
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ ബിജെപി മേയറും മകനും പങ്കെടുത്ത രക്ഷാബന്ധൻ പരിപാടിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും 45കാരിയായ സ്ത്രീ മരിച്ചു. മധു എന്ന സ്ത്രീയാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. ബറേലി ക്ലബ് ഗ്രൗണ്ടിലാണ് അപകടമുണ്ടായത്.
ബറേലി കോർപ്പറേഷൻ ബിജെപി മേയർ ഉമേഷ് ഗൗതത്തിനും മകൻ പാർഥ് ഗൗതത്തിനും രാഖി കെട്ടുന്നതിനായി ആയിരക്കണക്കിന് സ്ത്രീകളാണ് പരിപാടിക്കെത്തിയത്. രാഖി കെട്ടാനെത്തുന്നവർക്ക് സാരി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ വിതരണം ചെയ്തിരുന്നു. സമ്മാനങ്ങൾ വാങ്ങുന്നതിനായും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
20,000 സ്ത്രീകളെ ക്ഷണിച്ചു
ബറേലിയിലെ യുവ സേവക് സംഘും പാർഥ് ഗൗതം ഫൗണ്ടേഷനും സംയുക്തമായാണ് വ്യാഴാഴ്ച പരിപാടി സംഘടിപ്പിച്ചത്. രാവിലെ പത്ത് മണിയോടെ ആരംഭിച്ച പരിപാടിയിലേക്ക് ബറേലി നഗരത്തിൽനിന്നും സമീപ പ്രദേശങ്ങളിൽനിന്നുമായി ഏകദേശം 20,000 സ്ത്രീകളെയാണ് ക്ഷണിച്ചിരുന്നത്.
ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം സ്ത്രീകൾക്ക് പുറമെ പുരുഷന്മാരും കുട്ടികളും കൂടി എത്തിയതോടെ പരിപാടി നടക്കുന്ന സ്ഥലത്ത് തിരക്ക് നിയന്ത്രണാതീതമായി. ഇതിനിടെ നിരവധി സ്ത്രീകൾ ബോധരഹിതരായി വീണതായും റിപ്പോർട്ടുണ്ട്.
തിരക്ക് നിയന്ത്രിക്കാൻ മേയറും സംഘാടകരും ശ്രമിച്ചെങ്കിലും ഇതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റവരെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം, പരിപാടിക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നില്ലെന്ന് മരിച്ച മധുവിന്റെ സഹോദരൻ ആരോപിച്ചു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിനിടെയാണ് സ്ത്രീ മരിച്ചതെന്ന റിപ്പോർട്ടുകൾ മേയർ ഉമേഷ് ഗൗതം നിഷേധിച്ചു.










