
പതിനാറാമത് ബംഗളുരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നിന് ആരംഭിക്കും. വിധാനസൗധ അങ്കണത്തിൽ മാർച്ച് ഒന്ന് വൈകുന്നേരം സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, അതിഥികൾ തുടങ്ങിയവരുടെ സജീവ സാന്നിധ്യത്തിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം നിർവ്വഹിക്കും. ലോകസിനിമ വിഭാഗത്തിൽ യു എസ് എ, യു കെ, ജർമ്മനി, ഫ്രാൻസ്, സൗത്ത് കൊറിയ, പോളണ്ട്, ജോർജിയ, ബ്രസിൽ, ബെൽജിയം, നെതർലാൻഡ്സ്, ഫിൻലാൻഡ്, ഇറാൻ, അർജന്റീന, കാനഡ, ഡൻമാർക്ക്, ഗ്രീസ്, റഷ്യ, ഫിലിപ്പെയിൻ, റൊമാനിയ, ജപ്പാൻ, സ്പെയിൻ, ഇന്തോനേഷ്യ, ഇറ്റലി, എന്നീ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പുതിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. അറുപത് രാജ്യങ്ങളിൽ നിന്നുള്ള ഇരുനൂറിലേറെ ചിത്രങ്ങളാണ് മേളയിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിക്കുക. എല്ലാ വിഭാഗങ്ങളിലും കൂടി ആകെ 400 പ്രദർശനങ്ങൾ ഉണ്ടായിരിക്കും.അന്തരിച്ച ചലച്ചിത്രപ്രതിഭകളെ ആദരിക്കുന്ന വിഭാഗത്തിൽ എം ടിയുടെ നിർമ്മാല്യം പ്രദർശിപ്പിക്കുന്നുണ്ട്. ക്ലാസിക്ക് വിഭാഗത്തിൽ ജി അരവിന്ദന്റെ തമ്പ്, കുമ്മാട്ടി എന്നീ ചിത്രങ്ങൾ പ്രദർശിപ്പിക്കും ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ ഏഷ്യൻ മത്സരവിഭാഗത്തിൽ ഇടം നേടിയിട്ടുണ്ട്. അപ്പുറം (സംവിധാനം, ഇന്ദു ലക്ഷ്മി), ലെവൽ ക്രോസ് (അർഫാസ് അയൂബ്), വിശേഷം (സൂരജ് ടോം) എന്നീ മലയാള ചിത്രങ്ങൾ ഇന്ത്യൻ സിനിമാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജാജിനഗറിലെ ഓറിയാൻ മാൾ ആണ് പ്രധാന പ്രദർശന വേദി. ഡലിഗേറ്റ് പാസ്സുകളുടെ വിതരണം ആരംഭിച്ചു. ചലച്ചിത്രോത്സവം മാർച്ച് എട്ടിന് അവസാനിക്കും.
Photo Courtesy - Google











