08:47pm 15 August 2026
NEWS
ഫുവൈരിത് തീരത്ത് വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങൾക്ക് തണലായി ബാർസാൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ
11/07/2026  11:00 AM IST
nila
ഫുവൈരിത് തീരത്ത് വിരിഞ്ഞിറങ്ങിയ കടലാമക്കുഞ്ഞുങ്ങൾക്ക് തണലായി ബാർസാൻ യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികൾ

 

ദോഹ: പ്രകൃതിയുടെ അത്ഭുതക്കാഴ്ചകളിലേക്ക് മിഴിതുറന്ന് ബാർസാൻ യൂണിവേഴ്സിറ്റി കോളേജ് (BUC) വിദ്യാർത്ഥികൾ. ഖത്തറിലെ വാർഷിക 'ഹോക്സ്ബിൽ' (Hawksbill) കടലാമകളുടെ മുട്ടവിരിയൽ സീസണിന്റെ ഭാഗമായി ഫുവൈരിത് ബീച്ചിലേക്ക് നടത്തിയ വിജ്ഞാനപ്രദമായ യാത്രയിലാണ് വിദ്യാർത്ഥികൾ അപൂർവ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിച്ചത്. സ്വിൻബേൺ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയുമായി പങ്കാളിത്തമുള്ള ബാർസാൻ കോളേജ്, ഖത്തർ പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയവുമായി (MoECC) സഹകരിച്ചാണ് ഈ വേറിട്ട പഠനയാത്ര സംഘടിപ്പിച്ചത്.
​വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങൾ മണൽക്കൂടുകളിൽ നിന്ന് വിരിഞ്ഞിറങ്ങി അറേബ്യൻ കടലിന്റെ നീലിമയിലേക്ക് യാത്രയാകുന്ന വിസ്മയക്കാഴ്ച വിദ്യാർത്ഥികൾ നേരിൽ കണ്ടു. തുടർന്ന് ഈ കുരുന്നുകളെ സുരക്ഷിതമായി കടലിലേക്ക് തുറന്നുവിടുന്ന പ്രക്രിയയിലും അവർ പങ്കാളികളായി.
​പരിസ്ഥിതി മന്ത്രാലയത്തിലെ വിദഗ്ദ്ധരുടെ മേൽനോട്ടത്തിലായിരുന്നു യാത്ര. കടലാമകളുടെ ജീവിതചക്രം, അവയുടെ പ്രജനന കേന്ദ്രങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പാരിസ്ഥിതിക പ്രാധാന്യം, കൂടുകൾ നിരീക്ഷിക്കാനും കുഞ്ഞുങ്ങളെ സംരക്ഷിക്കാനും ഖത്തറിന്റെ സമുദ്ര ജൈവവൈവിധ്യം നിലനിർത്താനും ഉപയോഗിക്കുന്ന ശാസ്ത്രീയ മാർഗ്ഗങ്ങൾ എന്നിവയെക്കുറിച്ച് വിദഗ്ദ്ധർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകി.
​കാലാവസ്ഥാ വ്യതിയാനം, സമുദ്ര മലിനീകരണം, മനുഷ്യന്റെ ഇടപെടലുകൾ, ആവാസവ്യവസ്ഥയുടെ നാശം എന്നിവ കാരണം ഈ ജീവിവർഗ്ഗം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ശാസ്ത്രീയ ഗവേഷണങ്ങളിലൂടെയും സർക്കാർ നയങ്ങളിലൂടെയും ഖത്തർ തീരദേശങ്ങളെ സംരക്ഷിക്കുന്നത് എങ്ങനെയെന്നും വിദ്യാർത്ഥികൾ മനസ്സിലാക്കി. പ്രകൃതിയെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കേണ്ടത് ഓരോ വ്യക്തിയുടെയും സമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്ന വലിയ തിരിച്ചറിവാണ് ഈ യാത്ര സമ്മാനിച്ചത്.
​"വംശനാശഭീഷണി നേരിടുന്ന ഹോക്സ്ബിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചതും അവയെ അറേബ്യൻ ഗൾഫിലേക്ക് വിട്ടയച്ചതും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളുടെ മനസ്സിലേക്ക് നേരിട്ടെത്തിച്ച അവിസ്മരണീയമായ അനുഭവമായിരുന്നു. പാഠപുസ്തക പഠനത്തെ രാജ്യത്തിന്റെ മുൻഗണനകളുമായി ബന്ധിപ്പിക്കാനും കൂടുതൽ സുസ്ഥിരമായ ഒരു ഭാവിക്കായി വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും പരിസ്ഥിതി മന്ത്രാലയവുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്ന് BUC ചീഫ് എക്സിക്യൂട്ടീവ് & വൈസ് ചെയർമാൻ
ഡോ. ഹസ്സൻ അൽ ദർഹംപറഞ്ഞു.ഇത്തരം അവസരങ്ങൾ വിദ്യാർത്ഥികളിൽ ജിജ്ഞാസയും സഹകരണ മനോഭാവവും പ്രശ്നപരിഹാര ശേഷിയും വളർത്തുമെന്നും, ഭാവിയിലെ സങ്കീർണ്ണമായ പാരിസ്ഥിതിക വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാൻ ഇത് ബിരുദധാരികളെ സഹായിക്കുമെന്നും BUC ഡീനും ചീഫ് അക്കാദമിക് ഓഫീസറുമായ ഡോ. ലോത്ഫി ബെൽഖീർ കൂട്ടിച്ചേർത്തു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img