
ദോഹ : ജപ്പാനിലെ ഐച്ചി-നാഗോയയിൽ നടക്കുന്ന 20-ാമത് ഏഷ്യൻ ഗെയിംസിൽ ഖത്തറിന്റെ ബാസെം ഹമീദയ്ക്ക് ചരിത്ര നേട്ടം. പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ താരം ഖത്തറിനായി സ്വർണ്ണമെഡൽ അണിഞ്ഞു. ഗെയിംസിൽ ഖത്തർ നേടുന്ന മൂന്നാം സ്വർണ്ണനേട്ടമാണിത്.
മത്സരത്തിന്റെ അവസാന മീറ്ററുകൾ വരെ മുന്നിലുണ്ടായിരുന്ന ജപ്പാൻ താരം തൈജു ഗോട്ടോയെ അവിശ്വസനീയമായ വേഗതയിൽ പിന്നിലാക്കിയാണ് 26-കാരനായ ബാസെം ഫിനിഷിംഗ് ലൈൻ തൊട്ടത്.സെമിഫൈനലിൽ 49.55 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഗ്രൂപ്പ് ടോപ്പറായാണ് ബാസെം ഫൈനലിലെത്തിയത്. 2023-ൽ ചൈനയിലെ ഹാങ്‌ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ വെള്ളി മെഡൽ നേടിയിരുന്ന ബാസെം, ഇത്തവണ അത് സ്വർണ്ണമാക്കി മാറ്റി. പരിക്കുമൂലം ഇത്തവണ മത്സരിക്കാനിറങ്ങാതിരുന്ന ഖത്തറിന്റെ മുൻ ചാമ്പ്യൻ അബ്ദുറഹ്മാൻ സാംബയ്ക്കുള്ള സമ്മാനം കൂടിയായി ബാസെമിന്റെ ഈ സ്വർണ്ണനേട്ടം.
ഈ സ്വർണ്ണത്തോടെ 2026 ഏഷ്യൻ ഗെയിംസിലെ ഖത്തറിന്റെ ആകെ സ്വർണ്ണനേട്ടം മൂന്നായി ഉയർന്നു. ഷൂട്ടിംഗ് സ്കീറ്റ് ഇൻഡിവിജ്വൽ വിഭാഗത്തിൽ റാഷിദ് അൽ അഥ്ബയും, പുരുഷന്മാരുടെ സ്കീറ്റ് ടീം ഇനവുമാണ് ഖത്തറിനായി മുൻപ് സ്വർണ്ണം നേടിയത്.










