
സൂക്ഷ്മാണുക്കൾ എന്ന വാക്ക് കേൾക്കുമ്പോൾ രോഗങ്ങളെക്കുറിച്ച് മാത്രം ചിന്തിച്ചിരുന്ന ഒരു കാലഘട്ടം നമുക്കുണ്ടായിരുന്നു. എന്നാൽ, ഗുണകാരികളായ ബാക്ടീരിയകൾക്ക് നമ്മുടെ ആരോഗ്യത്തിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് 'ബാസില്ലസ് സബ്ടിലിസ്' എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന ചിഹ്നമായി പ്രഖ്യാപിച്ചതിലൂടെ നാം തിരിച്ചറിയുന്നു. മനുഷ്യന്റെ ദഹനവ്യൂഹത്തിലും ചർമ്മത്തിലും സ്വാഭാവികമായി കാണപ്പെടുന്ന ഈ ബാക്ടീരിയ ഒരു മികച്ച 'പ്രോബയോട്ടിക്' ആയാണ് പ്രവർത്തിക്കുന്നത്.
ദഹനവും കുടലിന്റെ ആരോഗ്യവും
ബാസില്ലസ് സബ്ടിലിസ് നമ്മുടെ കുടലിനുള്ളിൽ ഒരു സുരക്ഷാ കവചമായി പ്രവർത്തിക്കുന്നു. ഇവ കുടലിലെ ആവരണത്തെ ശക്തിപ്പെടുത്തുകയും ദഹനപ്രക്രിയ സുഗമമാക്കുകയും ചെയ്യുന്നു. വായുക്ഷോഭം, മലബന്ധം തുടങ്ങിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. കൂടാതെ, കുടലിലെ നല്ല ബാക്ടീരിയകളുടെ എണ്ണം വർദ്ധിപ്പിക്കാനും ഹാനികരമായ ബാക്ടീരിയകളെ തുരത്താനും ഇത് സഹായിക്കുന്നു.
പ്രകൃതിദത്തമായ രോഗപ്രതിരോധശേഷി
നമ്മുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിൽ ഈ ബാക്ടീരിയ വലിയ പങ്ക് വഹിക്കുന്നു. ഇവ ആന്റിബോഡികളുടെ ഉത്പാദനം വർദ്ധിപ്പിക്കുകയും ശരീരത്തിൽ പ്രവേശിക്കുന്ന വൈറസുകൾക്കും മറ്റ് രോഗാണുക്കൾക്കുമെതിരെ പോരാടാൻ ശരീരത്തെ സജ്ജമാക്കുകയും ചെയ്യുന്നു.
ബാസില്ലസ് സബ്ടിലിസ് 'ബാസിട്രാസിൻ' പോലുള്ള പ്രകൃതിദത്ത ആന്റിബയോട്ടിക് സംയുക്തങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇത് ഹാനികരമായ സ്റ്റാഫൈലോകോക്കസ് പോലുള്ള ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കാനും, മരുന്നുകളെ പ്രതിരോധിക്കുന്ന 'സൂപ്പർ ബഗുകളെ' തടയാനും ഇത്തരം ഗുണകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണ്.
വിറ്റാമിനുകളുടെ ഉറവിടം
ശരീരത്തിന് ആവശ്യമായ ചില എൻസൈമുകളും വിറ്റാമിനുകളും (പ്രത്യേകിച്ച് വിറ്റാമിൻ K2 ഉത്പാദിപ്പിക്കാൻ ഈ ബാക്ടീരിയ സഹായിക്കുന്നു. ഇത് എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ഗുണകരമാണ്.
ബാസില്ലസ് സബ്ടിലിസിനെ സംസ്ഥാന സൂക്ഷ്മാണുവായി പ്രഖ്യാപിച്ചത് കേവലം ഒരു പദവി നൽകലല്ല, മറിച്ച് 'സൂക്ഷ്മാണുക്കൾ ജീവിതത്തിന്' എന്ന വലിയ സന്ദേശത്തിന്റെ ഭാഗമാണ്. നമ്മുടെ ശരീരത്തിലെ ഈ കുഞ്ഞൻ കാവൽക്കാരെ തിരിച്ചറിയുന്നതും സംരക്ഷിക്കുന്നതും സുസ്ഥിരമായ ആരോഗ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണ്.
എന്തുകൊണ്ട് ബാസില്ലസ് സബ്ടിലിസ് ?
സംസ്ഥാന സൂക്ഷ്മാണുവായി ആദ്യം ലാക്‌റ്റോബാസില്ലസ് വിഭാഗത്തെയാണ് പരിഗണിച്ചിരുന്നത്. ഇത് പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിന്റെ ജൈവവൈവിധ്യനയം അനുസരിച്ച്, നമ്മുടെ മണ്ണിന്റെ ഫലഭൂയിഷ്ഠതയ്ക്കും കൃഷിക്കും മനുഷ്യന്റെ ആരോഗ്യത്തിനും ഒരുപോലെ ഗുണകരമാകുന്നത് ആമരശഹഹൗ ൌെയശേഹശ െആണെന്ന കണ്ടെത്തലിലാണ് ജൈവവൈവിധ്യ ബോർഡ് അന്തിമമായി ഇതിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ലോകാരോഗ്യ സംഘടനയുടെ മനുഷ്യനും ജീവജാലങ്ങളും സസ്യങ്ങളും എല്ലാം ജീവന്റെ കാര്യത്തിൽ പരസ്പരം ബന്ധിതമാണെന്നുള്ള ഏക ആരോഗ്യം എന്ന കാഴ്ചപ്പാടിന് തികച്ചും യോജിച്ചതാണ് ബാസില്ലസ് സബ്ടിലിസ്.
നേരത്തെ പരിഗണനയ്ക്ക് വന്ന സൂക്ഷ്മണുക്കളെ ശാസ്ത്രജ്ഞരുടെ ചർച്ചകൾക്കൊടുവിൽ മാറ്റുകയാണ് ചെയ്തത്.











