
ദോഹ: രാജ്യത്ത് ആടുകളെയും ചെമ്മരിയാടുകളെയും മേയ്ക്കുന്നതിനുള്ള (Grazing) നിരോധനം നീക്കിയതായി ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അറിയിച്ചു. 2025-ലെ 15-ാം നമ്പർ മന്ത്രിതല തീരുമാനപ്രകാരമാണ് ഈ നടപടി. എന്നാൽ ഒട്ടകങ്ങളെ മേയ്ക്കുന്നതിനുള്ള നിരോധനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
സസ്യജാലങ്ങളുടെ സംരക്ഷണത്തിനും പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിനുമായി എല്ലാ വർഷവും ഡിസംബർ 1 മുതൽ മാർച്ച് 15 വരെയാണ് മേച്ചിൽ നിരോധനം ഏർപ്പെടുത്താറുള്ളത്. ഈ കാലയളവ് അവസാനിച്ചതിനെത്തുടർന്നാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ആടുകൾക്ക് അനുമതി നൽകിയെങ്കിലും ഒട്ടകങ്ങളെ മേയ്ക്കുന്നതിനുള്ള നിരോധനം നീട്ടിയിട്ടുണ്ട്.
മേഖലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് കന്നുകാലി ഉടമകൾക്കും ഇടയന്മാർക്കും മന്ത്രാലയം പ്രത്യേക ജാഗ്രതാനിർദ്ദേശം നൽകി. അപകട സൂചന നൽകുന്ന സൈറണുകൾ (Warning Sirens) മുഴങ്ങുമ്പോൾ ഉടൻ തന്നെ തുറസ്സായ സ്ഥലങ്ങളിൽ നിന്ന് മാറി സുരക്ഷിതമായ ഇടങ്ങളിലേക്ക് നീങ്ങണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.അധികൃതർ നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സ്വന്തം സുരക്ഷയ്ക്കും കന്നുകാലികളുടെ സുരക്ഷയ്ക്കും മുൻഗണന നൽകണമെന്നും മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക 'X' പ്ലാറ്റ്‌ഫോമിലൂടെ ഓർമ്മിപ്പിച്ചു.











