04:48pm 07 November 2026
NEWS
ബാങ്കുകൾ തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കും; ഇടപാടുകൾ നേരത്തെ തീർക്കാൻ എസ്ബിഐയുടെ മുന്നറിയിപ്പ്
20/09/2026  06:48 PM IST
nila
 ബാങ്കുകൾ തുടർച്ചയായി അഞ്ച് ദിവസം അടഞ്ഞുകിടക്കും; ഇടപാടുകൾ നേരത്തെ തീർക്കാൻ എസ്ബിഐയുടെ മുന്നറിയിപ്പ്

രാജ്യത്തെ ബാങ്കിങ് മേഖലയെ ബാധിക്കുന്ന നിർണായക ദിവസങ്ങളാണ് വരുന്നത്. ജീവനക്കാരുടെ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിനൊപ്പം വാരാന്ത്യ അവധികളും എത്തുന്നതോടെ ബാങ്ക് ശാഖകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തിക്കാത്ത സാഹചര്യമാണുള്ളത്. ഇതോടെ ശാഖകളിൽ നേരിട്ട് എത്തി നടത്തേണ്ട ഇടപാടുകൾ നേരത്തെ പൂർത്തിയാക്കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഉപഭോക്താക്കൾക്ക് നിർദേശം നൽകി.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ ഉൾപ്പെടെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) ആണ് രണ്ടാം ഘട്ട പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 28, 29, 30 തീയതികളിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. 

സെപ്റ്റംബർ 26 നാലാം ശനിയാഴ്ചയായതിനാൽ ബാങ്കുകൾക്ക് അവധിയാണ്. 27 ഞായറാഴ്ചയും ബാങ്കുകൾ പ്രവർത്തിക്കില്ല. തുടർന്ന് 28, 29, 30 തീയതികളിൽ പണിമുടക്ക് കൂടി വരുന്നതോടെ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് ശാഖകൾ അടഞ്ഞുകിടക്കും. അതിനാൽ സെപ്റ്റംബർ 26 ആയിരിക്കും ഈ ആഴ്ചയിലെ ബാങ്കുകളുടെ അവസാന പ്രവർത്തിദിനം.

ബാങ്ക് ശാഖയിൽ നേരിട്ട് എത്തി നടത്തേണ്ട പണമിടപാടുകൾ, ചെക്ക് സംബന്ധമായ കാര്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കഴിയുന്നതും സെപ്റ്റംബർ 26ന് മുൻപ് പൂർത്തിയാക്കാനാണ് എസ്ബിഐ നിർദേശിച്ചിരിക്കുന്നത്.

അതേസമയം, പണിമുടക്ക് ദിവസങ്ങളിലും അവശ്യ ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് എസ്ബിഐ അറിയിച്ചു. പണം പിൻവലിക്കാനും മറ്റ് സാധാരണ ആവശ്യങ്ങൾക്കുമായി എടിഎം, ഇന്റർനെറ്റ് ബാങ്കിങ് തുടങ്ങിയ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കാം. യോനോ, യുപിഐ സേവനങ്ങളും സാധാരണ നിലയിൽ തുടരുമെന്നാണ് ബാങ്കിന്റെ അറിയിപ്പ്.

രാജ്യത്തെ ബാങ്കുകളുടെ പ്രവൃത്തിദിനങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസമാക്കി ചുരുക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ പ്രധാന ആവശ്യം. റിസർവ് ബാങ്ക്, സെബി തുടങ്ങിയ സാമ്പത്തിക സ്ഥാപനങ്ങളുടെ മാതൃകയിൽ ബാങ്കുകൾക്കും അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കണമെന്നാണ് ആവശ്യം.

2024 മാർച്ചിൽ ബാങ്ക് മാനേജ്മെന്റുകളുടെ കൂട്ടായ്മയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐബിഎ) അഞ്ച് ദിവസത്തെ പ്രവൃത്തിവാരം നടപ്പാക്കുന്നതിനുള്ള തീരുമാനമെടുത്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് തുടർനടപടികൾ ഉണ്ടായില്ല. 

ഇക്കാര്യത്തിൽ കേന്ദ്ര ലേബർ കമ്മിഷണറുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ അടുത്ത യോഗം ഒക്ടോബർ 15ന് നടക്കും. ചർച്ചയിലൂടെ പരിഹാരം ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നാണ് യൂണിയനുകളുടെ മുന്നറിയിപ്പ്. നേരത്തെ സെപ്റ്റംബർ 11നും സംഘടനകൾ പണിമുടക്ക് നടത്തിയിരുന്നു.

തുടർച്ചയായി ശാഖകൾ അടഞ്ഞുകിടക്കുന്നത് രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ ബാധിക്കാതിരിക്കാനുള്ള നടപടികളും കേന്ദ്രസർക്കാർ ആരംഭിച്ചിട്ടുണ്ട്. പൊതുമേഖലാ ബാങ്കുകളുടെയും പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെയും സിഇഒമാർ, ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, നബാർഡ് എന്നിവരുടെ യോഗം തിങ്കളാഴ്ച ധനമന്ത്രാലയം വിളിച്ചിട്ടുണ്ട്.

പണിമുടക്ക് കാലയളവിൽ അവശ്യ ബാങ്കിങ് സേവനങ്ങൾ തടസപ്പെടാതിരിക്കാനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് കേന്ദ്രസർക്കാർ ബാങ്കുകൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img