
മേൽമൂടിയില്ലാത്ത കിണറ്റിൽ വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം നേമത്താണ് സംഭവം. സുമേഷ്- ആര്യ ദമ്പതികളുടെ മകൻ ധ്രുവനാണ് മരിച്ചത്. സംസാരശേഷിയില്ലാത്ത കുട്ടിയാണ് ധ്രുവൻ. കഴിഞ്ഞ ദിവസം വൈകിട്ട് കിണറ്റിൽ പാവക്കുട്ടിയെ തിരയുന്നതിനിടെ കുട്ടി കാൽവഴതി വീണതാകാമെന്നാണ് സംശയിക്കുന്നത്. ധ്രുവനെ കാണാത്തതിനെ തുടർന്ന് അമ്മ നടത്തിയ തിരച്ചിലിനൊടുവിലാണ് കിണറ്റിൽ കുട്ടിയെ കിണറ്റിനുള്ളിൽ കണ്ടെത്തിയത്.
ഇന്നലെ നഴ്സറിയിൽ നിന്നെത്തിയതിന് പിന്നാലെ കുട്ടി വീട്ടുമുറ്റത്ത് രണ്ടുവയസുള്ള സഹോദരി ധ്രുവികയോടൊപ്പം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് കുട്ടി കിണറിന് സമീപത്തേക്ക് പോയത്. പെയിന്റിംഗ് തൊഴിലാളിയായ അച്ഛൻ സുമേഷ് ജോലിക്ക് പോയിരിക്കുകയായിരുന്നു. അമ്മ തുണികൾ കഴുകിക്കൊണ്ടിരിക്കുകയായിരുന്നു. ആര്യ തിരികെ എത്തിയപ്പോഴാണ് ധ്രുവനെ കാണാനില്ലെന്ന് മനസിലായത്.
തുടർന്ന് സംശയം തോന്നിയാണ് കിണറ്റിൽ പരിശോധന നടത്തിയത്. ഒരു മണിക്കൂറോളം കുട്ടി കിണറ്റിൽ കിടന്നിരുന്നു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.











