
മരിച്ചെന്ന് ഡോക്ടർമാർ ഉറപ്പുവരുത്തിയ നവജാത ശിശു അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെയെത്തി. അടക്കം ചെയ്യുന്നതിന് തൊട്ടുമുമ്പ് കുഞ്ഞ് കരയുകയായിരുന്നു. ഉടൻതന്നെ ബന്ധുക്കൾ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മഹാരാഷ്ട്രയിലെ അംബജോഗൈയിലെ സ്വാമി രാമനാഥതീർഥ ഗവ. ആശുപത്രിയിലെ ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ നവജാതശിശുവാണ് 12 മണിക്കൂറിനുശേഷം ജീവിതത്തിലേക്ക് തിരികെവന്നത്.
ജൂലായ് ഏഴിന് രാത്രിയിലാണ് യുവതി കുഞ്ഞിന് ആശുപത്രിയിൽ ജന്മംനൽകുന്നത്. എന്നാൽ, എട്ടുമണിയോടെ കുട്ടി മരിച്ചെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് കുട്ടിയുടെ സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ഗ്രാമത്തിലേക്കു കൊണ്ടുപോയി. പിറ്റേന്ന് മൃതദേഹം സംസ്കരിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെ കുട്ടിയുടെ മുഖം അവസാനമായി കാണണമെന്ന് മുത്തശ്ശി ആവശ്യപ്പെടുകയും മുഖം മറച്ചിരുന്ന തുണി മാറ്റിയപ്പേൾ കുഞ്ഞ് കരയുകയുമായിരുന്നു. ഉടൻതന്നെ അവർ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ ആരംഭിച്ചു.
ജനിച്ചശേഷം കുഞ്ഞിൽ ജീവന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരുന്നുകളോട് പ്രതികരിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 27 ആഴ്ച ഭ്രൂണവളർച്ചയുള്ളപ്പോഴാണ് യുവതി ആശുപത്രിയിലെത്തിയത്. പ്രസവത്തിൽ സങ്കീർണതകൾ ഉണ്ടായിരുന്നെന്ന് ഡോക്ടർ പറയുന്നു. ജനിക്കുമ്പോൾ കുഞ്ഞിന് 900 ഗ്രാം ഭാരംമാത്രമാണുണ്ടായിരുന്നത്. മരുന്നുകളോട് പ്രതികരിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരിച്ചെന്ന് കരുതിയതെന്ന് ഡോക്ടർ പറഞ്ഞു. നിലവിൽ സംഭവത്തെക്കുറിച്ചന്വേഷിക്കുന്നതിന് അന്വേഷണ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ടെന്നും കുറ്റക്കാരെന്നു കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. കുഞ്ഞിന്റെ കുടുംബം പോലീസിലും പരാതി നൽകിയിട്ടുണ്ട്.











