08:24pm 03 September 2026
NEWS
ഹരികുമാർ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്ന് ശ്രീതു
01/02/2025  04:03 PM IST
nila
ഹരികുമാർ തനിക്ക് മൂത്തമകനെപ്പോലെയായിരുന്നുവെന്ന് ശ്രീതു

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന്റെ മൊഴിയെടുത്തു. തിരുവനന്തപുരത്ത് പൂജപ്പുര മഹിളാ മന്ദിരത്തിലെത്തിയാണ് പൊലീസ് യുവതിയുടെ മൊഴിയെടുത്തത്. തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയ സഹോദരൻ തനിക്ക് മൂത്ത മകനെപോലെയെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. അന്തർമുഖനായിരുന്നു പ്രതി ഹരികുമാറെന്നും യുവതി പൊലീസിനോട് പറഞ്ഞു. 

ഹരിക്ക് സുഹൃത്തുക്കളും പുറത്ത് ബന്ധങ്ങളുമൊക്കെ കുറവായിരുന്നതിനാൽ കൂടുതൽ സമയവും വീട്ടിലായിരുന്നു. അപ്പോഴൊക്കെ മൂത്തമകനെപ്പോലെ അവനെ നോക്കിയിട്ടുണ്ട്. മക്കളുണ്ടായ ശേഷവും മക്കളെക്കാൾ സ്‌നേഹം അവനാണ് നൽകിയതെന്നും ശ്രീതു പറഞ്ഞു. അതേസമയം, എന്തിനാണ് ഹരികുമാർ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. 

കുഞ്ഞിന്റെ അമ്മ ശ്രീതുവും അറസ്റ്റിലായ അമ്മാവൻ ഹരികുമാറും തമ്മിലുള്ള ബന്ധവും ഇടപാടുകളും സംബന്ധിച്ച് നിലനിൽക്കുന്ന അവ്യക്തതയാണ് പൊലീസിനെ കുഴയ്ക്കുന്നത്. കുഞ്ഞിന്റെ അമ്മാവനായ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്നു പൊലീസ് പറയുമ്പോഴും എന്തിനാണ് കൊലപാതകം നടത്തിയതെന്നും കൃത്യത്തിൽ കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോ എന്ന കാര്യത്തിലും വ്യക്തത കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

നിഗൂഢസ്വഭാവമാണ് രണ്ടു പേർക്കുമെന്നാണ് പൊലീസും പറയുന്നത്. ഒരേ വീട്ടിൽ തൊട്ടടുത്ത മുറികളിൽ ഇരുന്ന് രാത്രിയും പകലുമൊക്കെ ഇവർ പരസ്പരം അയച്ച ശബ്ദസന്ദേശങ്ങളൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. പല മെസേജുകളും ഡിലീറ്റ് ചെയ്തിട്ടുമുണ്ട്. ഈ വാട്‌സാപ് ചാറ്റ് കേന്ദ്രീകരിച്ചാണ് കൊലപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്താനുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. സഹോദരിയായ ശ്രീതുവിനോടുള്ള വൈരാഗ്യമാണ് കുഞ്ഞിനെ കൊല്ലാനുള്ള കാരണമെന്ന് ഹരികുമാർ പറയുന്നുണ്ടെങ്കിലും പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. സംഭവത്തിൽ ശ്രീതുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഭർത്താവ് ശ്രീജിത്ത് ആവശ്യപ്പെട്ടിട്ടുണ്ട്.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img