11:58pm 08 July 2026
NEWS
വിപിൻ ദാസിന്റെ ശിഷ്യനൊപ്പം ബേസിൽ ജോസഫ്; 'വാഴ' ടീമിന്റെ പുതിയ ചിത്രത്തിൽ ബേസിൽ നായകൻ


08/07/2026  10:46 AM IST
സുരേഷ് വണ്ടന്നൂർ
വിപിൻ ദാസിന്റെ ശിഷ്യനൊപ്പം ബേസിൽ ജോസഫ്; വാഴ ടീമിന്റെ പുതിയ ചിത്രത്തിൽ ബേസിൽ നായകൻ

മലയാള സിനിമയിലെ ജനപ്രിയ നടനും സംവിധായകനുമായ ബേസിൽ ജോസഫ് വീണ്ടുമൊരു പുതുമുഖ സംവിധായകനൊപ്പം കൈകോർക്കുന്നു. നവാഗതനായ രോഹിത് ജി.ആർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ബേസിൽ ജോസഫ് ഇനി നായകനാകുന്നത്. സൂപ്പർഹിറ്റ് ചിത്രം 'വാഴ' ഉൾപ്പെടെയുള്ള സിനിമകളുടെ സംവിധായകനായ വിപിൻ ദാസിന്റെ ദീർഘകാലത്തെ ശിഷ്യനും അസോസിയേറ്റുമാണ് രോഹിത്.
​'വാഴ' ഫ്രാഞ്ചൈസിയുടെ ബാനറായ ഡബള്യുബിടിഎസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന നാലാമത്തെ ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ഈ മാസം മധ്യത്തോടെ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം. സൂപ്പർഹിറ്റായി മാറിയ 'അതിരടി'ക്ക് ശേഷം ബേസിൽ ജോസഫ് വീണ്ടുമൊരു നവാഗത സംവിധായകന്റെ ചിത്രത്തിൽ നായകനാകുന്നു എന്ന പ്രത്യേകതയും ഈ പ്രൊജക്റ്റിനുണ്ട്.
​ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്ത 'അതിരടി' വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. കോളേജ് കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ ആ ചിത്രത്തിൽ 'സാം ബോയ്' എന്ന കഥാപാത്രത്തെയാണ് ബേസിൽ അവതരിപ്പിച്ചത്. ബേസിൽ ജോസഫ് എന്റർടൈൻമെന്റ്സും ഡോ. അനന്തു എന്റർടൈൻമെന്റ്സും ചേർന്നാണ് അത് നിർമ്മിച്ചത്.
​നസ്ലിൻ നായകനായ 'മോളിവുഡ് ടൈംസ്' ആണ് ബേസിൽ ജോസഫിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഇതിൽ 'സൂപ്പർ സ്റ്റാർ സ്വരൂപ്' എന്ന അതിഥി വേഷത്തിലാണ് താരം എത്തിയത്.
​അതേസമയം, അഭിനയത്തിന് പുറമെ ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് തെലുങ്ക് ചിത്രവും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഐക്കൺ സ്റ്റാർ അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിലൂടെ ബേസിൽ ടോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്. അല്ലു അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ നിർമ്മാണ കമ്പനിയായ ഗീത ആർട്സ് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയ്ക്ക് മുന്നോടിയായി ലോകേഷ് കനകരാജ്, സുകുമാർ എന്നിവരുടെ ചിത്രങ്ങളാകും അല്ലു അർജുൻ പൂർത്തിയാക്കുക. ഇതിന് ശേഷമാകും ബേസിൽ ജോസഫ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്നാണ് സൂചനകൾ.

 

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img