
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ. ജോർജ്‌ടൗൺ സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ ബാദർ ഖാൻ സൂരിയാണ് അറസ്റ്റിലായത്. ഹമാസ് അനുകൂല പ്രചാരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് ഉന്നത ഹമാസ് നേതാക്കളുമായി ബന്ധമുണ്ടെന്നും ആരോപണമുണ്ട്.
വാഷിംഗ്ടൺ ഡിസിയിലുള്ള ജോർജ്‌ടൗൺ സർവകലാശാലയിലെ എഡ്മണ്ട് എ. വാൽഷ് സ്‌കൂൾ ഒഫ് ഫോറിൻ സർവീസിലെ അൽവലീദ് ബിൻ തലാൽ സെന്റർ ഫോർ മുസ്ലീം-ക്രിസ്ത്യൻ അണ്ടർസ്റ്റാൻഡിംഗിൽ പോസ്റ്റ്ഡോക്ടറൽ ഫെലോയാണ് ഡോ. ബാദർ ഖാൻ സൂരി. ഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ നെൽസൺ മണ്ടേല സെന്റർ ഫോർ പീസ് ആന്റ് കോൺഫ്ളിക്‌സ് റെസല്യൂഷനിൽ നിന്ന് പീസ് ആന്റ് കോൺഫ്ളിക്‌സ് സ്റ്റഡീസിൽ പിഎച്ച്‌ഡി നേടിയ ശേഷമാണ് ഇയാൾ പോസ്റ്റ് ഡോക്കിനായി അമേരിക്കയിലേക്ക് പോയത്.
തിങ്കളാഴ്‌ച രാത്രി വിർജീനിയയിലെ വീട്ടിൽ നിന്നാണ് ബാദറിനെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ബാദറിന്റ വിസ സർക്കാർ റദ്ദാക്കുകയും നാടുകടത്താൻ തീരുമാനിക്കുകയുമായിരുന്നു.











