
മാർക്കറ്റ് കനാലിന്റെ വടക്ക് ഭാഗത്ത് ബേസിൻ റോഡ് അപകടാവസ്ഥയില്‍
കോർപ്പറേഷന്റെ അധീനതയിലുള്ള ബേസിൻ റോഡ്, മാർക്കറ്റ് കനാലിന്റെ വടക്കു വശത്തായി കുറെ ഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലാണെന്ന് കേരള മര്‍ച്ചന്റ്സ് ചേംബര്‍ ഓഫ് കോമേഴ്സ് ഭാരവാഹികള്‍ അറിയിച്ചു. ഷൺമുഖം റോഡിലെ പൊക്കുപാലത്തിനു കിഴക്കു വശത്തും, ബ്രോഡ് വേ പാലത്തിന്റെ പടിഞ്ഞാറു വശത്തുമുള്ള ഭാഗത്താണ് റോഡിന്റെ സൈഡ് ഇടിഞ്ഞിട്ടുള്ളത്.
20 ടണ്ണിലേറെ ഭാരം വഹിച്ചുവരുന്ന ചരക്കു ലോറികൾ പുലർച്ചെ ചരക്കിറക്കാനായി മാർക്കറ്റിലേക്ക് വരുന്ന റോഡിലാണ് ഇത്തരത്തിലുള്ള അപകടാവസ്ഥ നിലവിലുള്ളത്. ഇത് വളരെ ആശങ്കാജനകമാണെന്നും, ചരക്കു വാഹങ്ങൾ സൈഡ് ഒതുക്കുമ്പോൾ കനാലിലേയ്ക്ക് വീഴാനുള്ള സാധ്യത ഏറെയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. അത് ഒഴിവാക്കുവാൻ പ്രസ്തുത ഭാഗത്തേയ്ക്കുള്ള വാഹന ഗതാഗതം അടിയന്തരമായി നിരോധിക്കുകയും പ്രസ്തുത റോഡിൻറെ പുനർ നിർമാണം ഉടൻ നടത്തി അപകടാവസ്ഥ ഒഴിവാക്കുകയും ചെയ്യണമെന്ന് സംഘടനാ ഭാരവാഹികള്‍ കോര്പ്പറേഷന് അധികൃതരോട് അഭ്യർത്ഥിച്ചു.
Photo Courtesy - Google








