
ധാക്ക: ഇന്ധനവിതരണത്തിൽ താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ. അമേരിക്ക, ഇസ്രയേൽ - ഇറാൻ സംർഷത്തെ തുടർന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിലാണ് നടപടി. എണ്ണവിതരണം കുറയുമെന്ന ആശങ്കയിൽ വാഹനഉടമകൾ വലിയ തോതിൽ പെട്രോൾ പമ്പുകളിലേക്ക് ഒഴുകിയെത്തിയതോടെയാണ് അധികൃതർ വെള്ളിയാഴ്ച മുതൽ നിയന്ത്രണം നടപ്പാക്കിയത്.
ഇപ്പോൾ ബംഗ്ലാദേശിൽ ഇരുചക്രവാഹനങ്ങൾക്ക് ദിവസത്തിൽ പരമാവധി രണ്ട് ലിറ്റർ പെട്രോൾ മാത്രമേ അനുവദിക്കൂ. കാറുകൾക്ക് 10 ലിറ്റർ, ജീപ്പ്-മിനിബസുകൾക്ക് 20 മുതൽ 25 ലിറ്റർ വരെ, പൊതുഗതാഗത വാഹനങ്ങൾക്ക് 70 മുതൽ 80 ലിറ്റർ വരെ ലഭിക്കും. ദീർഘദൂര ഗതാഗത വാഹനങ്ങൾക്ക് ദിവസേന പരമാവധി 220 ലിറ്റർ ഡീസൽ അനുവദിച്ചിട്ടുണ്ട്.
അന്ധന ആവശ്യകതയുടെ ഏകദേശം 95 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റുന്ന ബംഗ്ലാദേശിൽ നിലവിലെ സാഹചര്യം ആശങ്കയുണ്ടാക്കുന്നുണ്ട്. സംഘർഷം രൂക്ഷമാകുന്നതിനിടയിൽ ചില ഡീലർമാർ ഇന്ധനം പൂഴ്ത്തിവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. മറുവശത്ത്, പമ്പുകളിൽ എത്തുന്ന ഇന്ധനവിതരണം കുറവായതാണെന്ന് പമ്പുടമകൾ പറയുന്നുണ്ട്.
അതേസമയം രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സർക്കാർ അറിയിച്ചു. മതിയായ സ്റ്റോക്ക് നിലവിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. മാർച്ച് 9ന് ഇന്ധനവുമായി രണ്ട് കപ്പലുകൾ രാജ്യത്ത് എത്തുമെന്ന് ഊർജമന്ത്രി ഇഖ്ബാൽ ഹസൻ മഹ്‌മൂദ് തുകു അറിയിച്ചു. ഒരേസമയം പെട്രോൾ പമ്പുകളിലേക്ക് കൂട്ടത്തോടെ എത്താതിരിക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യം പ്രധാനമന്ത്രിയെ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.











