11:16pm 17 May 2026
NEWS
അബുദാബിയിൽ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം
17/05/2026  05:48 PM IST
nila
അബുദാബിയിൽ ആണവനിലയത്തിന് സമീപം ഡ്രോൺ ആക്രമണം

അബുദാബി: അൽ ദഫ്രയിലെ ബറാക്ക ആണവനിലയത്തിന് സമീപം ഉണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം. നിലയത്തിന്റെ പ്രധാന സുരക്ഷാ മേഖലയ്ക്ക് പുറത്തുള്ള ഇലക്ട്രിക്കൽ ജനറേറ്ററിലാണ് ഇന്ന് ഉച്ചയോടെ തീപിടുത്തമുണ്ടായത്. സംഭവമുണ്ടായ ഉടൻ സുരക്ഷാ സേനയും അഗ്നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ ആളപായമോ പരുക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആണവ നിലയത്തിന്റെ പ്രവർത്തനങ്ങൾ സുരക്ഷിതമാണെന്നും വികിരണ ഭീഷണിയില്ലെന്നും അധികൃതർ അറിയിച്ചു.

ആണവ നിലയത്തിൻറെ സുരക്ഷയെയോ പ്രവർത്തനത്തെയോ തീപിടുത്തം ബാധിച്ചിട്ടില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ (FANR) അറിയിച്ചു. പ്ലാന്റിലെ എല്ലാ അവശ്യ സംവിധാനങ്ങളും പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും എല്ലാ യൂണിറ്റുകളും തടസ്സങ്ങളില്ലാതെ സാധാരണഗതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും എഫ്എഎൻആർ പറഞ്ഞു. നിലയത്തിൻറെയും പരിസര പ്രദേശങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

അതേസമയം, സംഭവത്തെക്കുറിച്ച് കിംവദന്തികളോ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളോ പ്രചരിപ്പിക്കരുതെന്നും ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങളിൽ മാത്രം ആശ്രയിക്കണമെന്നും ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. തെറ്റായ വിവരങ്ങൾ പങ്കുവയ്ക്കുന്നവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. പൂർണമായും പ്രവർത്തന സജ്ജമായ നാല് APR1400 ആണവ റിയാക്ടറുകളാണ് ബറാക്ക ആണവനിലയത്തിലുള്ളത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img