വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയായിരുന്ന നടി അറസ്റ്റിൽ

വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയായിരുന്ന ബംഗ്ലാദേശ് സ്വദേശിനിയായ നടി അറസ്റ്റിൽ. ശാന്ത പോൾ എന്ന ഇരുപത്തെട്ടുകാരിയാണ് അറസ്റ്റിലായത്. മോഡലും നടിയുമായ ശാന്ത, ബംഗ്ലദേശ് വിമാന കമ്പനിയിൽ എയർഹോസ്റ്റസായും ജോലി ചെയ്തിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇന്ത്യക്കാരനെ വിവാഹം കഴിച്ച് വ്യാജരേഖകൾ ചമച്ച് ഇവിടെതന്നെ കഴിയുകയായിരുന്നു.
2023ലാണ് ശാന്ത പോൾ ഇന്ത്യയിലെത്തിയത്. പിന്നീട് ആന്ധ്ര സ്വദേശിയായ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഷ്‌റഫിനെ വിവാഹം കഴിച്ചു. വിവാഹത്തിന് പിന്നാലസെ ഇരുവരും കൊൽക്കത്തയിൽ ഒരു ഫ്ലാറ്റ് വാടകയ്ക്കെടുത്ത് താമസം ആരംഭിക്കുകയായിരുന്നു. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നതിന് വ്യാജ അധാർ കാർഡും പാൻകാർഡും വോട്ടർ ഐഡിയുമാണ് നൽകിയത്. കുടുംബവുമായി പ്രശ്നങ്ങളുള്ളതിനാലാണ് കൊൽക്കത്തയിൽ താമസിക്കുന്നതെന്നാണ് ഫ്ലാറ്റിന്റെ ഉടമസ്ഥനോട് പറഞ്ഞത്.
രണ്ടു വിലാസങ്ങളിലായി രണ്ട് ആധാർ കാർഡുകൾ യുവതിയുടെ കൈവശമുണ്ടായിരുന്നു. പ്രാദേശിക ഏജന്റ് വഴിയാണ് വ്യാജരേഖകൾ നിർമിച്ചതെന്ന് പൊലീസ് പറയുന്നു. ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് നിരവധി സൗന്ദര്യ മത്സരങ്ങളിൽ ശാന്ത പോൾ പങ്കെടുത്തിട്ടുണ്ട്. 2016ൽ ഇന്തോ-ബംഗ്ലാ സൗന്ദര്യ മത്സരത്തിൽ ബംഗ്ലദേശിനെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019ൽ കേരളത്തിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ മത്സരത്തിലും പങ്കെടുത്തിരുന്നു.
ശാന്ത പോൾ രണ്ടു വർഷമായി തമിഴ്, ബംഗാളി സിനിമകളിൽ അഭിനയിച്ചു വരികയായിരുന്നു. ഒരു ഒഡിയ സിനിമയിൽ അഭിനയിക്കാൻ കരാർ ഒപ്പുവച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. യുവതി നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.











