10:02pm 28 October 2026
NEWS
ബം​ഗ്ലാദേശിൽ ഒന്നരപതിറ്റാണ്ടിന് ശേഷം ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും
13/02/2026  08:07 AM IST
nila
ബം​ഗ്ലാദേശിൽ  ഒന്നരപതിറ്റാണ്ടിന് ശേഷം ബിഎൻപി അധികാരത്തിലേക്ക്; താരിഖ് റഹ്‌മാൻ പ്രധാനമന്ത്രിയാകും

ധാക്ക: ഒന്നരപതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വീണ്ടും അധികാരത്തിലേക്ക്. 350 അംഗ ബം​ഗ്ലാദേശ് പാർലമെന്റിലെ 299 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷത്തിനാവശ്യമായ 151 സീറ്റുകൾ പാർട്ടി മറികടന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വോട്ടെടുപ്പിൽ 47.9 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.

പാർട്ടി ചെയർമാനും പ്രധാനമന്ത്രി സ്ഥാനാർഥിയുമായ താരിഖ് റഹ്‌മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയം നേടി. കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമായ ബംഗ്ലാദേശ് നിർമ്മിക്കുമെന്ന വാഗ്ദാനവുമായി അദ്ദേഹം മുന്നോട്ട് വന്നിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ബിഎൻപി സ്ഥിരമായ മുന്നേറ്റം തുടരുകയാണ്.

മറ്റുവശത്ത്, ജമാഅത്തെ ഇസ്ലാമി നയിച്ച എതിർമുന്നണിക്ക് 34 സീറ്റുകൾ മാത്രമാണ് ലഭിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് വൻ തിരിച്ചടിയാണ് നേരിടേണ്ടിവന്നത്.

ബിഎൻപി സ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‍മാൻ്റെ മകനും, മൂന്ന് തവണ പ്രധാനമന്ത്രിയായ അന്തരിച്ച ഖാലിദ സിയയുടെ പുത്രനുമാണ് താരിഖ്. മുൻ ഭരണകൂടത്തിന്റെ രാഷ്ട്രീയ സമ്മർദ്ദങ്ങളെ തുടർന്ന് പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം 2025 അവസാനത്തോടെ രാജ്യത്തേക്ക് മടങ്ങിയെത്തിയിരുന്നു.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് തിരഞ്ഞെടുപ്പിൽ നിന്ന് വിലക്കപ്പെട്ട സാഹചര്യത്തിൽ, ബിഎൻപിയും ജമാഅത്തെ ഇസ്ലാമി നയിച്ച മുന്നണിയും തമ്മിലായിരുന്നു പ്രധാന പോരാട്ടം. തിരഞ്ഞെടുപ്പ് ഫലങ്ങൾ ബംഗ്ലാദേശിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img