
മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി നാലുമാസം പ്രായമുള്ള പെൺകുഞ്ഞ് മരിച്ചു. പാലക്കാട് മീനാക്ഷിപുരത്താണ് സംഭവം. സർക്കാർപതി ഉന്നതിയിൽ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് മരിച്ചത്. ഇവരുടെ ആദ്യകുട്ടിയും സമാനമായ രീതിയിലാണ് മരിച്ചത്. ജനിച്ച് 45-ാം ദിവസമാണ് ഇവരുടെ ആദ്യകുഞ്ഞ് മുലപ്പാൽ ശ്വാസനാളത്തിൽ കുടുങ്ങി മരിച്ചത്.
ശനിയാഴ്ച്ച രാവിലെ മൂന്നുമണിയോടെ സംഗീത കുഞ്ഞിന് പാൽ നൽകിയിരുന്നു. പിന്നീട് നോക്കുമ്പോൾ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്നും സംഗീത പറഞ്ഞു. രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് മരിച്ചത്. മുലപ്പാൽ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പൊലീസ് പറഞ്ഞു.
അതേസമയം, ഇരവാളൻ സമുദായത്തിൽപ്പെട്ട തനിക്ക് ഗർഭിണിയായതുമുതൽ ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് സംഗീത പറയുന്നു. എന്നാൽ, ഗർഭിണിയായ വേളയിൽ കൊടുക്കേണ്ട കുത്തിവെപ്പുകൾ കൃത്യമായി കൊടുത്തിരുന്നുവെന്നും സംഗീതയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.











