03:17pm 18 September 2026
NEWS
കണ്ണൂരിൽ വീണ്ടും ബംഗ്ലാദേശി യുവതികൾ അറസ്റ്റിൽ; രണ്ടുദിവസത്തിനിടെ പിടിയിലായത് അഞ്ച് പേർ
17/09/2026  08:46 AM IST
nila
കണ്ണൂരിൽ വീണ്ടും ബംഗ്ലാദേശി യുവതികൾ അറസ്റ്റിൽ; രണ്ടുദിവസത്തിനിടെ പിടിയിലായത് അഞ്ച് പേർ

കണ്ണൂരിൽ അനധികൃതമായി താമസിച്ച് ജോലി ചെയ്തതായി കണ്ടെത്തിയ നാല് ബംഗ്ലാദേശി യുവതികളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഒരാൾ പിടിയിലായതിന് പിന്നാലെയാണ് നാല് പേരെ കൂടി കസ്റ്റഡിയിലെടുത്തത്. ഇതോടെ രണ്ട് ദിവസത്തിനിടെ കണ്ണൂരിൽ അറസ്റ്റിലായ ബംഗ്ലാദേശി പൗരന്മാരുടെ എണ്ണം അഞ്ചായി.

നസ്മ അഖ്തർ (40), തസ്ലിമ (25), മൊയ്‌ന (29), നസ്‌റിൻ ബീബി (28) എന്നിവരാണ് അറസ്റ്റിലായത്. താണയിലെ ക്വാർട്ടേഴ്‌സിൽ താമസിച്ച് നഗരത്തിലെ സ്പാ മസാജ് സെന്ററിൽ ജോലി ചെയ്യുകയായിരുന്നു ഇവരെന്ന് പോലീസ് പറഞ്ഞു.

ഇന്റലിജൻസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയ നാല് പേരെയും റിമാൻഡ് ചെയ്തു.

ടൗൺ പോലീസ് ഇൻസ്‌പെക്ടർ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിലായിരുന്നു നടപടി. ടൗൺ എസ്.ഐ. ടി.കെ. അഖിലും സംഘവും പരിശോധനയിൽ പങ്കെടുത്തു. സി.പി.ഒമാരായ കിരൺ, വിജേഷ്, പി.സി. നീതു എന്നിവരും സംഘത്തിലുണ്ടായിരുന്നു.

കണ്ണൂരിൽ അഞ്ച് ബംഗ്ലാദേശി യുവതികൾ പിടിയിലായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ബംഗ്ലാദേശിൽനിന്ന് ആളുകളെ അതിർത്തി കടത്തി ഇന്ത്യയിലെത്തിക്കുന്നതിന് പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുന്നതായാണ് പോലീസിന് ലഭിച്ച വിവരം.

ബംഗ്ലാദേശിൽനിന്ന് അതിർത്തി കടന്നെത്തുന്നവരെ ആദ്യം പശ്ചിമബംഗാളിൽ എത്തിക്കും. തുടർന്ന് ഫോട്ടോ ഉപയോഗിച്ച് ആധാർ കാർഡും മൊബൈൽ സിം കാർഡും സംഘടിപ്പിക്കുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പിന്നീട് വിവിധ സംസ്ഥാനങ്ങളിലേക്ക് ജോലിക്കായി അയയ്ക്കുന്നതായും പോലീസ് പറയുന്നു.

രേഖകളിലെ ഫോട്ടോയും യഥാർഥ വ്യക്തിയും തമ്മിൽ സാമ്യമുണ്ടാകുന്നതിനാൽ പരിശോധനകളിൽ എളുപ്പത്തിൽ തിരിച്ചറിയപ്പെടാത്ത സാഹചര്യമുണ്ടാകാമെന്നും അന്വേഷണ സംഘം പറയുന്നു. എന്നാൽ രേഖകളിലെ വിലാസങ്ങളിൽ പലതും കൃത്യമല്ലെന്നാണ് വിവരം.

കേരളത്തിലെത്തുന്നവരിൽ പലരും സ്പാ, മസാജ് സെന്ററുകളിലാണ് ജോലി ചെയ്യുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഏജന്റുമാർ വഴിയാണ് പ്രധാനമായും റിക്രൂട്ട്‌മെന്റ് നടക്കുന്നതെന്നും പോലീസ് പറയുന്നു.

ജോലിസ്ഥലത്തിനും താമസസ്ഥലത്തിനുമിടയിൽ മാത്രം സഞ്ചരിക്കുന്ന രീതിയിലാണ് പലരും കഴിയുന്നത്. ഒഴിവുദിവസങ്ങളിലും ജോലി ചെയ്യുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ശമ്പളത്തിന് പുറമെ ലഭിക്കുന്ന ടിപ്പാണ് ഈ മേഖലയിലേക്ക് കൂടുതൽ പേരെ ആകർഷിക്കുന്നതെന്നും പോലീസ് പറയുന്നു.

20 മുതൽ 50 വയസ്സുവരെയുള്ളവരാണ് ഇത്തരത്തിൽ എത്തുന്നവരിൽ കൂടുതലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കണ്ണൂരിന് പുറമെ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും അനധികൃതമായി കഴിയുന്ന ബംഗ്ലാദേശി പൗരന്മാരുണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം.

അറസ്റ്റിലായവരുടെ റിമാൻഡ് കാലാവധി പൂർത്തിയായ ശേഷം നിയമനടപടികൾ പാലിച്ച് ബംഗ്ലാദേശിലേക്ക് തിരിച്ചയക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി.വി. വിജയ് ഭരത് റെഡ്ഡി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img