോട് പരിശോധനയുടെ ഭാഗമായി എക്സ്–റേ എടുക്കാൻ ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഡോക്ടറെ കാണാൻ തന്നെ ഒരു മണിക്കൂറോളം കാത്തുനിന്നതിനു പിന്നാലെ എക്സ്–റേ ബിൽ അടയ്ക്കുന്നതിനും ഏകദേശം ഒരു മണിക്കൂർ കാത്തിരിക്കേണ്ടി വന്നതായി സുലൈഖ പറയുന്നു.

എക്സ്–റേ എടുത്തുകഴിഞ്ഞപ്പോഴാണ് ഫിലിം നൽകാനാകില്ലെന്ന വിവരം ജീവനക്കാർ അറിയിച്ചതെന്നാണ് പരാതി. ഇതിനായി മൊബൈൽ ഫോൺ ആവശ്യപ്പെട്ട ജീവനക്കാരോട് കാരണം തിരക്കിയപ്പോഴാണ് എക്സ്–റേ ഫിലിം തീർന്നെന്നും കമ്പ്യൂട്ടറിൽ ലഭ്യമായ ചിത്രത്തിന്റെ ഫോട്ടോ മൊബൈൽ ഫോണിൽ എടുത്തുനൽകാമെന്നും അറിയിച്ചത്.

തുടർന്ന് സുലൈഖയുടെ ഫോണിൽ തന്നെ എക്സ്–റേ ചിത്രത്തിന്റെ ഫോട്ടോ പകർത്തി നൽകുകയായിരുന്നു. ഇതിനായി 140 രൂപയാണ് ഇവരിൽനിന്ന് ഈടാക്കിയത്. എക്സ്–റേയുടെ ഫിലിം ലഭ്യമല്ലെന്ന കാര്യം ബിൽ അടയ്ക്കുന്ന സമയത്ത് ആശുപത്രിയിൽനിന്ന് അറിയിച്ചിരുന്നില്ലെന്നും സുലൈഖ പറഞ്ഞു.

എക്സ്–റേ ചിത്രങ്ങൾ സോഫ്റ്റ് കോപ്പിയായി ഇ–മെയിൽ വഴിയോ ഡോക്ടറുടെ പക്കലേക്കോ കൈമാറുന്ന രീതികൾ നിലവിലുണ്ടെങ്കിലും മൊബൈൽ ഫോണിൽ സ്‌ക്രീനിന്റെ ചിത്രം പകർത്തി നൽകുന്നത് കൃത്യതയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കൂടാതെ, എക്സ്–റേ ചിത്രത്തിന്റെ വ്യക്തതയോടെ ഫോട്ടോ എടുക്കാൻ കഴിയുന്ന മൊബൈൽ ഫോൺ എല്ലാ രോഗികളുടെയും കൈവശമുണ്ടാകണമെന്നില്ല. ചികിത്സയുടെ തുടർഘട്ടങ്ങളിൽ ആവശ്യമായ പരിശോധനാഫലം കൃത്യമായി ലഭ്യമാകുമോ എന്നതിലും ഇതോടെ ആശങ്ക ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img