05:16am 28 October 2026
NEWS
ബി റിപ്പോർട്ട് അംഗീകരിച്ചില്ല; മുഡ കേസ് അന്വേഷണം തുടരാൻ ലോകായുക്ത പോലീസിന് പ്രത്യേകകോടതി നിർദ്ദേശം
16/04/2025  11:44 AM IST
വിഷ്ണുമംഗലം കുമാർ
ബി റിപ്പോർട്ട് അംഗീകരിച്ചില്ല; മുഡ കേസ് അന്വേഷണം തുടരാൻ ലോകായുക്ത പോലീസിന് പ്രത്യേകകോടതി നിർദ്ദേശം

കർണാടകം: മുഖ്യമന്ത്രി സിദ്ധരാമയ്യ ഒന്നാംപ്രതിയും അദ്ദേഹത്തിന്റെ ഭാര്യ പാർവ്വതി രണ്ടാംപ്രതിയും ഭാര്യാ സഹോദരൻ മൂന്നാംപ്രതിയുമായ മുഡ കേസ് ആ കുടുംബത്തെയും സംസ്ഥാനഭരണത്തെയും വീണ്ടും ചുറ്റിവരിയുകയാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ലോകായുക്ത പോലീസാണ് ജനപ്രതിനിധികൾക്കായുള്ള പ്രത്യേകകോടതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് മുഡ കേസ് അന്വേഷിച്ചത്. പരാതിയുമായി പ്രത്യേക കോടതിയെയും പിന്നീട് ഹൈക്കോടതിയെയും സമീപിച്ചത് വിവരാവകാശ പ്രവർത്തകൻ സ്നേഹമയീ കൃഷ്ണയാണ്. മുഖ്യമന്ത്രിയെ കുറ്റവിചാരണ ചെയ്യാൻ ഗവർണ്ണറുടെ അനുമതി വാങ്ങിയതിന് ശേഷമാണ് സ്നേഹമയീ കൃഷ്ണ കോടതിയിലെത്തിയത്. മുഖ്യമന്ത്രി സിദ്ധരാമയ്യ തടസ്സവാദം ഉന്നയിച്ചിരുന്നെങ്കിലും ഗവർണ്ണറുടെ അനുമതി ശരി വെച്ച ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മുഖ്യമന്ത്രിയുടെ കീഴിലുള്ള ലോകായുക്ത പോലീസ് മുഖ്യമന്ത്രിയ്ക്ക് എതിരായുള്ള കേസ് അന്വേഷിച്ചാൽ വസ്തുതകൾ പുറത്തുവരികയില്ലെന്ന് ചൂണ്ടിക്കാട്ടി, അന്വേഷണം നടത്താൻ സിബി ഐയ്ക്ക് നിർദ്ദേശം നൽകണമെന്ന അപേക്ഷയുമായി പരാതിക്കാരൻ വീണ്ടും ഹൈക്കോടതിയിൽ എത്തിയിരുന്നെങ്കിലും ലോകായുക്ത അന്വേഷണം നടക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. മുഖ്യമന്ത്രിയെയും ബന്ധുക്കളെയും കുറ്റ വിമുക്തരാക്കിക്കൊണ്ടുള്ള ബി റിപ്പോർട്ട് ലോകായുക്ത പ്രത്യേക കോടതിയിൽ സമർപ്പിച്ചത് സിദ്ധരാമയ്യയ്ക്കും കോൺഗ്രസ്സിനും ആശ്വാസം പകർന്നിരുന്നു. സിദ്ധരാമയ്യയോ ബന്ധുക്കളോ കുറ്റം ചെയ്തതായി സ്ഥാപിക്കാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് ബി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാൽ മുഡയിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന പരാമർശവും റിപ്പോർട്ടിലുണ്ട്. പരാതിക്കാരൻ ലോകായുക്തയുടെ നിഗമനങ്ങളെ എതിർത്തുകൊണ്ട് എതിർ സത്യവാങ് മൂലം നൽകി. അതിനിടയിൽ ഈ കേസ് അന്വേഷിച്ച ഇ ഡി നിരവധി തെളിവുകൾ പുറത്തുവിട്ടിരുന്നു. അതൊക്കെ സ്നേഹമയീ കൃഷ്ണ കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇ ഡി സത്യവാങ് മൂലം സമർപ്പിച്ചത് മുഖ്യമന്ത്രിയുടെ അഭിഭാഷകൻ എതിർത്തു. എന്നാൽ ഈ കേസ്സിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കാൻ ചുമതലയുള്ള ഇ ഡിയ്ക്ക് എതിർസത്യവാങ് മൂലം സമർപ്പിക്കാമെന്നും എന്നാൽ ലോകായുക്ത പോലീസ് അന്തിമറിപ്പോർട്ട് സമർപ്പിച്ചതിന് ശേഷമേ അത് പരിഗണിക്കുള്ളൂവെന്നും കോടതി വ്യക്തമാക്കി. പുതിയ തെളിവുകൾ ഹാജരാക്കിയ പരാതിക്കാരൻ ഒരു കാരണവശാലും ലോകായുക്തയുടെ ബി റിപ്പോർട്ട് അംഗീകരിക്കരുതെന്ന് വാദിച്ചു ( സ്നേഹമയി കൃഷ്ണ തന്നെയാണ് അദ്ദേഹത്തിന്റെ കേസുകൾ വാദിക്കുന്നത്). വിശദമായ വാദം കേട്ട കോടതി ബി റിപ്പോർട്ട് അംഗീകരിച്ചില്ല. അന്വേഷണം തുടരാൻ ലോകായുക്ത പോലീസിന് നിർദ്ദേശം നൽകിയ കോടതി കേസ് മെയ് 7ന് പരിഗണിക്കാൻ മാറ്റി. ബി റിപ്പോർട്ട് കോടതി അംഗീകരിക്കാത്തതും പരാതിക്കാരനും ഇ ഡിയും സുപ്രധാന തെളിവുകൾ സമർപ്പിച്ചതുമാണ് സിദ്ധരാമയ്യയ്ക്ക് വിനയായത്. പരാതിക്കാരനും ലോകായുക്തയും സമർപ്പിച്ച തെളിവുകൾ കണ്ടില്ലെന്ന് നടിക്കാൻ ലോകായുക്ത പോലീസിന് കഴിയില്ല. നിയമവിരുദ്ധമായി കൈക്കലാക്കിയ 3.16 ഏക്ര ഭൂമി പിന്നീട് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റി( മുഡ) ഏറ്റെടുത്തതായി കാണിച്ച്, വികസിത മേഖലയിൽ പാർവ്വതി ആവശ്യപ്പെട്ട പതിനാല് ഹൗസിങ് പ്ലോട്ടുകൾ അനുവദിച്ചു എന്നാണ് കേസ്. സംഭവം വിവാദമായതോടെ ഹൗസിങ് പ്ലോട്ടുകൾ പാർവ്വതി തിരിച്ചുനൽകിയെങ്കിലും കേസ് നിലനിൽക്കുകയാണ്. പരാതിക്കാരൻ സമർപ്പിച്ച തെളിവുകൾ നിങ്ങൾ കണ്ടില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് ലോകായുക്തയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് അന്വേഷണം തുടരാൻ കോടതി നിർദ്ദേശിച്ചത്. ജാതി സെൻസസ് റിപ്പോർട്ട് ചർച്ചയ്ക്ക് എടുക്കുക വഴി മുഖ്യമന്ത്രിക്കസേര ഭദ്രമാക്കിയ സിദ്ധരാമയ്യ വീണ്ടും സമ്മർദ്ദത്തിലാവുകയാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img