
ഒരുകാലത്ത് ഇന്ത്യൻ പാദരക്ഷ വ്യവസായത്തിലെ മുൻനിരക്കാരായിരുന്നു ബാറ്റാ ഇന്ത്യക്ക് അടിപതറുന്നു. ന്യൂജനറേഷൻ പാദരക്ഷാ കമ്പനികളുടെ വ്യാപനമാണ് ബാറ്റയുടെ പ്രതാപത്തിന് മങ്ങലേൽപ്പിച്ചത്. ഇപ്പോഴിതാ, ഓഹരി വിപണിയിലും ബാറ്റ തകർച്ച നേരിടുകയാണ്. ഓഹരിവില ആയിരം കടക്കാൻ പാടുപെടുകയാണ് ബാറ്റ ഇപ്പോൾ. ഒരിക്കൽ 2,262 രൂപ വരെയെത്തിയ ബാറ്റയുടെ തിരിച്ചടിക്ക് കാരണങ്ങൾ പലതാണ്.
പാദരക്ഷ വിപണിയിലെ കടുത്ത മത്സരവും പഴയ സ്റ്റൈൽ ബിസിനസ് രീതികളുമാണ് കമ്പനിക്ക് വലിയ വെല്ലുവിളി ഉയർത്തുന്നത്. വിൽപ്പന വളർച്ച തടസ്സപ്പെടുകയും ലാഭം ഇടിയുകയും ചെയ്തതോടെ ബാറ്റയുടെ പ്രതാപം അസ്തമിക്കുകയാണോ എന്ന ചോദ്യവും സാമ്പത്തിക വിദഗ്ധർക്കിടയിൽ ഉയരുന്നുണ്ട്. ബാറ്റയുടെ പ്രകടനം തുടർച്ചയായി ദുർബലമാകുന്നതാണ് ഇത്തരം ഒരു ആശങ്കയുടെ അടിസ്ഥാനം.
ലാഭത്തിൽ ചരിത്രപരമായ ഇടിവ്
ബാറ്റയുടെ രണ്ടാം പാദ ഫലങ്ങൾ നിരാശാജനകമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ പാദത്തിൽ 52 കോടി രൂപയായിരുന്ന ലാഭം ഈ വർഷം വെറും 14 കോടി രൂപ മാത്രമായി ചുരുങ്ങി — 73ശതമാനമാണ് ഇടിവ്. ജിഎസ്ടി പരിഷ്‌കാരം വരുമെന്ന വാർത്തകൾ വന്നതോടെ ഉപഭോക്താക്കൾ വാങ്ങൽ നീട്ടിയതിനെ തുടർന്ന് ഡിമാൻഡ് താഴുകയായിരുന്നു എന്നാണ് കമ്പനിയുടെ വിശദീകരണം.
പക്ഷേ, പ്രശ്നം ഇതുമാത്രമല്ലെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. മുൻ പാദ ഫലങ്ങളും ബാറ്റയുടെ നിലനിൽപ്പ് പ്രതിസന്ധിയെ സൂചിപ്പിക്കുന്നവയാണ്.
ജൂൺ പാദ ലാഭം 174 കോടി രൂപയായിരുന്നു ഡിസംബറിൽ ഇത് 59 കോടി രൂപയായി കുറഞ്ഞു. മാർച്ചിൽ 46 കോടിയിലേക്ക് പിന്നെയും താഴ്ന്നു.
ലാഭക്കുറവിന്റെ ആഘാതത്തിൽ ബാറ്റയുടെ ഓഹരികളും കുത്തനെ ഇടിഞ്ഞു. കമ്പനിയുടെ വിപണിമൂല്യം 12,400 കോടി രൂപ വരെ കുറഞ്ഞിരിക്കുകയാണ്. വരുമാനത്തിലും ഈ സെപ്റ്റംബർ പാദത്തിൽ 4 ശതമാനം ഇടിവ് രേഖപ്പെടുത്തി.
കാലത്തിനൊത്ത് മാറാൻ ബാറ്റ മടിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ബാറ്റയുടെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ഇന്നും പഴയ മാതൃകയിലാണെന്നും ഇക്കൂട്ടർ കൂട്ടിച്ചേർത്തു.
ചെലവ് ചുരുക്കൽ ശ്രമങ്ങൾ ആരംഭിച്ചു
- പ്രതിസന്ധി നിയന്ത്രിക്കാൻ ബാറ്റ ഇതിനകം ചില നടപടികൾ ആരംഭിച്ചിട്ടുണ്ട്.
- ജീവനക്കാരെ കുറയ്ക്കാനായി വോളന്ററി റിട്ടയർമെന്റ് സ്കീം (VRS) അവതരിപ്പിച്ചു.
- പ്രവർത്തന ചെലവുകൾ നിയന്ത്രിക്കാനുള്ള പദ്ധതികളും നടപ്പിലാക്കുന്നുണ്ട്.
മത്സരം കനക്കുന്നു: ബാറ്റയുടെ നിലപാട് ആശങ്കാജനകം
ക്രോക്സ് പോലുള്ള ന്യൂജൻ ബ്രാൻഡുകൾ മുതൽ ചെറുകിട ഷൂ കമ്പനികൾ വരെയുള്ള വൻ മത്സരത്തിനിടയിൽ, പഴമയിലുറച്ച് നിൽക്കുന്ന ബാറ്റയ്ക്ക് വിപണിയിൽ പിടിച്ചു നിൽക്കുക കൂടുതൽ പ്രയാസമാകുകയാണ്. ഉപഭോക്തൃരുചിയും ട്രെൻഡും മാറുന്ന സമയത്ത്, നവീകരണത്തിനുള്ള ശ്രമങ്ങൾ ദുർബലമാണെന്ന വിമർശനം ശക്തമാണ്.










