09:37am 06 August 2026
NEWS
എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പരിശോധിക്കുന്നു; കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും
04/08/2026  09:35 AM IST
nila
എംഡിഎംഎ കേസിൽ പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പരിശോധിക്കുന്നു; കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

വടകര: എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന അധ്യാപികമാരെ കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ അപേക്ഷ ചൊവ്വാഴ്ച കോടതി പരിഗണിക്കും. കേസിൽ അറസ്റ്റിലായ പേരാമ്പ്ര ബിആർസി സ്പെഷ്യലിസ്റ്റ് അധ്യാപികമാരായ കീർത്തന, കാവ്യ, നീഷ്മ, ഡെലിവറി ബോയ് ജിജിൻ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്നതിനായാണ് അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, പ്രതികളായ അധ്യാപികമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോൺ കോളുകളുടെ വിശദാംശങ്ങളും പരിശോധിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനും അന്വേഷണ സംഘം തുടക്കമിട്ടിട്ടുണ്ട്. എടിഎം വഴിയുള്ള പണമിടപാടുകളും അന്വേഷണ പരിധിയിലുണ്ട്.

എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ ബാങ്കുകൾക്ക് അന്വേഷണ സംഘം കത്ത് നൽകിയിട്ടുണ്ട്. പണം പിൻവലിച്ച വ്യക്തികളെ തിരിച്ചറിഞ്ഞാൽ അവരെയും കേസിൽ പ്രതിചേർക്കാനുള്ള സാധ്യതയുണ്ടെന്നാണ് വിവരം.

സൈബർ സെല്ലിന്റെ സഹായത്തോടെ ആയിരക്കണക്കിന് ഫോൺ കോളുകളുടെ വിവരങ്ങളും പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട പണം മുഴുവൻ വയനാട് സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. എംഡിഎംഎയുടെ മൊത്ത വിതരണക്കാരനെന്നാണ് സംശയിക്കുന്ന ഇയാളെ കണ്ടെത്താനുള്ള ശ്രമം ശക്തമാക്കിയിട്ടുണ്ട്. ആവശ്യമായാൽ ഇയാൾക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനിടെ, പ്രതിയായ കീർത്തന സമർപ്പിച്ച ജാമ്യാപേക്ഷയിൽ വാദം തിങ്കളാഴ്ച വടകര എൻഡിപിഎസ് കോടതി കേട്ടു. കാവ്യ, നീഷ്മ, ജിജിൻ എന്നിവരും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. പ്രതികളുടെ ജാമ്യാപേക്ഷകൾക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kozhikode
img