
ഡൽഹിയിലെ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച അഞ്ച് ബംഗ്ലദേശികൾ അറസ്റ്റിൽ. കഴിഞ്ഞ കുറച്ചുകാലമായി ഡൽഹിയിൽ താമസിച്ച് വിവിധ ജോലികൾ ചെയ്യുന്ന യുവാക്കളാണ് പിടിയിലായത്. ഇരുപത് വയസിനും ഇരുപത്തഞ്ച് വയസിനും ഇടയിൽ പ്രായമുള്ളവരാണ് ചെങ്കോട്ടയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകൾ ഇവരുടെ പക്കൽനിന്നും പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് അതീവ സുരക്ഷാ മേഖലയിൽ കടന്നുകയറാൻ അഞ്ചംഗ സംഘം ശ്രമിച്ചത്.
അതേസമയം, സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഭാഗമായി ഡൽഹി പൊലീസ് നടത്തിയ മോക് ഡ്രില്ലിനിടെ ഡമ്മി ബോംബ് കണ്ടെത്താൻ സാധിക്കാത്തതിൽ നടപടി എടുത്തു. ശനിയാഴ്ച നടന്ന മോക് ഡ്രില്ലിനിടെ ‘ഡമ്മി ബോംബുമായി’ ഒരാൾ ചെങ്കോട്ടയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഈ ‘ഡമ്മി ബോംബ്’ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഹെഡ് കോൺസ്റ്റബിൾമാരും കോൺസ്റ്റബിൾമാരും ഉൾപ്പെടെ ഏഴു പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്.
അതിനിടെ, ഹരിയാനയിൽ അനധികൃതമായി താമസിച്ചിരുന്ന 10 ബംഗ്ലദേശി പൗരൻമാർ അറസ്റ്റിലായി. ഗുരുഗ്രാം പൊലീസ് ആണ് ശനിയാഴ്ച ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് കണ്ടെടുത്ത തിരിച്ചറിയൽ രേഖകളിൽനിന്ന് ബംഗ്ലദേശി പൗരത്വം സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരെ ഉടൻ നാടുകടത്തുമെന്നും പൊലീസ് അറിയിച്ചു.











