01:59am 23 August 2026
NEWS
ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി
22/08/2026  05:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഗ്രീൻഫീൽഡിൽ അസറുദ്ദീന്റെ തൂക്കിയടി

​തിരുവനന്തപുരം: ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബാറ്റ് കൊണ്ട് കൊടുങ്കാറ്റ് തീർത്ത് ആലപ്പി റിപ്പിൾസ് ഉപനായകൻ മുഹമ്മദ് അസറുദ്ദീൻ. ട്രിവാൻഡ്രത്തിന്റെ ബൗളിങ് നിരയെ നിഷ്പ്രഭമാക്കിയ അസറുദ്ദീന്റെ വെടിക്കെട്ട് ഇന്നിങ്‌സിന്റെ മികവിൽ ആലപ്പി റിപ്പിൾസിന് എട്ട് വിക്കറ്റിന്റെ ആധികാരിക വിജയം. ആദ്യം മുതൽ അവസാനം വരെ ഒരേ താളത്തിൽ ആക്രമിച്ച് കളിച്ച അസർ  ട്രിവാൻഡ്രത്തിന്റെ പരാജയം അരക്കിട്ടുറപ്പിക്കുകയായിരുന്നു. ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച അസറുദ്ദീൻ 20 പന്തിലാണ് അർദ്ധ സെഞ്ച്വറി പൂർത്തിയാക്കിയത്. പിന്നീട് ഒമ്പത് പന്ത് കൂടി നേരിട്ട അസർ 68 റൺസ് കരസ്ഥമാക്കിയാണ് മടങ്ങിയത്. ​ അഞ്ച് കൂറ്റൻ സിക്സറുകളും എട്ട് ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

ആദ്യ ഓവറിൽ തന്നെ റോയൽസിന്റെ ബൗളർ വിനോദ് കുമാറിനെ ബൗണ്ടറി പായിച്ച് തുടങ്ങിയ അസർ പിന്നീടങ്ങോട്ട്  ബൗളർമാരെ നിർദയം കടന്നാക്രമിക്കുകയായിരുന്നു. വിനോദിന്റെ പന്തിൽ തന്നെയായിരുന്നു അസറിന്റെ ആദ്യ സിക്സറും പിറന്നത്. തൊട്ടടുത്ത ഓവറിൽ സിജോമോൻ ജോസഫിനെയും അതിർത്തി കടത്തിയതോടെ ട്രിവാൻഡ്രം ബൗളർമാർ ശരിക്കും വെള്ളംകുടിച്ചു. ഫോമിലേക്ക് ഉയർന്ന അസറുദ്ദീനെ പിടിച്ചുകെട്ടാൻ  റോയൽസിന്റെ ബൌളർമാർക്കായില്ല.

​ഓപ്പണിങ് വിക്കറ്റിൽ സക്സേനയും അസറും ചേർന്ന്  19 പന്തിൽ 33 റൺസാണ് അടിച്ചെടുത്തത്. പിന്നീട് സക്സേന മടങ്ങിയപ്പോൾ  ക്യാപ്റ്റൻ സച്ചിനൊപ്പം നിലയുറപ്പിച്ച  അസർ ടീമിന്റെ സ്കോറിങ് വേഗം ഉയർത്തി. ഇരുവരും ചേർന്ന് 31 പന്തിൽ  58 റൺസ് കരസ്ഥമാക്കി. അസറുദ്ദീന്റെ ഈ അത്യുഗ്രൻ ബാറ്റിങ് പ്രകടനത്തിന്റെ ബലത്തിലാണ്  അഞ്ച് ഓവറിൽ തന്നെ ആലപ്പിയുടെ സ്കോർ 60-ൽ എത്തിയത്. ഒടുവിൽ എട്ടാം ഓവറിൽ നിഖിൽ എമ്മിന്റെ പന്തിൽ അക്ഷയ്ക്ക് ക്യാച്ച് നൽകിയാണ് അസർ മടങ്ങുന്നത്.  അസറിന്റെ ഈ തകർപ്പൻ ഇന്നിങ്സിൻ്റെ മികവിൽ പുതിയ സീസണ് വിജയത്തോടെ തുടക്കമിട്ടിരിക്കുകയാണ് റിപ്പിൾസ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img