
ബാറിൽ മദ്യപിക്കുന്നവർ വാഹനമോടിച്ചു ബാറിനു പുറത്തിറങ്ങുന്നതു ബാറുടമയുടെ ഉത്തരവാദിത്തമാക്കി നിയമനിർമാണം കൊണ്ടുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയത്തിൽ ഇക്കാര്യമുണ്ടാകുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ബാറിൽ നിന്നും മദ്യപിച്ചിറങ്ങുന്നവർക്കു പ്രത്യേക ഡ്രൈവർമാരെ നിയോഗിക്കുകയോ, മറ്റു സൗകര്യം ഏർപ്പെടുത്തുകയോ വേണം. മദ്യപിച്ചു വാഹനമോടിക്കുന്നവർ അപകടമുണ്ടാക്കുന്നതു തടയാനാണു നിർദേശം.
മദ്യപിച്ച് വാഹനമോടിച്ചുണ്ടാകുന്ന അപകടങ്ങൾ കേരളത്തിൽ വലിയ സാമൂഹിക വിപത്തായി മാറിക്കൊണ്ടിരിക്കുകയാണ്. മദ്യപിച്ച് വാഹനമോടിക്കരുതെന്ന നിയമവും ബോധവത്കരണവും പരിശോധനകളും പിഴയുമെല്ലാം നിലനിൽക്കുന്നുണ്ടെങ്കിലും ഇത്തരം അപകടങ്ങൾക്ക് കുറവില്ല. മദ്യപിച്ച് വാഹനമോടിക്കുന്ന വ്യക്തിയെ മാത്രം കുറ്റക്കാരനായി കാണുന്നതിനപ്പുറം, അപകടം സംഭവിക്കുന്നതിനുമുമ്പ് അത് തടയാൻ കഴിയുന്ന സംവിധാനങ്ങൾ കൂടി ഒരുക്കേണ്ട സമയമാണിത്. ഇക്കാര്യത്തിൽ ഗോവ സർക്കാർ മുന്നോട്ടുവച്ച നിർദേശം കേരളത്തിനും മാതൃകയാക്കാവുന്നതാണ്.
പരിധിവിട്ട് മദ്യപിക്കുന്ന ഉപഭോക്താക്കളെ സ്വന്തം വാഹനമോടിച്ച് മടങ്ങാൻ അനുവദിക്കരുതെന്നും അവർക്ക് പകരം ടാക്സിയോ ക്യാബോ ഏർപ്പെടുത്തി സുരക്ഷിതമായി താമസസ്ഥലത്ത് എത്തിക്കണമെന്നുമാണ് ഗോവൻ സർക്കാരിന്റെ നിർദേശം. ഉപഭോക്താക്കളുടെ വാഹനങ്ങൾ ബാറിൽ സുരക്ഷിതമായി സൂക്ഷിക്കാനും അടുത്ത ദിവസം അവരെത്തി കൊണ്ടുപോകാനുള്ള സൗകര്യമൊരുക്കാനും കഴിയണം.
ഇത് കേവലം ഒരു ഗതാഗതനിയമ നിർദേശമല്ല. മദ്യവിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കും പൊതുസുരക്ഷയിൽ ഉത്തരവാദിത്തമുണ്ടെന്ന സന്ദേശം കൂടിയാണിത്. മദ്യം വിറ്റുകിട്ടുന്ന വരുമാനത്തിൽ മാത്രം സ്ഥാപനങ്ങളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ലെന്നും മദ്യപാനത്തെത്തുടർന്ന് ഉണ്ടാകാവുന്ന അപകടങ്ങൾ തടയുന്നതിനും അവർ സഹകരിക്കണമെന്നുമാണ് ഗോവ മുന്നോട്ടുവയ്ക്കുന്ന ആശയം.
കേരളത്തിലും ഈ മാതൃക ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നതിനെ തുടർന്നുള്ള അപകടങ്ങളും മരണങ്ങളും തുടർക്കഥകളാകുകയാണ്. ഇത് ഒഴിവാക്കാൻ പ്രതിരോധ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണം. നിലവിൽ പൊലീസ് പരിശോധനകളും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരായ നടപടികളും നടക്കുന്നുണ്ടെങ്കിലും ഇവയെല്ലാം അപകടസാധ്യത സൃഷ്ടിക്കുന്ന സാഹചര്യം ഉണ്ടായതിനുശേഷമുള്ള നടപടികളാണ്. അപകടം സംഭവിക്കുന്നതിനുമുമ്പ് ഇടപെടാൻ കഴിയുന്ന സംവിധാനമാണ് വേണ്ടത്.
കേരളത്തിൽ പ്രവർത്തിക്കുന്ന ബാറുകൾക്ക് ഉപഭോക്താക്കൾക്കായി സുരക്ഷിത യാത്രാസൗകര്യം ഒരുക്കുന്നത് നിർബന്ധമാക്കുന്ന നയം സർക്കാർ പരിഗണിക്കണം. ഇതിനായി ബാറുകളിൽനിന്ന് ടാക്സി, ഓൺലൈൻ ക്യാബ് സേവനങ്ങളിലേക്കുള്ള നേരിട്ടുള്ള ബുക്കിങ് സൗകര്യം ഒരുക്കാം. സ്വന്തം വാഹനത്തിലെത്തുന്നവർക്ക് മദ്യപിച്ചശേഷം വാഹനം ഓടിക്കാതെ മടങ്ങാൻ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള സംവിധാനവും ഒരുക്കാവുന്നതാണ്. ഇത്തരം സൗകര്യങ്ങൾക്കായി പ്രാദേശിക ടാക്സി തൊഴിലാളികളെയും ഡ്രൈവർമാരെയും ഉൾപ്പെടുത്തി പ്രത്യേക ശൃംഖല രൂപീകരിക്കുന്നതും പ്രായോഗികമായിരിക്കും. ഇതിലൂടെ സംസ്ഥാനത്ത് മറ്റൊരു തൊഴിൽ മേഖല കൂടി രൂപപ്പെടും എന്നതും പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.
ഇതിനൊപ്പം ബാറുകളിൽ എത്തുന്ന ഉപഭോക്താക്കളുടെ മദ്യപാനനില വിലയിരുത്തുന്നതിനും അമിതമായി മദ്യപിച്ചവരെ സ്വന്തം വാഹനമോടിച്ച് പോകുന്നതിൽനിന്ന് പിന്തിരിപ്പിക്കുന്നതിനും ജീവനക്കാർക്ക് പരിശീലനം നൽകണം. മദ്യപിച്ച വ്യക്തി വാഹനം ഓടിക്കാൻ ശ്രമിച്ചാൽ ബാർ ജീവനക്കാർക്ക് പൊലീസിന്റെയോ അംഗീകൃത ടാക്സി സേവനത്തിന്റെയോ സഹായം തേടാനുള്ള സംവിധാനവും വേണം. എന്നാൽ, ഉപഭോക്താക്കളെ നിർബന്ധിച്ച് തടഞ്ഞുവയ്ക്കുന്നതിനുപകരം സുരക്ഷിത യാത്ര ഉറപ്പാക്കുന്ന തരത്തിലായിരിക്കണം സംവിധാനം പ്രവർത്തിക്കേണ്ടത്.
കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുമ്പോൾ ചില കാര്യങ്ങളിൽ വ്യക്തമായ മാർഗനിർദേശങ്ങൾ ആവശ്യമാണ്. യാത്രാസൗകര്യത്തിന്റെ ചെലവ് ആരാണ് വഹിക്കേണ്ടത്, ഉപഭോക്താവിന്റെ വാഹനം എത്രനേരം സുരക്ഷിതമായി സൂക്ഷിക്കണം, ക്യാബ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ എന്തുചെയ്യണം തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ വ്യക്തത വരുത്തണം. ചെറിയ ബാറുകൾക്കും വലിയ സ്ഥാപനങ്ങൾക്കും ഒരേ രീതിയിലുള്ള ബാധ്യത അടിച്ചേൽപ്പിക്കുന്നതിനുപകരം സ്ഥാപനത്തിന്റെ വലുപ്പവും ഉപഭോക്താക്കളുടെ എണ്ണവും പരിഗണിച്ചുള്ള സംവിധാനം ഒരുക്കാം. സ്വന്തം വാഹനത്തിൽ മദ്യപിക്കാനെത്തുന്ന ഉപഭോക്താക്കളിൽ നിന്നും വീട്ടിലെത്തിക്കുന്നതിനുള്ള പണം മുൻകൂറായി വാങ്ങാനുള്ള സൗകര്യവും ഒരുക്കാം.
മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകൾക്കൊപ്പം ബാറുകളിൽനിന്ന് സുരക്ഷിതമായി മടങ്ങാനുള്ള സംവിധാനവും ഉറപ്പാക്കണം. ഇതിനായി എക്സൈസ്, മോട്ടോർ വാഹന വകുപ്പ്, പൊലീസ്, തദ്ദേശസ്ഥാപനങ്ങൾ എന്നിവയുടെ സംയുക്ത മേൽനോട്ടത്തിൽ പദ്ധതി നടപ്പാക്കാം.
മദ്യപിച്ച് വാഹനമോടിക്കുന്നതിലൂടെ അപകടത്തിൽപ്പെടുന്നത് വാഹനം ഓടിക്കുന്ന വ്യക്തി മാത്രമല്ല. റോഡിലൂടെ യാത്ര ചെയ്യുന്ന നിരപരാധികളായ ആളുകളുടെയും കുടുംബങ്ങളുടെയും ജീവിതമാണ് അപകടത്തിലാകുന്നത്. ഒരാളുടെ അശ്രദ്ധമൂലം മറ്റൊരാളുടെ ജീവിതം തകരുന്ന സാഹചര്യം ഒഴിവാക്കാൻ നിയമനടപടികൾക്കൊപ്പം സാമൂഹിക ഉത്തരവാദിത്തവും ഉറപ്പാക്കണം.
മദ്യവിൽപ്പനയിൽനിന്ന് സർക്കാരിന് വലിയ വരുമാനം ലഭിക്കുന്ന കേരളത്തിൽ മദ്യപാനത്തെത്തുടർന്നുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുന്നതിനും സർക്കാർ അതേ ഗൗരവം കാണിക്കണം. മദ്യപിച്ചെത്തുന്ന ഉപഭോക്താവിന് സുരക്ഷിതമായി വീട്ടിലെത്താനുള്ള സൗകര്യം ഒരുക്കുക എന്നത് ബാറുകളുടെ അധിക ഉത്തരവാദിത്തമായി മാറണം. മദ്യം വിൽക്കുന്ന സ്ഥാപനങ്ങൾക്കൊപ്പം ഉപഭോക്താക്കളും തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയുന്ന സാഹചര്യം സൃഷ്ടിക്കണം.
ഗോവ മുന്നോട്ടുവച്ച നിർദേശം കേരളത്തിന് അനുകരിക്കാവുന്ന ഒരു മാതൃകയാണ്. മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടി പിഴ ഈടാക്കുന്നതിനപ്പുറം അവർ വാഹനം ഓടിച്ച് റോഡിലിറങ്ങുന്ന സാഹചര്യം തന്നെ ഒഴിവാക്കുകയാണ് വേണ്ടത്. ശിക്ഷയെക്കാൾ പ്രതിരോധത്തിന് പ്രാധാന്യം നൽകുന്ന ഇത്തരം സംവിധാനങ്ങളിലൂടെ മാത്രമേ റോഡപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് കൂടുതൽ ഫലമുണ്ടാകൂ.










