
ക്വറ്റ: പാകിസ്താൻ സുരക്ഷാസേനയ്ക്കെതിരായ ആക്രമണങ്ങൾ ശക്തമാക്കി വിഘടനവാദി സംഘടനയായ ബലൂചിസ്താൻ ലിബറേഷൻ ആർമി. എട്ടുദിവസത്തിനിടെ ബലൂചിസ്താന്റെ വിവിധ ഭാഗങ്ങളിലായി 22 ആക്രമണങ്ങൾ നടത്തിയെന്നും 26 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു.
കലാത്ത്, സൂറബ് മേഖലകളിൽ നടത്തിയ ഐ.ഇ.ഡി. സ്ഫോടനങ്ങളിൽ 20 സൈനികർ കൊല്ലപ്പെട്ടതായാണ് ബി.എൽ.എയുടെ വാദം. ചഗായ്, ഖാരൻ, പഞ്ച്ഗൂർ എന്നിവിടങ്ങളിലെ പൊലീസ്, സുരക്ഷാ കേന്ദ്രങ്ങൾക്കുനേരെയും ആക്രമണമുണ്ടായതായി സംഘടന അറിയിച്ചു. നുഷ്കി, തുർബത്ത്, ക്വറ്റ എന്നിവിടങ്ങളിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വവും ബി.എൽ.എ ഏറ്റെടുത്തു.
ചഗായിൽ റെയിൽവേ പാളം തകർത്തതായും ചരക്ക് വാഹനങ്ങൾ ആക്രമിച്ചതായും സംഘടന അവകാശപ്പെട്ടു. ബലൂചിസ്താനിൽ അക്രമസംഭവങ്ങൾ വർധിക്കുന്നതിനിടെയാണ് പുതിയ അവകാശവാദങ്ങൾ പുറത്തുവന്നത്.
ബലൂച് സൈന്യത്തിൽ ഏകദേശം ഒരു ലക്ഷം സജീവ അംഗങ്ങളുണ്ടെന്നും ഇവർക്ക് ജനങ്ങളുടെ പിന്തുണയുണ്ടെന്നും ബലൂച് നേതാവ് മിർ യാർ ബലൂച് പറഞ്ഞു. ഗറില്ലാ യുദ്ധത്തിലും തെരുവ് പോരാട്ടത്തിലും പരിശീലനം നേടിയവരാണ് ഇവരെന്നും പാക് സൈനിക പോസ്റ്റുകളിൽനിന്ന് പിടിച്ചെടുക്കുന്ന ആയുധങ്ങളാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. സംഘടനയുടെ സൈനിക ശേഷിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അദ്ദേഹം പുറത്തുവിട്ടിട്ടില്ല.
അക്രമം വർധിക്കുന്നു
2025 മുതൽ ബലൂചിസ്താനിൽ അക്രമസംഭവങ്ങൾ വർധിച്ചതായാണ് വിവിധ റിപ്പോർട്ടുകൾ. പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പീസ് സ്റ്റഡീസിന്റെ കണക്കുകൾ പ്രകാരം 2025ൽ മേഖലയിൽ 254 ആക്രമണങ്ങളിലായി 1,026 പേർ കൊല്ലപ്പെട്ടു. മുൻവർഷത്തെ അപേക്ഷിച്ച് ആക്രമണങ്ങളിൽ 26 ശതമാനം വർധനയാണിത്.
അതേസമയം, 2025ൽ 521 ആക്രമണങ്ങൾ നടത്തിയെന്നും 1,060 പാക് സൈനികരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെടുന്നു.
ബലൂചിസ്താന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ബി.എൽ.എ അവകാശപ്പെടുന്നു. പാകിസ്താനിൽനിന്ന് പൂർണ സ്വാതന്ത്ര്യമാണ് സംഘടനയുടെ ലക്ഷ്യം. സ്വതന്ത്ര ബലൂചിസ്താൻ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ദേശീയ പതാക, ദേശീയ ഗാനം, ‘ബലൂചി ഫാലുസ്’ എന്ന പേരിലുള്ള കറൻസി എന്നിവ അവതരിപ്പിച്ചിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു.
പൂർണ സ്വാതന്ത്ര്യം നേടുന്നതുവരെ സായുധ പോരാട്ടം തുടരുമെന്ന നിലപാടും ബി.എൽ.എ ആവർത്തിച്ചു വ്യക്തമാക്കി.










