
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരം മാറ്റിവച്ചു. ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന സമരമാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) താൽക്കാലികമായി പിൻവലിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കുന്ന തരത്തിൽ ശനിയാഴ്ചകളിലെ അവധി സംബന്ധിച്ച് പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും. വിഷയത്തിൽ വിശദമായ ചർച്ച നടത്തി പരിഹാരം കണ്ടെത്താനാണ് തീരുമാനം. ഉപഭോക്താക്കൾക്ക് സേവന തടസ്സമുണ്ടാകാത്ത രീതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഐബിഎ അറിയിച്ചു.
സമരം മാറ്റിവച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും. സമരം മുന്നിൽക്കണ്ട് ഇന്നലെ ഞായറാഴ്ചയും നിരവധി ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.
അഞ്ച് ദിവസത്തെ പ്രവൃത്തിദിനം നടപ്പാക്കണമെന്നതാണ് ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. ഇതിന് പുറമെ പെൻഷൻ പരിഷ്കരണം നടപ്പാക്കുക, എൻപിഎസ് പരിധിയിലുള്ള ജീവനക്കാർക്ക് പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാൻ അവസരം നൽകുക തുടങ്ങിയ ആവശ്യങ്ങളും യൂണിയനുകൾ ഉന്നയിച്ചിട്ടുണ്ട്.
ഈ ആവശ്യങ്ങളിൽ ചിലത് നേരത്തെ ഐബിഎ അംഗീകരിച്ച് കേന്ദ്രസർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിരുന്നു. എന്നാൽ അന്തിമ തീരുമാനം വൈകുന്നതാണ് യൂണിയനുകളുടെ പ്രതിഷേധത്തിന് കാരണമായത്. ചർച്ചയിലൂടെ ശേഷിക്കുന്ന വിഷയങ്ങൾക്കും വേഗത്തിൽ പരിഹാരം കാണുമെന്ന ഉറപ്പിനെ തുടർന്നാണ് സമരം താൽക്കാലികമായി മാറ്റിവച്ചത്.











