01:35pm 01 August 2026
NEWS
തോത്താപുരി മാമ്പഴം ആന്ധ്രയിലേക്ക് കൊണ്ടുപോകാൻ വിലക്ക്; കർണാടകത്തിലെ കൃഷിക്കാർ പ്രതിസന്ധിയിൽ
16/06/2025  11:34 AM IST
വിഷ്ണുമംഗലം കുമാർ
തോത്താപുരി മാമ്പഴം ആന്ധ്രയിലേക്ക് കൊണ്ടുപോകാൻ വിലക്ക്; കർണാടകത്തിലെ കൃഷിക്കാർ പ്രതിസന്ധിയിൽ

ബംഗളുരു: കർണാടകവും ആന്ധ്രാപ്രദേശും തമ്മിൽ തോത്താപുരി മാമ്പഴത്തിന്റെ പേരിൽ രൂക്ഷമായ തർക്കം ഉടലെടുത്തിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലും തൊട്ടുകിടക്കുന്ന കർണാടകത്തിലെ അതിർത്തി ഗ്രാമങ്ങളിലുമാണ് തോത്താപുരി മാമ്പഴം വിപുലമായി കൃഷി ചെയ്യുന്നത്. തത്തയുടെ കൊക്കിന്റെ ആകൃതിയിലായതിനാലാണ് ഈ മാമ്പഴത്തിന് ആ പേര് കൈവന്നത്. സത്തെടുക്കാൻ ഏറ്റവും അനുയോജ്യമായ മാമ്പഴ ഇനമാണിത്. മാമ്പഴസത്ത് ഉൽപ്പാദിപ്പിക്കുന്ന ഏതാനും ഫാക്ടറികൾ ചിറ്റൂരിലുണ്ട്. ആ ഫാക്ടറികൾക്ക് വേണ്ടിയാണ് ചിറ്റൂരിലെയും കർണാടക അതിർത്തി ഗ്രാമങ്ങളിലെയും ഗ്രാമീണർ തോത്താപുരി മാമ്പഴം വ്യാപകമായി കൃഷിചെയ്യുന്നത്. ടണ്ണിന് മുപ്പതിനായിരം രൂപ വരെ വിലയുണ്ടായിരുന്ന ഈ ഇനം മാമ്പഴത്തിന് കഴിഞ്ഞ വർഷം വില വല്ലാതെ ഇടിഞ്ഞു. കിലോയ്ക്ക് ആറുരൂപ പോലും ലഭിക്കാത്ത അവസ്ഥ. നിസ്സഹായകരായി തീർന്ന കൃഷിക്കാരെ സഹായിക്കാനായി ആന്ധ്രാപ്രദേശ് ഗവണ്മെന്റ് കിലോയ്ക്ക് എട്ടുരൂപ താങ്ങുവിലയായി നിശ്ചയിച്ചു. അതിന് പുറമെ നാലുരൂപ സബ്‌സിഡിയും പ്രഖ്യാപിച്ചു. ഫാക്ടറികൾ കൃഷിക്കാർക്ക് കിലോയ്ക്ക് എട്ടുരൂപ നൽകുമ്പോൾ ഗവണ്മെന്റ് നാലുരൂപ സബ്‌സിഡിയും നൽകിപ്പോന്നു. കൃഷിക്കാർക്ക് വലിയ ആശ്വാസമായിരുന്നു ഗവണ്മെന്റിന്റെ ഈ തീരുമാനം. ചിറ്റൂരിലെ ഫാക്ടറികൾക്ക് ഈ സീസണിൽ 5.5 ലക്ഷം ടൺ തോത്താപുരി മാമ്പഴം ആവശ്യമുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാൽ കർണാടകത്തിൽ താങ്ങുവിലയോ സബ്‌സിഡിയോ ഇല്ല.  ഇത്തവണ വിളവ് കൂടുതലുമാണ്. കിലോയ്ക്ക് അഞ്ചുരൂപ നിരക്കിൽ കർണാടകത്തിൽ നിന്ന് ചിറ്റൂരിലെ ഫാക്ടറികൾ മാമ്പഴം വാങ്ങാൻ തുടങ്ങിയത് ആന്ധ്രയിലെ കൃഷിക്കാരെ ദുരിതത്തിലാക്കി. അവർക്ക് ഗവണ്മെന്റ് നിശ്ചയിച്ച നിരക്കിൽ ഫാക്ടറികൾക്ക് മാമ്പഴം വിൽക്കാൻ പറ്റാത്ത സ്ഥിതിയാണ് വന്നുചേർന്നത്. കർണാടകത്തിൽ നിന്ന് മാമ്പഴലോറികൾ ഇടതടവില്ലാതെ ചിറ്റൂരിൽ എത്തിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിൽ കർണാടകത്തിൽ നിന്നും തമിഴ് നാട്ടിൽ നിന്നും ചിറ്റൂരിലേക്ക് മാമ്പഴം കൊണ്ടുവരുന്നത് ആന്ധ്രാപ്രദേശ് ഗവണ്മെന്റ് നിരോധിച്ചു. ജില്ലയിലേക്കുള്ള റോഡുകളിൽ പുതിയ ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് റവന്യൂ, പോലീസ്, വനം, മാർക്കറ്റിങ് വകുപ്പുകൾ പരിശോധന കർശനമാക്കിയത് മൂലം കർണാടകത്തിലെ കർഷകരാണ് വലഞ്ഞത്. നഷ്ടം സഹിച്ച് കുറഞ്ഞ വിലയ്ക്ക് തോത്താപുരി മാമ്പഴം ചിറ്റൂരിലെ ഫാക്ടറികൾക്ക് നൽകാൻ അവർ തയ്യാറാണെങ്കിലും അത് സാധിക്കുന്നില്ല. മെയ്‌- ജൂലൈ ആണ് തോത്താപുരി മാമ്പഴത്തിന്റെ വിളവെടുപ്പ് സീസൺ. പാകമായ മാമ്പഴം കെട്ടിക്കിടന്ന് നശിക്കുകയാണ്. ഈ മാമ്പഴം വൻതോതിൽ വിറ്റഴിക്കാൻ ചിറ്റൂരല്ലാതെ മറ്റുവിപണിയില്ല. ഈ നിരോധനം ഫെഡറൽ വ്യവസ്ഥക്ക് നിരക്കാത്തതാണെന്നും ഉടനെ പിൻവലിക്കണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് കത്തെഴുതിയിട്ടുണ്ട്. വിപണി ആന്ധ്രയിലായതിനാൽ താങ്ങുവില നിശ്ചയിക്കാനോ സബ്‌സിഡി നൽകാനോ കർണാടകത്തിന് കഴിയില്ല. ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. പ്രശ്നത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് ചൗഹാനും സിദ്ധരാമയ്യ കത്തയച്ചിട്ടുണ്ട്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img