06:34pm 02 May 2026
NEWS
അസീംപ്രേംജി ഫൗണ്ടേഷൻ ബംഗളുരുവിൽ വൻകിട ആശുപത്രി സ്ഥാപിക്കുന്നു
19/01/2026  11:47 AM IST
വിഷ്ണുമംഗലം കുമാർ
അസീംപ്രേംജി ഫൗണ്ടേഷൻ ബംഗളുരുവിൽ വൻകിട ആശുപത്രി സ്ഥാപിക്കുന്നു

കർണാടക ഗവണ്മെന്റുമായി കൈകോർത്തുകൊണ്ട് അസീം പ്രേംജി ഫൗണ്ടേഷൻ ബംഗളുരുവിൽ ആയിരം കിടക്കകളുള്ള അവയവ മാറ്റ ആശുപത്രി സ്ഥാപിക്കുന്നു. വിപ്രോ ഗ്രൂപ്പ് ഉടമയായ വ്യവസായ പ്രമുഖൻ അസീം പ്രേംജിയുടെ പേരിലുള്ളതാണ് ഫൌണ്ടേഷൻ. അടുത്ത നാലുവർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നാലായിരം കോടി മുതൽമുടക്കിൽ അത്യാധുനിക സൗകര്യങ്ങളുള്ള  അവയവ മാറ്റ ആശുപത്രി നിർമ്മിക്കാനാണ് ഫൌണ്ടേഷൻ ഉദ്ദേശിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉടമ്പടി വിധാൻ സൗധയിൽ വെച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഫൌണ്ടേഷൻ സിഇഒ അനുരാഗ് ബെഹാറും തമ്മിൽ ഒപ്പുവെച്ചു. ബംഗളുരുവിലെ രാജീവ് ഗാന്ധി ആശുപത്രി പരിസരത്ത് ഇതിനായി സംസ്ഥാന ഗവണ്മെന്റ് പത്തേക്ര ഭൂമി അനുവദിച്ചിട്ടുണ്ട്. 99 വർഷത്തെ പാട്ടത്തിനാണ് ഭൂമി നൽകിയിട്ടുള്ളത്. കഴിഞ്ഞ കാൽനൂറ്റാണ്ട് കാലമായി ചാരിറ്റി രംഗത്ത് പ്രവർത്തിക്കുന്ന അസീം പ്രേംജി ഫൌണ്ടേഷൻ നിരവധി മേഖലകളിൽ അവരുടെ സേവനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഗവണ്മെന്റിനെ സഹായിക്കാനായി ഇപ്പോൾ ആരോഗ്യപരിരക്ഷയുടെ ഭാഗമായി അവയവമാറ്റ ആശുപത്രിയുടെ നിർമ്മാണത്തിലേക്ക് കടക്കുകയാണ്."സമൂഹത്തിന്റെ ആരോഗ്യ പരിരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം. ആരും രോഗബാധിതരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നും ആശാ വർക്കറിൽ നിന്നുമാണ് ആരോഗ്യസംരക്ഷണം ആരംഭിക്കുന്നത്. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ വർധിച്ച താല്പര്യം കാട്ടുന്ന ഒരു ഗവണ്മെന്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്" ഉടeമ്പടി ഒപ്പിടുന്ന ചടങ്ങിൽ അനുരാഗ് ബെഹാർ വ്യക്തമാക്കി. അസീം പ്രേംജി ഫൌണ്ടേഷന്റെ സമാനതകളില്ലാത്ത ചാരിറ്റി പ്രവർത്തനങ്ങളെ സിദ്ധരാമയ്യ പ്രകീർത്തിച്ചു. ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണജോലികൾ ഉടനെ ആരംഭിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img