
ദോഹ: കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും സോഷ്യൽ മീഡിയ പേജുകൾ തുറന്നാൽ കാണുന്നത് പകുതി മുഖം മാത്രം കാണുന്ന കുരുന്നുകളുടെ രസകരമായ ചിത്രങ്ങളാണ്! യാതൊരു വിശദീകരണവുമില്ലാതെ എത്തിയ ഈ ചിത്രങ്ങൾക്ക് പിന്നിലെ രഹസ്യം എന്താണെന്ന് അറിയാതെ ആശയക്കുഴപ്പത്തിലായ ഉപഭോക്താക്കൾക്ക് ഒടുവിൽ ഉത്തരം കിട്ടി; സംഗതി അബദ്ധത്തിൽ തുടങ്ങിയതാണെങ്കിലും സംഗതി ഇപ്പോൾ ട്രെൻഡിംഗ് വിപണന തന്ത്രമാണ്!
"റിയൽ ടൈം മാർക്കറ്റിംഗ്" (Real-time Marketing) തന്ത്രത്തിന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ "ബേബി സെൽഫി" (Baby Selfie) ട്രെൻഡിന് പിന്നിലെ കൗതുകകരമായ കഥയിങ്ങനെയാണ്.
സൗദി അറേബ്യയിലെ പ്രമുഖ അബായാ ബ്രാൻഡായ 'സഹാബ അബായ' (Sahaba Abaya) എന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക പേജിൽ നിന്നാണ് ഈ ട്രെൻഡിന്റെ തുടക്കം. സ്ഥാപനത്തിന്റെ ഉടമയായ അമ്മ മൊബൈൽ ഫോൺ അറിയാതെ മാറ്റിവെച്ച സമയം നോക്കി അവരുടെ കുഞ്ഞു മകൻ ഫോണെടുത്ത് കളിക്കുകയും, തന്റെ പകുതി മുഖം വരുന്ന രീതിയിൽ ഒരു സെൽഫിയെടുത്ത് അക്ഷരത്തെറ്റുകളുള്ള അടിക്കുറിപ്പോടെ കമ്പനിയുടെ ഔദ്യോഗിക അക്കൗണ്ടിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പോസ്റ്റ് ഡിലീറ്റ് ചെയ്ത് മാനേജ്‌മെന്റ് ഖേദിക്കുന്നതിന് പകരം, പോസ്റ്റിന് താഴെ ചിരിയും സ്നേഹവും നിറഞ്ഞ കമന്റുകളുടെ പ്രവാഹമായിരുന്നു! "കുഞ്ഞു ഹീറോയെ ശിക്ഷിക്കരുത്", "ഇന്ന് അവൻ പോസ്റ്റ് ചെയ്ത സ്ഥിതിക്ക് ഞങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ട് തരണം" എന്നൊക്കെയായിരുന്നു ഉപഭോക്താക്കളുടെ തമാശരൂപേണയുള്ള പ്രതികരണങ്ങൾ.ഈ സംഭവം വൈറലായതോടെ ഖത്തറിലെയും ഗൾഫിലെയും പ്രമുഖ റെസ്റ്റോറന്റുകൾ, കഫേകൾ, ഷോപ്പിംഗ് മാളുകൾ, സർവീസ് പ്രൊവൈഡർമാർ എന്നിവരെല്ലാം സംഗതി ഏറ്റെടുത്തു. തങ്ങളുടെ ഔദ്യോഗിക പേജുകളിൽ കുട്ടികൾ അബദ്ധത്തിൽ ഫോണെടുത്ത് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത മട്ടിൽ, പകുതി മുഖമുള്ള സെൽഫികൾ പങ്കുവെച്ചുകൊണ്ട് സ്ഥാപനങ്ങൾ പരസ്യ പ്രചാരണം നടത്തുകയായിരുന്നു.
ആളുകളുടെ ശ്രദ്ധ എളുപ്പത്തിൽ ആകർഷിക്കാനും സോഷ്യൽ മീഡിയയിൽ കമന്റുകളിലൂടെ ഉപഭോക്താക്കളുമായി കൂടുതൽ അടുപ്പമുണ്ടാക്കാനും ഈ ലളിതമായ തമാശയിലൂടെ സാധിച്ചുവെന്ന് മാർക്കറ്റിംഗ് വിദഗ്ധർ വിലയിരുത്തുന്നു.











