08:58am 30 April 2026
NEWS
ദേശീയ പുരസ്കാരങ്ങൾ അവസാന നിമിഷം അട്ടിമറിക്കപ്പെട്ടെന്ന് ബാലചന്ദ്രമേനോൻ
30/11/2025  06:22 AM IST
nila
 ദേശീയ പുരസ്കാരങ്ങൾ അവസാന നിമിഷം അട്ടിമറിക്കപ്പെട്ടെന്ന് ബാലചന്ദ്രമേനോൻ

തിരുവനന്തപുരം: സമാന്തരങ്ങൾക്ക് ലഭിക്കേണ്ട ദേശീയ പുരസ്കാരങ്ങൾ ജൂറിയിലെ ചില അംഗങ്ങൾ ചേർന്ന് അവസാന നിമിഷം തടഞ്ഞുവെന്ന ആരോപണം  ഉയർത്തി നടനും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. ഏകദേശം 30 വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ചാണ് ബാലചന്ദ്ര മേനോന്റെ വെളിപ്പെടുത്തൽ. ഈ സംഭവത്തെക്കുറിച്ചുള്ള ദേവേന്ദ്ര ഖണ്ഡേൽവാൾ എന്ന അന്നത്തെ ജൂറിയംഗത്തിന്റെ വെളിപ്പെടുത്തൽ വീഡിയോ പുറത്തുവെച്ചുകൊണ്ടായിരുന്നു മേനോന്റെ പ്രതികരണം. തന്റെ ആരോപണങ്ങൾക്ക് ആ വീഡിയോ തന്നെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമാജീവിതത്തിന്റെ അർദ്ധശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാധ്യമസമ്മേളനത്തിലാണ് ബാലചന്ദ്ര മേനോൻ ഇക്കാര്യം വെളിപ്പെടുത്തിയത്. എങ്കിലും, പുരസ്കാരം അട്ടിമറിക്കാൻ ഇടപെട്ട വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്താൻ മേനോൻ തയ്യാറായില്ല. 

‘പുരസ്കാരം സ്വീകരിക്കാൻ ഡൽഹിയിലെത്തിയ എന്നെ വന്നു പരിചയപ്പെട്ട ഖണ്ഡേൽവാൾ കുറ്റബോധത്തോടെ ഒരു ഭാരം ഇറക്കിവയ്ക്കാനുണ്ടെന്ന് അറിയിച്ചുകൊണ്ടാണ് ഇക്കാര്യം പറഞ്ഞത്. ബി.സരോജ ദേവി അധ്യക്ഷയായ ജൂറിയാണു പുരസ്കാരനിർണയം നടത്തിയത്. ഭാര്യ നിർമിച്ച ‘സമാന്തരങ്ങൾ’ക്കു മികച്ച സിനിമയ്ക്കും എനിക്കു മികച്ച സംവിധായകനും നടനുമുള്ള അവാർഡുകൾ നൽകാനായിരുന്നു ജൂറി തീരുമാനം. നടനുള്ള പുരസ്കാരം എനിക്കു മാത്രമായിരുന്നു. എന്നാൽ, തീരുമാനം ഉറപ്പിക്കുന്ന ഘട്ടമെത്തിയപ്പോൾ 3 പ്രധാന അവാർഡുകളും ഒരു സിനിമയ്ക്കു നൽകുന്നതിനെ എതിർത്തുകൊണ്ട് ഏതാനുംപേർ അട്ടിമറിച്ചെന്നു ഖണ്ഡേൽവാൾ പറഞ്ഞു. ആ അട്ടിമറിയിൽ മലയാളി ജൂറി അംഗവും ഉണ്ടായിരുന്നുവെന്നതു ഞെട്ടിച്ചെന്നും ഖണ്ഡേൽവാൾ വ്യക്തമാക്കി. പിന്നീടാണ് അക്കാര്യം അദ്ദേഹം ക്യാമറയ്ക്കു മുന്നിൽ പറഞ്ഞത്. പക്ഷേ, ഞാനത് ഇതുവരെ പരസ്യപ്പെടുത്തിയിരുന്നില്ല’– ബാലചന്ദ്ര മേനോൻ പറഞ്ഞു.

1997ലാണ് ‘സമാന്തരങ്ങൾ’ ദേശീയ പുരസ്കാരപ്പട്ടികയിൽ ഇടംനേടിയത്. മികച്ച കുടുംബക്ഷേമ ചിത്രത്തിനുള്ള പുരസ്കാരമാണു ലഭിച്ചത്. മികച്ച നടനുള്ള പുരസ്കാരം ബാലചന്ദ്ര മേനോനും സുരേഷ് ഗോപിയും (കളിയാട്ടം) പങ്കിട്ടു. കളിയാട്ടത്തിലൂടെ ജയരാജിനാണു സംവിധായകനുള്ള പുരസ്കാരം ലഭിച്ചത്. കന്നഡയിലെ ‘തായി സാഹെബ’ മികച്ച ചിത്രമായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img