
കർണാടകം: ബംഗളുരു നഗരസഭകളിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. മന്ത്രിസഭയുടെ ശുപാർശ പരിഗണിച്ചാണ് ഈ തീരുമാനം. സുപ്രീം കോടതി ഉത്തരവ് പ്രകാരം ഈ വർഷം ജൂൺ 30ന് മുമ്പായി തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. നിയമപ്രശ്നങ്ങൾ മൂലം 2015 ന് ശേഷം ബ്രഹദ് ബംഗളുരു മഹാനഗര പാലികെ എന്ന ബിബിഎംപിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഇപ്പോൾ ബിബിഎംപി നിലവിലില്ല. സംസ്ഥാന ഗവണ്മെന്റ് ഏതാനും മാസം മുമ്പ് ബിബിഎംപി പിരിച്ചുവിട്ടു. പകരം മുഖ്യമന്ത്രി ചെയർമാനായ ഗ്രേറ്റർ ബംഗളുരു അതോറിറ്റി(ജിബിഎ) എന്ന സംവിധാനത്തിന്റെ കീഴിൽ ബംഗളുരു സെൻട്രൽ, ഈസ്റ്റ്, വെസ്റ്റ്, നോർത്ത്, സൗത്ത് എന്നിങ്ങനെ അഞ്ച് സിറ്റി കോർപറേഷനുകൾ രൂപീകരിച്ചു. പഴയ ബിബിഎംപിയുടെ കൂടെ വികാസം പ്രാപിച്ച ഗ്രാമപ്രദേശങ്ങൾ കൂട്ടിച്ചേർത്തുകൊണ്ടാണ് അഞ്ചു നഗരസഭകൾ രൂപീകരിച്ചിട്ടുള്ളത്. ബിബിഎംപിയ്‌ക്ക് 198 വാർഡുകളാണ് ഉണ്ടായിരുന്നത്. പുതിയ അഞ്ച് നഗരസഭകൾക്കും കൂടി 369 വാർഡുകൾ ഉണ്ടായിരിക്കും. നഗരത്തിന്റെ വിസ്തൃതി ഏതാണ്ട് ഇരട്ടിയായി വർധിച്ചിരിക്കുന്നു. വോട്ടിങ് യന്ത്രത്തെക്കുറിച്ചുള്ള സംശയം വിട്ടുമാറാത്ത, വോട്ടൂചോരി വിവാദമുയർത്തുന്ന കോൺഗ്രസ്സ് പാർട്ടിയാണ് സംസ്ഥാനം ഭരിക്കുന്നത്. ബംഗളുരു നഗരസഭാ തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കാൻ ഇലക്ഷൻ കമ്മീഷനോട് ആവശ്യപ്പെടുമെന്ന് ഏതാനും മാസം മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. പിന്നീടത് മന്ത്രിസഭയുടെ ശുപാർശയായി വന്നു. അതാണ് ഇലക്ഷൻ കമ്മീഷൻ സർവ്വകക്ഷി യോഗത്തിൽ അംഗീകരിച്ചത്. ബാലറ്റ് പേപ്പർ ദേശീയ ഇലക്ഷൻ കമ്മീഷൻ നിരോധിച്ചിട്ടില്ലെന്നും സുപ്രീം കോടതി ഉത്തരവ് പ്രകാരം ബാലറ്റ് ഉപയോഗിക്കുന്നതിനു തടസ്സമില്ലെന്നും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ വിശദീകരിച്ചത് പ്രതിപക്ഷ പാർട്ടികളും അംഗീകരിക്കുകയായിരുന്നു. അഞ്ചു നഗരസഭകളിലും കൂടി 88,91,414 വോട്ടർമാരുണ്ട്. ബാലറ്റിലേക്ക് മാറുമ്പോൾ വോട്ട് രേഖപ്പെടുത്താനും ഫലം പ്രഖ്യാപിക്കാനും സമയമേറെ എടുത്തേക്കും. മെയ് 25 ന് ശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് കമ്മീഷൻ ഉദ്ദേശിക്കുന്നത്.
Photo Courtesy - Google











