07:15pm 07 November 2026
NEWS
നാളെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
10/09/2026  12:12 PM IST
nila
നാളെ ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

ന്യൂഡൽഹി: ബാങ്കിൽ പോകാനുണ്ടെങ്കിൽ ഇന്ന് തന്നെ പോയി ഇടപാടുകൾ തീർക്കുന്നതാണ് നല്ലത്. ജീവനക്കാരുടെ നാളത്തെ പണിമുടക്ക് പിൻവലിക്കുന്നതിനായി നടത്തിയ അനുരഞ്ജന ചർച്ച പരാജയപ്പെട്ടതോടെ പണിമുടക്കുമായി മുന്നോട്ടുപോകുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ വ്യക്തമാക്കി. പണിമുടക്കിന് പിന്നാലെ തുടർച്ചയായ അവധികളും എത്തുന്നതിനാൽ ബാങ്കുകളുടെ ശാഖാ പ്രവർത്തനം ദിവസങ്ങളോളം തടസപ്പെടും.

ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് ഒത്തുതീർപ്പുണ്ടാകാതെ പോയത്. ഇതോടെ നാളത്തെ പണിമുടക്ക് നടക്കുമെന്ന് ഉറപ്പായി. ശനി, ഞായർ ദിവസങ്ങളിലെ അവധിയും ഇതിനൊപ്പം വരുന്നതിനാൽ മൂന്ന് ദിവസം തുടർച്ചയായി ബാങ്കുകൾ അടഞ്ഞുകിടക്കും.

ചില സംസ്ഥാനങ്ങളിൽ തിങ്കളാഴ്ച വിനായക ചതുർഥി അവധിയായതിനാൽ ബാങ്കിങ് സേവനങ്ങളുടെ തടസം നാല് ദിവസത്തേക്ക് നീളാനും സാധ്യതയുണ്ട്. അതിനാൽ പണം പിൻവലിക്കൽ, ചെക്ക് ഇടപാടുകൾ, മറ്റ് ശാഖാ സേവനങ്ങൾ എന്നിവ ആവശ്യമുള്ളവർ മുൻകരുതലെടുക്കണം.

അതേസമയം എടിഎമ്മുകളും ഓൺലൈൻ ബാങ്കിങ്, യുപിഐ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഇടപാടുകളും സാധാരണ നിലയിൽ തുടരാനാണ് സാധ്യത.

രണ്ടാംഘട്ട പണിമുടക്ക് 28, 29, 30 തീയതികളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് മുൻപുള്ള 26ന് നാലാം ശനി അവധിയും 27ന് ഞായറാഴ്ച അവധിയുമാണ്. അതിനാൽ പണിമുടക്കും അവധിയും ചേർന്ന് അഞ്ച് ദിവസത്തോളം ബാങ്കുകളുടെ സാധാരണ പ്രവർത്തനം തടസപ്പെടുന്ന സാഹചര്യമാണുള്ളത്.

ഇതിലും വലിയ സമരത്തിലേക്കാണ് ബാങ്ക് ജീവനക്കാരുടെ സംഘടനകൾ പിന്നീട് നീങ്ങുന്നത്. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്ചയിൽ അഞ്ച് ദിവസം മാത്രം ബാങ്കുകൾ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറ്റണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. 2024 മാർച്ചിൽ തന്നെ ബാങ്ക് മാനേജ്മെന്റുകളുടെ സംഘടനയായ ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ അഞ്ച് ദിവസത്തെ പ്രവൃത്തിദിനത്തിന് അനുകൂലമായി തീരുമാനമെടുത്തിരുന്നു. എന്നാൽ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് തുടർനടപടി ഉണ്ടായില്ലെന്നാണ് യൂണിയനുകളുടെ ആരോപണം.

വിവിധ കക്ഷികൾ ഉൾപ്പെടുന്ന വിഷയമായതിനാൽ കൂടുതൽ വിശാലമായ കൂടിയാലോചനകൾ ആവശ്യമാണെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

ജീവനക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി പൊതുമേഖലാ ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥർക്കുള്ള പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) പദ്ധതി മരവിപ്പിച്ചിരുന്നെങ്കിലും സമരത്തിൽനിന്ന് പിന്നോട്ടുപോകാൻ യൂണിയനുകൾ തയ്യാറായിട്ടില്ല.

ബെഫി, എഐബിഇഎ, എഐബിഒസി, എൻസിബിഇ എന്നിവയുൾപ്പെടെ ഏഴ് ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദിയായ യുഎഫ്ബിയുവാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

തൊഴിൽ കമ്മിഷണറുമായി യൂണിയനുകളുടെ അടുത്ത ചർച്ച ഒക്ടോബർ 15ന് നടക്കും. അതുവരെ വിഷയത്തിൽ പരിഹാരം കണ്ടെത്താനായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാകാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img