
അബുദാബി: ബിഗ് ടിക്കറ്റിൽ ആദ്യമായി ഭാഗ്യം പരീക്ഷിച്ച മരപ്പണിക്കാരന് 2,50,000 ദിർഹം (ഏകദേശം 56 ലക്ഷം രൂപ) എന്ന വൻ സമ്മാനം. അജ്മാനിൽ ജോലി ചെയ്യുന്ന ബംഗ്ലാദേശ് സ്വദേശിയായ മുഹമ്മദ് മൊഹിനാണ് അപ്രതീക്ഷിത ഭാഗ്യം കൈവന്നത്. അബുദാബി ഗ്രാൻഡ് പ്രീയുടെ ഭാഗമായി യാസ് മറീന സർക്കിറ്റിൽ നടന്ന ‘ബിഗ് ടിക്കറ്റ് ഫോർമുല വൺ ഡ്രൈവർ തീം ഗെയിം’യിലാണ് മുപ്പതുകാരനായ മുഹമ്മദ് മൊഹിൻ ലക്ഷാധിപതിയായത്. ആദ്യ ശ്രമത്തിൽ തന്നെ ഇത്തരമൊരു വലിയ വിജയം ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിൽ വളരെ അപൂർവമാണെന്ന് അധികൃതർ വ്യക്തമാക്കി.
പ്രമോഷന്റെ ഭാഗമായി, യാച്ചിൽ നടന്ന ഗെയിമിൽ മൊഹിനടക്കമുള്ള പങ്കാളികൾ ഓരോരുത്തരും സീസൺ ഫൈനലിൽ മത്സരിക്കുന്ന ഒരു എഫ്1 ഡ്രൈവറുടെ പേര് തിരഞ്ഞെടുക്കേണ്ടി വന്നു. തുടർന്ന്, ബിഗ് ടിക്കറ്റ് സംഘം 3, 6, 10, 13, 18 എന്നീ അഞ്ച് ഫിനിഷിങ് സ്ഥാനങ്ങൾ നിശ്ചയിച്ചു. മൊഹിൻ തിരഞ്ഞെടുത്ത റേസിങ് ബുൾസിന്റെ ഡ്രൈവർ ലിയാം ലോസൺ യാദൃശ്ചികമായി 18-ാം സ്ഥാനത്തെത്തുകയും അതുവഴി മൊഹിന് ബംപർ സമ്മാനം ലഭിക്കുകയും ചെയ്തു. ‘റേസ് ആൻഡ് ലക് ലഗ്സറി യാച്ച്’ പ്രമോഷന്റെ ഭാഗമായിരുന്നു മത്സരം.
“ഞാൻ ജയിക്കും എന്ന് ഒരിക്കലും വിചാരിച്ചില്ല. പത്ത് വർഷമായി ഗ്രാൻഡ് പ്രീ കാണുന്നുണ്ടെങ്കിലും ഇതാദ്യമായാണ് ബിഗ് ടിക്കറ്റ് വാങ്ങിയത്. ആദ്യ ശ്രമത്തിൽ തന്നെ വിജയിച്ചു,” എന്നാണ് മൊഹിൻ ആവേശത്തോടെ പറഞ്ഞത്. ലോസണെ പരിചയമുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, വെറുതെ ആ പേര് തിരഞ്ഞെടുത്തതാണ്” എന്നായിരുന്നു ചിരിയോടെയുള്ള മൊഹിന്റെ മറുപടി.
ലഭിച്ച സമ്മാനം 72 കുടുംബാംഗങ്ങളുമായി പങ്കിടാനാണ് മൊഹിന്റെ തീരുമാനം. ഇവരിൽ പലരും ആദ്യമായാണ് ബിഗ് ടിക്കറ്റിൽ പങ്കെടുക്കുന്നത്. “ഇനിയും ടിക്കറ്റുകൾ വാങ്ങും. യാസ് മറീന സർക്കിറ്റിൽ ഫോർമുല വൺ റേസ് കണ്ടുകൊണ്ട് നിമിഷം ആസ്വദിക്കുകയാണ്. ഇവയെല്ലാം എന്റെ സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്ന അനുഭവങ്ങളാണ്,” എന്നും അദ്ദേഹം പറഞ്ഞു.










