
കൊച്ചി: ബിരുദ പരീക്ഷ പാസാകാത്ത വിദ്യാർഥിനിക്ക് ബിരുദാനന്തര ബിരുദത്തിന് പ്രവേശനം നൽകി എം.എ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും അനുവദിച്ച സംഭവത്തിൽ കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ വിവാദം. സർവകലാശാലയുടെ തുറവൂർ പ്രാദേശിക കേന്ദ്രത്തിലാണ് പ്രവേശന നടപടികളിലെ ഗുരുതര വീഴ്ച പുറത്തുവന്നത്.
2014-17 അക്കാദമിക വർഷത്തിൽ തുറവൂർ കേന്ദ്രത്തിൽ ബി.എ സംസ്കൃത സാഹിത്യം പഠിച്ച വിദ്യാർഥിനി ബിരുദ പരീക്ഷയിൽ വിജയിച്ചിരുന്നില്ല. എന്നാൽ, 2017ൽ ഇതേ കേന്ദ്രത്തിൽ എം.എ കോഴ്സിന് പ്രവേശനം നേടുകയും 2019ൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് എം.എ പാസായതിന്റെ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളും വിദ്യാർഥിനി കൈപ്പറ്റുകയും ചെയ്തു.
ബിരുദ സർട്ടിഫിക്കറ്റ് വാങ്ങുന്നതിനായി വിദ്യാർഥിനി സർവകലാശാലയിലെത്തിയപ്പോഴാണ് ബി.എ പരീക്ഷ പാസായിട്ടില്ലെന്ന വിവരം പരീക്ഷാ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഇതോടെ എം.എ പ്രവേശനത്തിന്റെ സാധുത സംബന്ധിച്ച ചോദ്യങ്ങളും ഉയർന്നു.
ഇതിനിടെ, ഈ വർഷം സെപ്റ്റംബറിൽ വിദ്യാർഥിനി അഞ്ചാം സെമസ്റ്റർ വിഷയങ്ങളുടെ പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകിയതായും കണ്ടെത്തിയിട്ടുണ്ട്. സർക്കാർ ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് സംഭവത്തിന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബിരുദ യോഗ്യതയില്ലാത്ത വിദ്യാർഥിനിക്ക് ഏത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എം.എ പ്രവേശനം അനുവദിച്ചതെന്ന് സർവകലാശാല വ്യക്തമാക്കണമെന്ന് ഓഡിറ്റ് വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.










