02:33am 29 October 2026
NEWS
ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; ഏഴുപേർ അറസ്റ്റിൽ
20/12/2025  03:34 PM IST
nila
 ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് കൊലപ്പെടുത്തി മരത്തിൽ കെട്ടിത്തൂക്കി; ഏഴുപേർ അറസ്റ്റിൽ

ധാക്ക: ബംഗ്ലദേശിൽ ഹിന്ദു യുവാവിനെ മതനിന്ദ ആരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തി. മൈമൻസിങ് പട്ടണത്തിൽ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. ദീപു ചന്ദ്രദാസിനെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം മരത്തിൽ കെട്ടിത്തൂക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തതായി ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് അറിയിച്ചു. 

വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന നേതാവായ ഷറീഫ് ഉസ്മാൻ ഹാദി (32)യുടെ മരണമാണ്രാജ്യത്ത് നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ആക്കം കൂട്ടിയത്. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അധികാര നഷ്ടത്തിനും രാജ്യം വിട്ടുപോകുന്നതിനും വഴിവച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയ ഹാദി, ഒരാഴ്ച മുൻപ് വെടിയേറ്റ് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രി മരിച്ചു.

ഇതിനിടെ, ബംഗ്ലദേശിലെ പ്രമുഖ പത്രസ്ഥാപനങ്ങളായ പ്രൊഥോം ആലോയുടെയും ഡെയ്‌ലി സ്റ്റാർറിന്റെയും ഓഫിസുകൾക്ക് നേരെ കലാപകാരികൾ ആക്രമണം നടത്തുകയും തീ കൊളുത്തുകയും ചെയ്തു. ആക്രമണത്തെ തുടർന്ന് ഓഫിസുകൾ അടച്ചിടേണ്ടിവന്നു. ഓൺലൈൻ പതിപ്പുകളുടെ പ്രവർത്തനം ഏകദേശം 17 മണിക്കൂർ തടസ്സപ്പെട്ടു. നിരവധി കംപ്യൂട്ടറുകളും പണവും ജീവനക്കാരുടെ സ്വകാര്യ വസ്തുക്കളും നഷ്ടപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു. ഓഫിസിലെ ഒന്നാം നില മുതൽ മൂന്നാം നില വരെ വ്യാപകമായ നാശനഷ്ടങ്ങളുണ്ടായതായും ജീവനക്കാർ അറിയിച്ചു.

ഇത്തരം അക്രമങ്ങൾ രാജ്യത്ത് അനുവദിക്കില്ലെന്ന് മുഹമ്മദ് യൂനുസ് വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കുന്നതിനായി ധാക്ക ഉൾപ്പെടെ വിവിധ നഗരങ്ങളിൽ പൊലീസ്, സുരക്ഷാസേനകൾ എന്നിവരെ വിന്യസിച്ചതായും അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img