
ദോഹ: 2027-ലെ ഫിബ (FIBA) ബാസ്കറ്റ്ബോൾ ലോകകപ്പിന് ഇനി കൃത്യം ഒരു വർഷം ശേഷിക്കെ, നവീകരിച്ച അൽ ജനൂബ് ആരീന 8,200 കാണികളെ സാക്ഷി നിർത്തി നാടിന് സമർപ്പിച്ചു. ഫുട്ബോൾ സ്റ്റേഡിയത്തിൽ നിന്ന് അത്യാധുനിക ബാസ്കറ്റ്ബോൾ സ്റ്റേഡിയമാക്കി മാറ്റി നിർമിച്ച അൽ ജനൂബ് ആരീനയിൽ നടന്ന ആദ്യ മത്സരത്തിൽ ഖത്തർ ദേശീയ ടീം ചൈനയോട് പൊരുതി തോറ്റു (സ്കോർ: 57-83). ലോകകപ്പ് ഏഷ്യൻ യോഗ്യതാ മത്സരങ്ങളുടെ രണ്ടാം ഘട്ടത്തിലായിരുന്നു ഖത്തറിന്റെ (അൽ അദാം) പോരാട്ടം.
ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ അൽ ഥാനി, ഖത്തർ ഒളിമ്പിക് കമ്മിറ്റി ജനറൽ സെക്രട്ടറി ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, അന്താരാഷ്ട്ര ബാസ്കറ്റ്ബോൾ ഫെഡറേഷൻ (FIBA) പ്രസിഡന്റ് ഷെയ്ഖ് സൗദ് ബിൻ അലി അൽ ഥാനി, ഫിബ ജനറൽ സെക്രട്ടറി ആൻഡ്രിയാസ് സഗ്ലിസ്, സംഘാടക സമിതി ഡയറക്ടർ ജനറൽ ഡോ. അഹമ്മദ് അബ്ദുള്ള അൽ ബുഐനൈൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.










