
ന്യൂയോർക്ക്: ലോകപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ടൈംസ് സ്ക്വയറിൽ നടന്ന കത്തിയാക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്കയുടെ ബിസിനസ് സിലക്‌ഷൻ വിഭാഗം വൈസ് പ്രസിഡന്റ് എറിൻ പിയാചെന്റി (32) കൊല്ലപ്പെട്ടു. ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. ആക്രമണം നടത്തിയ ക്വീൻസ് സ്വദേശിനി പാമല (49)യെ പൊലീസ് വെടിവച്ച് കൊലപ്പെടുത്തി.
തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് ടൈംസ് സ്ക്വയറിൽ ആക്രമണമുണ്ടായത്. അടുക്കളയിൽ ഉപയോഗിക്കുന്ന തരത്തിലുള്ള രണ്ട് കത്തികളുമായാണ് പാമല സ്ഥലത്തെത്തിയത്. റോഡ് മുറിച്ചുകടക്കുന്നതിനായി ഭാര്യയ്ക്കൊപ്പം കാത്തുനിന്ന 68 വയസ്സുകാരനെയാണ് ആദ്യം ഇവർ ആക്രമിച്ചത്.
തുടർന്ന് സ്ഥലത്തുനിന്ന് നടന്നുനീങ്ങിയ പാമലയുടെ മുന്നിൽ എറിൻ പിയാചെന്റി എത്തുകയായിരുന്നു. ഇവരുടെ വയറ്റിൽ കുത്തേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ എറിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണത്തിന് പിന്നാലെ പൊലീസ് നടത്തിയ ഇടപെടലിലാണ് പാമല വെടിയേറ്റ് മരിച്ചത്. ഇവർ നേരത്തെ മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.










